യാത്രനിയന്ത്രണത്തിൽ ഒടുവിൽ ഇളവ്; മറുനാടൻ മലയാളികൾക്ക് ആശ്വാസം
text_fieldsബംഗളൂരു: കോവിഡ് ആദ്യഘട്ട വ്യാപനത്തിനുശേഷം തുടങ്ങിയതാണ് കേരളത്തിനും കർണാടകക്കും ഇടയിലുള്ള യാത്ര നിയന്ത്രണവും തുടർന്നുള്ള പ്രതിസന്ധിയും. 2021 ഫെബ്രുവരി മുതലാണ് കോവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിക്കൊണ്ടുള്ള ഉത്തരവ് കർണാടക ഇറക്കിയതെങ്കിലും അതിനുമുമ്പും ക്വാറന്റീൻ ഉൾപ്പെടെ യാത്ര നിയന്ത്രണങ്ങൾ തുടർന്നിരുന്നു. കേരളത്തിൽനിന്നും കർണാടകയിൽ പഠിക്കുന്ന വിദ്യാർഥികൾക്കാണ് ആദ്യഘട്ടത്തിൽ നിയന്ത്രണം കർശനമാക്കിയത്.
പിന്നീട് എല്ലാ യാത്രക്കാർക്കുമായി നിയന്ത്രണം ഏർപ്പെടുത്തി. കോവിഡിന്റെ ആദ്യകാലങ്ങളിൽ ക്വാറന്റീൻ ആയിരുന്നെങ്കിൽ രണ്ട് ഡോസ് വാക്സിനെടുത്തശേഷവും കർണാടകയിലേക്ക് വരുന്നതിന് ആർ.ടി.പി.സി.ആർ നിബന്ധന തുടർന്നത് കേരളത്തിൽനിന്നും വരുന്ന യാത്രക്കാരെയാണ് ഏറെ വലച്ചത്. ഒരു വർഷത്തിലധികം നീണ്ട കോവിഡില്ലാ സർട്ടിഫിക്കറ്റ് നിബന്ധന വൈകിയെങ്കിലും ഒഴിവാക്കിയതിന്റെ ആശ്വാസത്തിലാണ് മറുനാടൻ മലയാളികൾ.
സർക്കാർ ഉത്തരവ് വന്നതിന് പിന്നാലെ ട്വിറ്ററിലും വാട്സ്ആപിലും ഫേസ്ബുക്കിലുമെല്ലാം ഇക്കാര്യം പങ്കുവെച്ചാണ് മലയാളികൾ ഈ വിവരം എല്ലാവരെയും അറിയിച്ചത്. കാരണം കഴിഞ്ഞ ഒരു വർഷത്തിലധികമായി കോവിഡിന്റെ പേരിൽ മറ്റൊരിടത്തുമില്ലാത്ത നിയന്ത്രണമായിരുന്നു കേരളത്തിൽനിന്നും വരുന്നവർ അനുഭവിച്ചിരുന്നത്.
കേരളത്തിലെ കോവിഡ് തീവ്രവ്യാപനം കണക്കിലെടുത്ത് 2021 ഫെബ്രുവരി ആദ്യം മംഗളൂരു, കുടക്, ചാമരാജ് നഗർ, മൈസൂരു, ഉഡുപ്പി തുടങ്ങിയ അതിർത്തി ജില്ലകളിലേക്ക് കേരളത്തിൽനിന്നും വരുന്ന വിദ്യാർഥികൾക്ക് നെഗറ്റിവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിനു പിന്നാലെയാണ് കേരളത്തിൽനിന്നും കർണാടകയിലേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും സർട്ടിഫിക്കറ്റ് നിർബന്ധമാക്കി ഉത്തരവിറക്കിയത്.
ദക്ഷിണ കന്നട ജില്ലയെ അതിർത്തി റോഡുകൾ അടച്ച നടപടിയിൽ കർണാടക ഹൈകോടതിയും വിമർശനം ഉന്നയിച്ചിരുന്നു. 2021 ജൂണിൽ വീണ്ടും ഉത്തരവിൽ ഇളവ് നൽകി. വീണ്ടും ആർ.ടി.പി.സി.ആർ നിർബന്ധമാക്കി. വൈകാതെ 2021 ജൂലൈ ഒന്നിന് രണ്ടു ഡോസ് വാക്സിനെടുത്തവർക്ക് ഇളവ് നൽകി. എന്നാൽ, ഇത് അധികകാലം നീണ്ടില്ല. വീണ്ടും എല്ലാവർക്കും കോവിഡില്ലാ സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. കേരളത്തിനൊപ്പം മഹാരാഷ്ട്രയിൽനിന്നും വരുന്ന യാത്രക്കാർക്കും ഇതേ നിയന്ത്രണം ബാധകമാക്കിയിരുന്നു. സർട്ടിഫിക്കറ്റ് നിബന്ധന അന്തർ സംസ്ഥാന ബസ് യാത്രയെയാണ് കാര്യമായി ബാധിച്ചത്. യാത്രക്കാർ കുറയുന്ന സാഹചര്യമുണ്ടായി.
കോവിഡ് രണ്ടാം ഘട്ട വ്യാപനം കർണാടകയിൽ കുറഞ്ഞപ്പോഴും കേരളത്തിൽ വ്യാപനം തുടർന്നതോടെ വീണ്ടും നിയന്ത്രണം കടുപ്പിക്കാൻ കർണാടക തീരുമാനിച്ചിരുന്നു. കേരളത്തിൽനിന്നും വരുന്ന വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് നിയന്ത്രണം കർശനമാക്കാൻ തീരുമാനിച്ചത്. 2021 സെപ്റ്റംബറിൽ കേരളത്തിൽനിന്നും വരുന്ന വിദ്യാർഥികൾക്കും ജീവനക്കാർക്കും ഒരാഴ്ചത്തെ ക്വാറന്റീൻ ഏർപ്പെടുത്തിക്കൊണ്ട് ഉത്തരവിറക്കിയെങ്കിലും ഇതു നടപ്പാക്കുന്നതിലെ പ്രായോഗികതയും തിരിച്ചടിയായി. മൂന്നാം തരംഗത്തിന് മുമ്പായി അതിർത്തികളിൽ അനൗദ്യോഗിക ഇളവും നൽകി.
നിയന്ത്രണം കുറഞ്ഞ ഘട്ടങ്ങളിലെല്ലാം പലപ്പോഴായി അതിർത്തിയിലെ പരിശോധന കുറക്കുകയും ഇളവ് നൽകുകയും ചെയ്തെങ്കിലും ഉത്തരവ് ഔദ്യോഗികമായി പിൻവലിച്ചിരുന്നില്ല. കർണാടകയിൽ മൂന്നാം ഘട്ട വ്യാപനത്തിന്റെ സൂചന ലഭിച്ചതോടെ 2021 നവംബർ മുതൽ വീണ്ടും നെഗറ്റിവ് സർട്ടിഫിക്കറ്റ് പരിശോധന കർശനമാക്കി. ട്രെയിൻ യാത്രക്കാരെ റെയിൽവേ സ്റ്റേഷനുകളിലെത്തിയശേഷമാണ് പരിശോധിച്ചതെങ്കിൽ വാഹന യാത്രക്കാരെ അതിർത്തികളിൽ തടഞ്ഞായിരുന്നു പരിശോധന.
കുടകിലെ കുട്ട, മാക്കൂട്ട അതിർത്തികളിലാണ് പരിശോധനയെതുടർന്ന് യാത്രക്കാർ ഏറെ നാളുകളായി ദുരിതമനുഭവിച്ചത്. മുത്തങ്ങ കഴിഞ്ഞുള്ള മൂലഹോളെയിലും എച്ച്.ഡി കോട്ടയിലെ ബാവലയിലും പരിശോധന ശക്തമായിരുന്നു. പലപ്പോഴായി ബംഗളൂരുവിന് പുറത്തുള്ള അത്തിബലെയിലും പരിശോധനയുണ്ടായിരുന്നു.
അതിർത്തികളിൽ സർട്ടിഫിക്കറ്റിന് പകരമായി പണം നൽകിയാൽ കടക്കാൻ കഴിയുന്നുവെന്ന റിപ്പോർട്ടുകളും നേരത്തേ പുറത്തുവന്നിരുന്നു. ഉത്തരവിറങ്ങിയ സാഹചര്യത്തിൽ കാസർകോട്-മംഗളൂരു അതിർത്തിയിലെ എല്ലാ ചെക്പോസ്റ്റുകളിലെയും പരിശോധന നിർത്തിവെക്കാൻ ദക്ഷിണ കന്നട ജില്ല ഡെപ്യൂട്ടി കമീഷണർ നിർദേശം നൽകിയിട്ടുണ്ട്. കേരളത്തിൽനിന്നും വരുന്നവർക്ക് കോവിഡില്ലാ സർട്ടിഫിക്കറ്റ് നിബന്ധന ഒഴിവാക്കിയതോടെ കേരളത്തിൽനിന്നും കർണാടകയിലേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഉൾപ്പെടെ വർധനയുണ്ടാകുമെന്നാണ് സർക്കാറിന്റെ പ്രതീക്ഷ. സർക്കാർ തീരുമാനത്തെ മലയാളി സംഘടനകൾ സ്വാഗതം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.