ഡിജിറ്റൽ മാധ്യമങ്ങൾക്ക് രജിസ്ട്രേഷൻ വരുന്നു
text_fieldsന്യൂഡൽഹി: പത്രമാധ്യമങ്ങൾക്ക് പുതിയ രജിസ്ട്രേഷൻ സമ്പ്രദായം തുടങ്ങാനും രാജ്യത്തെ ഡിജിറ്റൽ മീഡിയയെയും ഇതേ സംവിധാനത്തിന് കീഴിലാക്കാനുമുള്ള കേന്ദ്ര സർക്കാർ ബിൽ അന്തിമ ഘട്ടത്തിലേക്ക്.
നിലവിലുള്ള രീതിമാറ്റി പത്രങ്ങളും ആനുകാലിക പ്രസിദ്ധീകരണങ്ങളും പ്രസ് രജിസ്ട്രാർ ജനറലിന് കീഴിൽ രജിസ്റ്റർ ചെയ്യാൻ വ്യവസ്ഥചെയ്യുന്നതാണ് പുതിയ നിയമം.
ഡിജിറ്റൽ മീഡിയക്ക് നിയന്ത്രണം ഏർപ്പെടുത്തുന്ന പുതിയ നിയമം അത് ലംഘിച്ചാൽ നടപടി കൈക്കൊള്ളുമെന്നും വ്യക്തമാക്കുന്നു. നിലവിൽ സർക്കാറിന്‍റെ നിർവചനത്തിലോ നിയന്ത്രണത്തിലോ രാജ്യത്തെ ഡിജിറ്റൽ മാധ്യമങ്ങളില്ല. എന്നാൽ, പുതിയ നിയമ ഭേദഗതിയോടെ അവ പൂർണമായും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ നിയന്ത്രണത്തിൻ കീഴിലാകും.
പുതിയ നിയമം വന്ന് 90 ദിവസത്തിനകം ഡിജിറ്റൽ മാധ്യമങ്ങളെല്ലാം പ്രസ് രജിസ്ട്രാർ ജനറലിന് കീഴിൽ രജിസ്റ്റർ ചെയ്യേണ്ടിവരും. ചട്ടങ്ങൾ ലംഘിക്കുന്ന പത്ര, ഡിജിറ്റൽ മാധ്യമങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കുകയോ സസ്പെൻഡ് ചെയ്യുകയോ പിഴ ചുമത്തുകയോ ചെയ്യും.
പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ ചെയർപേഴ്സണെയും ഇതിൽ ഭാഗഭാക്കാക്കാനും ആലോചനയുണ്ട്.
'പത്ര ആനുകാലികങ്ങളുടെ രജിസ്ട്രേഷൻ ബിൽ' എന്ന് പേരിട്ട പുതിയ നിയമനിർമാണം ബ്രിട്ടീഷ് കാലം തൊട്ടുള്ള 1867ലെ പത്ര പുസ്തക രജിസ്ട്രേഷൻ നിയമത്തിന് പകരമാണ്. പത്രങ്ങളുടെ രജിസ്ട്രാറിന് പകരം പ്രസ് രജിസ്ട്രാർ ജനറൽ ആയിരിക്കുമുണ്ടാകുക.
പുതിയ നിയമനിർമാണവുമായി ബന്ധപ്പെട്ട് മന്ത്രാലയങ്ങൾ തമ്മിലും ബന്ധപ്പെട്ട കക്ഷികളുമായും ചർച്ചകൾ പൂർത്തിയായി.
ബിൽ പാർലമെന്‍റിൽ അവതരിപ്പിക്കാനായി മന്ത്രിസഭയുടെ അനുമതിക്ക് സമർപ്പിക്കുന്നതിനുള്ള ഒരുക്കത്തിലാണ് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം. പുസ്തകങ്ങൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള രീതിയും മാറും.
2019ൽ ബില്ലിന്‍റെ കരട് തയാറാക്കിയിരുന്നുവെങ്കിലും ഡിജിറ്റൽ മാധ്യമങ്ങളെ നിയന്ത്രിക്കാനുള്ള നീക്കമാണെന്ന വിവാദമുയർന്നതിനെ തുടർന്ന് പിന്നീട് അതിൽ പുരോഗതിയുണ്ടായിരുന്നില്ല. അതിന് ശേഷമാണ് ഇപ്പോൾ അന്തിമ രൂപം നൽകി വർഷകാല സമ്മേളനത്തിൽ അവതരിപ്പിക്കാൻ സർക്കാർ ഒരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.