മാലേഗാവ് സ്ഫോടനക്കേസ്: തന്നെ ഒഴിവാക്കണമെന്ന പുരോഹിതിന്റെ ഹരജി തള്ളി
text_fieldsമുംബൈ: ആറു പേർ കൊല്ലപ്പെടുകയും നൂറിലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്ത 2008ലെ മാലേഗാവ് സ്ഫോടന കേസിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന പ്രതികളിലൊരാളായ ലഫ്റ്റ്നന്റ് കേണൽ പ്രസാദ് ശ്രീകാന്ത് പുരോഹിതിന്റെ ഹരജി ബോംബെ ഹൈകോടതി തള്ളി. ക്രിമിനൽ നിയമ നടപടിക്രമങ്ങൾ പാലിക്കാതെയാണ് തന്നെ പ്രോസിക്യൂട്ട് ചെയ്യാൻ തീരുമാനിച്ചതെന്ന പുരോഹിതിന്റെ വാദം തള്ളിയ കോടതി, പ്രതി ഔദ്യോഗിക ചുമതലയുടെ ഭാഗമായല്ല ഇതിൽ ഏർപ്പെട്ടതെന്ന് ചൂണ്ടിക്കാട്ടി. ബി.ജെ.പി എം.പി പ്രജ്ഞാസിങ് താക്കൂർ അടക്കമുള്ള ഏഴു പ്രതികളും നിലവിൽ ജാമ്യത്തിലാണ്.
കേസിൽ നിന്ന് ഒഴിവാക്കണെമന്നാവശ്യപ്പെട്ട് പുരോഹിതിന്റെ അഭിഭാഷകൻ മുന്നോട്ടുവെച്ച പ്രധാന വാദമായിരുന്നു, കോഡ് ഓഫ് ക്രിമിനൽ പൊസീജ്യർ (സിആർ.പി.സി) അനുസരിച്ചല്ല തന്നെ പ്രതിചേർത്തതെന്ന്. എന്നാൽ, ഔദ്യോഗിക ചുമതലയിൽ അല്ലാത്തതിനാൽ ഇത്തരമൊരു അനുമതിയുടെ ആവശ്യമില്ലെന്ന് ജസ്റ്റിസ് എ.എസ്. ഗഡ്കരി, ജസ്റ്റിസ് പ്രകാശ് നായിക് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. താൻ ഔദ്യോഗിക ചുമതലയിൽ ആയിരുന്നുവെന്ന പ്രതിയുടെ വാദം പരിഗണിക്കുകയാണെങ്കിൽ, എന്തുകൊണ്ട് സ്ഫോടനം ഒഴിവാക്കാനായില്ലെന്ന ചോദ്യം ബാക്കിയാണെന്നും കോടതി നിരീക്ഷിച്ചു.
നിയമവിരുദ്ധ പ്രവർത്തനം നടത്താനായി പുരോഹിത് കൂട്ടുപ്രതികളുമായി ചേർന്ന് നിരവധി യോഗങ്ങൾ സംഘടിപ്പിച്ചിരുന്നുവെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലെ മാലേഗാവിൽ 2008 സെപ്റ്റംബർ 29ന് മസ്ജിദ് പരിസരത്ത് ഉണ്ടായ ബോംബ് സ്ഫോടനത്തിൽ ഉപയോഗിക്കപ്പെട്ട ബൈക്ക്, പ്രജ്ഞാസിങ്ങിന്റെതാണെന്ന് കണ്ടെത്തിയതിനു പിന്നാലെയാണ് അവരെ അറസ്റ്റ് ചെയ്തത്. ആദ്യം മഹാരാഷ്ട്ര പൊലീസ് അന്വേഷിച്ച കേസ് പിന്നീട് എൻ.ഐ.എ ഏറ്റെടുക്കുകയായിരുന്നു. യു.എ.പി.എ അടക്കമുള്ള കുറ്റങ്ങളാണ് ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട് പ്രതികൾക്കെതിരെ ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.