ഡീപ്ഫേക്ക് തടയാൻ നടപടി ഉടനെന്ന് ഐ.ടി മന്ത്രി; വ്യാജ ഫോട്ടോ നിർമിക്കുന്നവർ കുടുങ്ങും
text_fieldsന്യൂഡൽഹി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വ്യാപകമാവുന്നതിനിടെ ഡീപ്ഫേക്ക് നിയന്ത്രിക്കാൻ എത്രയും വേഗം നടപടികൾ സ്വീകരിക്കുമെന്ന് കേന്ദ്രസർക്കാർ. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളുമായും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടൂളുകളിൽ പ്രവർത്തിക്കുന്ന കമ്പനികളുമായും വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വാർത്താ സമ്മേളനത്തിൽ സംസാരിക്കവെയാണ് ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് ഇക്കാര്യം വ്യക്തമാക്കിയത്. ഡീപ്ഫേക്കുകൾ ജനാധിപത്യത്തിന് പുതിയ ഭീഷണിയായി ഉയർന്നുവന്നിരിക്കുന്നു. അത്തരം ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം അത് സൃഷ്ടിക്കുന്നവർക്കും അവ പോസ്റ്റ് ചെയ്യുന്ന പ്ലാറ്റ്‌ഫോമുകൾക്കുമായിരിക്കും. അവർ വലിയ പിഴയടക്കേണ്ടി വരുമെന്നും കേന്ദ്രമന്ത്രി മുന്നറിയിപ്പ് നൽകി.
ഡീപ്ഫേക്ക് എങ്ങനെ കണ്ടെത്താം, ഡീപ്ഫേക്കുകൾ പോസ്റ്റുചെയ്യുന്നതിൽ നിന്ന് ആളുകളെ എങ്ങനെ തടയും, അത്തരം ഉള്ളടക്കം വൈറലാകുന്നത് തടയാൻ കഴിയുമോ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ച ചെയ്തതായി മന്ത്രി പറഞ്ഞു.
ഏതെങ്കിലും ആപ്പിലെയോ വെബ്‌സൈറ്റിലെയോ ഉപയോക്താക്കൾക്ക് പ്ലാറ്റ്‌ഫോമിനെയും അധികാരികളെയും ഡീപ്ഫേക്കിനെക്കുറിച്ച് അറിയിക്കാൻ കഴിയും. അങ്ങനെ നടപടിയെടുക്കാം. പൊതുജനങ്ങൾക്കിടയിൽ അവബോധം വർധിപ്പിക്കുകയും അതിനായി സർക്കാരും വ്യവസായവും മാധ്യമങ്ങളും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും കേന്ദ്രമന്ത്രി സൂചിപ്പിച്ചു.
ഇത്തരം ഉള്ളടക്കത്തിന് പുതിയ നിയന്ത്രണം ആവശ്യമാണെന്ന് ചർച്ചകളിൽ നിന്ന് വ്യക്തമായി. ഇതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ നിയന്ത്രണത്തിന്റെ കരട് തയ്യാറാക്കാൻ ശ്രമിക്കുമെന്നും വൈഷ്ണവ് പറഞ്ഞു. ഡീപ്ഫേക്ക് തടയാൻ പുതിയ നിയമം കൊണ്ടുവരാനോ അല്ലെങ്കിൽ നിലവിലുള്ള നിയമം ഭേദഗതി ചെയ്യാനോ ആണ് കേന്ദ്രസർക്കാർ ഉദ്ദേശിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.