മുക്താർ അൻസാരിയെ വിഷം നൽകി കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കൾ; അന്വേഷണത്തിന് പ്രത്യേക സംഘം
text_fieldsലഖ്നോ: അഞ്ചുതവണ ഉത്തർപ്രദേശ് എം.എൽ.എയായിരുന്ന മുക്താർ അൻസാരിയുടെ (63) മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. അൻസാരിക്ക് ജയിലിൽവെച്ച് വിഷം നൽകിയതാണെന്ന് മകൻ ഉമർ അൻസാരി ആരോപിച്ചു. ഇക്കാര്യം ഉന്നയിച്ച് കോടതിയെ സമീപിക്കുമെന്നും ഉമർ അറിയിച്ചു. ചൊവ്വാഴ്ച വയറുവേദനയെത്തുടർന്ന് മുക്താർ അൻസാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴും ഇതേ ആരോപണവുമായി സഹോദരനും ഗാസിപൂർ എം.പിയുമായ അഫ്സൽ അൻസാരിയും രംഗത്തെത്തിയിരുന്നു. ജയിൽ ഭക്ഷണത്തിൽ കുറഞ്ഞ അളവിൽ വിഷം കലർത്തി നൽകിയെന്നാണ് ബന്ധുക്കളുടെ ആരോപണം. മൂന്നംഗ സംഘം മരണത്തെ കുറിച്ച് അന്വേഷിക്കുമെന്ന് വാർത്ത ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
തനിക്ക് ഭക്ഷണത്തോടൊപ്പം വിഷ പദാർഥം നൽകിയെന്നും മാർച്ച് 19ന് ഭക്ഷണം കഴിച്ച ശേഷം ഞരമ്പുകളും കൈകാലുകളും വേദനിക്കാൻ തുടങ്ങിയെന്നും അൻസാരി മാർച്ച് 20ന് വിഡിയോ കോൺഫറൻസിലൂടെ വിചാരണ കോടതിയെ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച് കോടതിക്ക് രേഖാമൂലം പരാതിയും നൽകിയിരുന്നു.
അൻസാരിയുടെ പരാതി അധികൃതർ ഗൗരവത്തിലെടുത്തില്ലെന്ന കുറ്റപ്പെടുത്തലുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസിയും ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും സമാജ്‍വാദി പാർട്ടിയുമെല്ലാം രംഗത്തെത്തിയിട്ടുണ്ട്.
എന്നാൽ, വിഷം നൽകിയെന്ന ആരോപണം അധികൃതർ നിഷേധിച്ചു. അൻസാരിയുടെ പോസ്റ്റ്‌മോർട്ടം വെള്ളിയാഴ്ച ബന്ദയിൽ നടക്കുമെന്നും അത് വിഡിയോയിൽ പകർത്തുമെന്നും പൊലീസ് അറിയിച്ചു. ആവശ്യമെങ്കിൽ ആന്തരികാവയവങ്ങൾ സൂക്ഷിക്കുമെന്നും അധികൃതർ പറഞ്ഞു.
ബന്ദയിലെ ജയിലിൽ കഴിഞ്ഞിരുന്ന അൻസാരിയെ ഛർദിയെത്തുടർന്ന് വ്യാഴാഴ്ച രാത്രിയാണ് ബന്ദ റാണി ദുർഗാവതി മെഡിക്കൽ കോളജിൽ എത്തിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. മരണത്തെത്തുടർന്ന് സംസ്ഥാനത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ബന്ദ, മൗ, ഗാസിപൂർ, വാരാണസി എന്നിവിടങ്ങളിൽ വൻ സുരക്ഷയൊരുക്കുകയും ചെയ്തിട്ടുണ്ട്.
മൗ സദാർ സീറ്റിൽനിന്ന് അഞ്ച് തവണ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ട അൻസാരി രണ്ടുതവണ ബി.എസ്.പി ടിക്കറ്റിലാണ് ജയിച്ചുകയറിയത്. അറുപതിലധികം ക്രിമിനൽ കേസുകളിൽ പ്രതിചേർക്കപ്പെട്ട അൻസാരി 2005ലാണ് ആദ്യം അറസ്റ്റ് ചെയ്യപ്പെടുന്നത്. 1996ൽ ബി.എസ്.പി ടിക്കറ്റിലാണ് മുഖ്താർ ആദ്യമായി എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടത്. പിന്നീട് 2002ലും 2007ലും സ്വതന്ത്ര സ്ഥാനാർഥിയായി ഈ മണ്ഡലത്തിൽ നിന്ന് ജയിച്ചു. 2007ൽ ബി.എസ്.പിയിൽ തിരിച്ചെത്തി 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും മത്സരിച്ചിരുന്നു.
ക്രിമിനൽ കേസുകളിൽ പ്രതിയായതിനെ തുടർന്ന് 2010ൽ ബി.എസ്.പിയിൽ നിന്ന് പുറത്താക്കപ്പെട്ടു. തുടർന്ന് ക്വാമി ഏകതാ ദൾ എന്ന സ്വന്തം പാർട്ടി രൂപവത്കരിച്ചു. 2012ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മൗ മണ്ഡലത്തിൽ നിന്ന് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. 2017ലാണ് അവസാനം മത്സരരംഗത്തുണ്ടായിരുന്നത്.
കൊലപാതകക്കേസിൽ ജയിലിലായ അൻസാരിക്ക് മൂന്ന് പതിറ്റാണ്ട് മുമ്പത്തെ വ്യാജ തോക്ക് ലൈസൻസ് കേസിൽ ദിവസങ്ങൾക്ക് മുമ്പ് വരാണസി പ്രത്യേക കോടതി ജീവപര്യന്തം തടവും രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. കള്ളപ്പണം വെളുപ്പിച്ച കേസുമായി ബന്ധപ്പെട്ട് മുക്താർ അൻസാരിയുടെ കോടികളുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നേരത്തെ കണ്ടുകെട്ടിയിരുന്നു. ഇതേകേസിൽ മകൻ അബ്ബാസ് അൻസാരി, ഭാര്യാ സഹോദരൻ ആതിഫ് റാസ എന്നിവരും അറസ്റ്റിലായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.