പൗരത്വ പട്ടികയിൽനിന്ന് പുറത്താക്കിയവർക്ക് തിരസ്കരണ പത്രം നൽകണം; അസം സർക്കാറിന് കേന്ദ്രത്തിന്റെ നിർദേശം
text_fieldsഗുവാഹതി/ന്യൂഡൽഹി: നിലവിലെ രീതിയിൽ ദേശീയ പൗരത്വ പട്ടിക(എൻ.ആർ.സി) നടപ്പാക്കില്ലെന്ന് അസമിലെ ബി.ജെ.പി സർക്കാർ ആണയിടുന്നതിനിടെ ദേശീയ പൗരത്വ പട്ടിക(എൻ.ആർ.സി)യിൽ നിന്ന് പുറത്തായവർക്ക് തിരസ്കരണ പത്രം (റിജക്ഷൻ സ്ലിപ്) നൽകുന്ന പ്രക്രിയ അടിയന്തിരമായി പൂർത്തിയാക്കാൻ കേന്ദ്ര സർക്കാർ നിർദേശം. സ്ലിപ് ലഭിക്കുന്നതോടെ പൗരത്വം തെളിയിക്കുന്നതിന് നിയമ പോരാട്ടവുമായി മുന്നോട്ടുപോകാൻ പൂറത്തായവർ ബാധ്യസ്ഥരാകും.
സുപ്രിംകോടതി നിർദേശാനുസരണം 2019 ആഗസ്റ്റ് 31ന് പ്രസിദ്ധീകരിച്ച പട്ടികയുടെ അടിസ്ഥാനത്തിൽ പുറത്തായവർക്ക് സ്ലിപ് നൽകുന്ന പ്രക്രിയ ഇനിയും ആരംഭിച്ചിട്ടില്ലെന്ന് അസം അഭ്യന്തര സെക്രട്ടറിക്കയച്ച കത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ ചൂണ്ടിക്കാട്ടി. 2020 ഡിസംബറിനകം വിതരണം ചെയ്യാനാവശ്യപ്പെട്ട സ്ലിപ്പുകളാണിത്.
എൻ.ആർ.സി നടപടി പൂർത്തിയാക്കാൻ അസം സർക്കാർ അധികഫണ്ട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, നേരത്തേ അനുവദിച്ച 1602.66 കോടിയിൽ കൂടുതൽ നൽകാൻ വ്യവസ്ഥയില്ലെന്ന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ ജോയൻറ് ഡയറക്ടർ ജസ്പാൽ സിങ് അസം ആഭ്യന്തര സെക്രട്ടറി എസ്.ആർ ഭുയ്യാനെ അറിയിച്ചു.
അസമിലെ 3.29 കോടി പൗരത്വ അപേക്ഷകരിൽ 19 ലക്ഷത്തിൽ പരം പേരുടെത് തള്ളിക്കളയുകയായിരുന്നു. അവരെല്ലാവരും അന്തിമ പൗരത്വപട്ടികക്ക് പുറത്തായി. തങ്ങൾ പുറത്താണെന്ന് ഔദ്യോഗികമായി അറിയിക്കുന്ന സ്ലിപ്പ് കിട്ടുന്ന മുറക്ക് 120 ദിവസത്തിനകം ഇവർ പൗരത്വം തെളിയിക്കാൻ വിദേശികൾക്കുള്ള ട്രൈബ്യൂണലിനെ സമീപിക്കണമെന്നാണ് വ്യവസ്ഥ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.