'തമിഴ് പഠിക്കാൻ കഴിയാത്തത് ഏറെക്കാലമായി അലട്ടുന്ന സങ്കടം'
text_fieldsന്യൂഡൽഹി: തമിഴ് പഠിക്കാത്തതിെൻറ കുണ്ഠിതവുമായി 'മൻ കി ബാത്' പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി. തമിഴ്നാട്ടിൽ അടക്കം അഞ്ചിടത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച വേളയിലാണ് ആകാശവാണിയിലൂടെ നടത്തുന്ന പ്രഭാഷണത്തിൽ തമിഴ് കമ്പം മോദി പുറത്തെടുത്തത്.
ദീർഘകാലത്തെ തെൻറ രാഷ്്ട്രീയ ജീവിതത്തിൽ ഏറെക്കാലമായി അലട്ടുന്ന സങ്കടമാണ് തമിഴ് പഠിക്കാൻ കഴിയാത്തതെന്ന് മോദി പറഞ്ഞു. ലോകത്തെ ഏറ്റവും പഴക്കമുള്ള ഭാഷയിലെ കവിതയും സാഹിത്യവുമെല്ലാം ഏറെ പ്രശംസിക്കേണ്ടതാണ്.
മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും പ്രവർത്തിച്ചതിനിടയിൽ ഉണ്ടായിട്ടുള്ള നഷ്ടബോധത്തെക്കുറിച്ച് അപർണ റെഡി എന്ന ശ്രോതാവ് ചോദിച്ചതിനുള്ള മറുപടിയായാണ് തമിഴ് വശമാക്കാത്ത സങ്കടം മോദി വിവരിച്ചത്. തമിഴ് മനോഹരമായ ഭാഷയാണ്. ലോകമെങ്ങും അറിയുന്ന ഭാഷ. തമിഴ് സാഹിത്യത്തിെൻറ മേന്മയെക്കുറിച്ച് പലരും തന്നോട് പറഞ്ഞിട്ടുണ്ട് -അദ്ദേഹം പറഞ്ഞു.
തമിഴിനോടുള്ള കമ്പം മോദി പുറത്തെടുക്കുന്നത് ആദ്യമല്ല. പാർലമെൻറിൽ നടത്തിയ പല പ്രസംഗത്തിലും തമിഴ് സാഹിത്യ ശകലങ്ങൾ അവസരോചിതം എടുത്ത് ഉപയോഗിച്ചിട്ടുണ്ട്. തമിഴ് പറയാൻ കഴിയാത്തതിലെ ഖേദം 2018ൽ പരസ്യമായി പ്രകടിപ്പിച്ചിട്ടുമുണ്ട്. ന്യൂയോർക്കിൽ നടന്ന യു.എൻ പൊതുസഭയിൽ സംസാരിച്ചപ്പോഴും തമിഴ് കടന്നു വന്നു. ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങുമായി മോദി അനൗപചാരിക ഉച്ചകോടി നടത്തിയത് മഹാബലിപുരത്താണ്. തമിഴ് ശൈലിയിൽ വേഷ്ടി ധരിച്ചാണ് എത്തിയത്. തമിഴിനൊപ്പം മലയാളമടക്കം മറ്റു ഭാഷകളിൽ നിന്നുള്ള ഉദ്ധരണികളും പ്രസംഗങ്ങളിൽ എടുത്തു പറയുന്നത് മോദിയുടെ രീതിയാണ്.
ദ്രാവിഡ സംസ്കാരം വാഴുന്ന തമിഴ്നാട്ടിൽ പച്ചപിടിക്കാൻ ബി.ജെ.പിക്ക് ഇനിയും കഴിഞ്ഞിട്ടില്ല. ഇത്തവണ നിയമസഭ തെരഞ്ഞെടുപ്പിൽ എ.ഐ.എ.ഡി.എം.കെക്ക് ഒപ്പമാണ്. മഴവെള്ള സംഭരണം, ശാസ്ത്രദിന പ്രത്യേകതകൾ എന്നിങ്ങനെ വിവിധ വിഷയങ്ങളെ കേന്ദ്രീകരിച്ചായിരുന്നു മോദിയുടെ ഇത്തവണത്തെ മൻ കി ബാത്. കോവിഡ് വ്യാപനത്തിനെതിരെ ജാഗ്രത തുടരാൻ അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.