മിനിമം വോട്ടുവിഹിതം നേടാനാകാത്ത പാർട്ടികളുടെ എണ്ണത്തിൽ പത്തു വർഷത്തിനിടെ ഇരട്ടിയിലധികം വർധന
text_fieldsന്യൂഡൽഹി: 2010നും 21നും ഇടയിൽ രാജ്യത്ത് നിയമപരമായി രജിസ്റ്റർ ചെയ്തതും എന്നാൽ ദേശീയപാർട്ടിയാകാൻ വോട്ടുവിഹിതം ലഭിക്കാത്തതോ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതോ ആയ രാഷ്ട്രീയ പാർട്ടികളുടെ എണ്ണം രണ്ട് മടങ്ങിലധികം വർധിച്ചതായി റിപ്പോർട്ട്. തെരഞ്ഞെടുപ്പു രംഗത്ത് പ്രവർത്തിക്കുന്ന സർക്കാറിതര സംഘടനയായ അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തൽ.
പുതുതായി രജിസ്റ്റർ ചെയ്ത ശേഷം ഇലക്ഷൻ കമീഷന്റെ 'സ്റ്റേറ്റ് പാർട്ടി' അംഗീകാരം ലഭിക്കാനുള്ള വോട്ടുവിഹിതം ലഭിക്കാത്തതോ തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതോ ആയ പാർട്ടികളാണ് ഈ പട്ടികയിൽ ഉൾപ്പെട്ട ഒരു വിഭാഗം. നേരത്തെയുള്ള പാർട്ടികളിൽ 'സ്റ്റേറ്റ് പാർട്ടി' അംഗീകാരം ലഭിക്കാനുള്ള വോട്ട് വിഹിതം നേടാനാകാത്തവരും തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തവരും ഈ പട്ടികയിൽ ഉണ്ട്. ഇക്കഴിഞ്ഞ പാർലമെന്‍റ് തെരഞ്ഞെടുപ്പ് നടന്ന വർഷം ഇത്തരം പാർട്ടികളുടെ എണ്ണം വലിയ തോതിൽ കൂടിയിട്ടുണ്ട്.
റിപ്പോർട്ടനുസരിച്ച് 2010ൽ ഇത്തരത്തിൽ 'അംഗീകൃതമല്ലാത്ത' പാർട്ടികളുടെ എണ്ണം 1112 ആയിരുന്നു. 2019ൽ ഇത് 2,301 ആയും 2021 ആയപ്പോഴേക്കും പാർട്ടികളുടെ എണ്ണം 2,858ആയും വർധിച്ചിരിക്കുകയാണ്. ഇവയിൽ 230 പാർട്ടികൾ മാത്രമാണ് വാർഷിക ഓഡിറ്റ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇത്തരത്തിലുള്ള പാർട്ടികളിൽ പലതിന്റെ ഒാഡിറ്റ് റിപ്പോർട്ട് തെരഞ്ഞെടുപ്പ് കമീഷന്റെ സൈറ്റിൽ ലഭ്യമല്ലെന്നും എ.ഡി.ആർ റിപ്പോർട്ടിൽ പറയുന്നു. വേണ്ടത്ര വോട്ടു വിഹിതം നേടാനാകാത്ത പുതിയ പാർട്ടികൾ ഉണ്ടാകുന്നതും നിലവിലുള്ള പ്രാദേശിക പാർട്ടികളുടെ വോട്ടു വിഹിതം ഗണ്യമായി കുറയുന്നതും 'അംഗീകൃതമല്ലാത്ത' പാർട്ടികളുടെ എണ്ണം കൂടുന്നതിന് കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.