1987 മുതൽ ബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ 73കാരനെതിരായ കേസ് റദ്ദാക്കി ഹൈകോടതി
text_fieldsമുംബൈ: 73കാരനെതിരായ ബലാത്സംഗ കേസ് റദ്ദാക്കി ഹൈകോടതി. 1987 മുതൽ ബലാത്സംഗത്തിനിരയാക്കിയെന്ന് ചൂണ്ടിക്കാട്ടി സ്ത്രീ നൽകിയ പരാതിയിലാണ് ബോംബെ ഹൈകോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഉഭയകക്ഷി സമ്മതപ്രകാരമാണ് ബന്ധമെന്ന് നിരീക്ഷിച്ചാണ് കോടതി കേസ് റദ്ദാക്കിയത്.
ജസ്റ്റിസ് എ.എസ് ഗഡ്കരി, നീല ഗോഖലെ എന്നിവരാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 2018ലാണ് ഇതുസംബന്ധിച്ച പരാതി നൽകിയത്. കേസ് നൽകാൻ താമസിച്ചത് സംബന്ധിച്ച് പരാതിക്കാരി വിശദീകരണം സമർപ്പിച്ചിട്ടില്ലെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ 31 വർഷമായി ഇരുവരും തമ്മിൽ ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിരുന്നുവെന്നും എന്നാൽ, ഇതിന് പരാതിക്കാരി എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. രണ്ട് പേരും തമ്മിലുള്ള ബന്ധം വഷളായതിന് ശേഷം കേസ് നൽകുന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ കേസെന്നും കോടതി വ്യക്തമാക്കി.
1987 ജൂലൈയിലാണ് പരാതിക്കാരി പ്രതിയുടെ കമ്പനിയിൽ ജോലിക്ക് ചേരുന്നത്. കമ്പനിയിൽ ചേർന്നതിന് പിന്നാലെ ഉടമ ഇവരെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്നാണ് പരാതി. പിന്നീട് 1987 മുതൽ 2017 വരെ 30 വർഷം പീഡനത്തിനിരയാക്കിയെന്നും പരാതിയിൽ പറയുന്നു. 1993ൽ താലിചാർത്തി രണ്ടാം ഭാര്യയാക്കിയെന്നും സ്ത്രീ ചൂണ്ടിക്കാട്ടി. 1996ൽ ഇയാൾക്ക് ഹൃദയാഘാതമുണ്ടായപ്പോൾ കമ്പനിയുടെ ചുമതലകൾ നോക്കിയത് താനാണെന്നും പരാതിയിൽ പറയുന്നു.
പിന്നീട് അർബുദബാധിതയായ അമ്മയെ പരിചരിക്കാൻ പോയി തിരിച്ചെത്തിയപ്പോൾ 73കാരൻ ഉപേക്ഷിച്ചുവെന്നും ബാങ്കിങ്, ആദായ നികുതി രേഖകളും സ്വർണവും നൽകാൻ വിസമ്മതിച്ചുവെന്നും പരാതിക്കാരി പറയുന്നു.
എന്നാൽ, കേസിലെ പ്രതിക്ക് ഭാര്യയുണ്ടെന്ന് പരാതിക്കാരിക്ക് അറിയാമായിരുന്നുവെന്നും കോടതി വ്യക്തമാക്കി. ആദ്യ ഭാര്യയെ വിവാഹമോചനം നടത്തുമെന്ന് പരാതിക്കാരൻ വാഗ്ദാനം ചെയ്തിട്ടില്ല. പരസ്പര സമ്മതത്തോടെയാണ് ഇരുവരും ബന്ധത്തിലേർപ്പെട്ടതെന്നും 31 വർഷത്തിനിടയിൽ പരാതി നൽകാൻ സ്ത്രീക്ക് അവസരങ്ങൾ ഉണ്ടായിരുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.