ബഫർസോൺ വിധിയിൽ ഇളവ്: സമ്പൂർണ നിയന്ത്രണം നീക്കി സുപ്രീം കോടതി, ക്വാറി അടക്കമുള്ളവക്ക് നിയന്ത്രണം തുടരും
text_fieldsന്യൂഡൽഹി: വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവ് ഏകീകൃത ബഫർസോൺ ആക്കിയ വിവാദ വിധി സുപ്രീംകോടതി ഭേദഗതി ചെയ്തു. രാജ്യമൊട്ടുക്കും ഏകീകൃത ബഫർസോൺ സ്വീകാര്യമല്ലെന്നും അത് പ്രദേശങ്ങൾക്ക് അനുസരിച്ച് വ്യത്യസ്തമായിരിക്കണമെന്നുമുള്ള കേന്ദ്ര സർക്കാറിന്റെയും കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെയും നിലപാട് അംഗീകരിച്ചാണ് ജസ്റ്റിസ് ബി.ആർ. ഗവായ് അധ്യക്ഷനായ ബെഞ്ചിന്റെ വിധി.
അതേസമയം, വന്യമൃഗങ്ങൾക്ക് അപകടകരമായിരിക്കുമെന്ന് വിലയിരുത്തി ഒരു കിലോമീറ്റർ ചുറ്റളവിൽ ഖനന പ്രവർത്തനങ്ങൾക്ക് ബെഞ്ച് സമ്പൂർണ നിരോധനമേർപ്പെടുത്തി. വിധി കേരളത്തിന് ഏറെ ആശ്വാസകരമാണ്. അന്തിമ കരട് വിജ്ഞാപനം ഇറങ്ങിയ മേഖലകൾക്കു പുറമെ വിജ്ഞാപനം ഇറക്കാനിരിക്കുന്ന മേഖലകൾക്കും ഇളവ് ബാധകമായിരിക്കുമെന്ന് കോടതി വ്യക്തമാക്കി. 102 സംരക്ഷിത മേഖലകളുടെ കാര്യത്തിൽ വിജ്ഞാപനം വന്നു. 73 മേഖലകളുടെ കാര്യം പരിഗണനയിലാണ്.
രാജ്യത്തെ എല്ലാ വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ചുറ്റുമതിലിന്റെ ഒരു കിലോമീറ്റർ ചുറ്റളവ് ബഫർ സോൺ ആയി നിർണയിക്കാനാവില്ലെന്ന് ബെഞ്ച് വിധിച്ചു. ചില മേഖലകളിൽ ഇത് 10 കിലോമീറ്റർ വരെയും മറ്റു ചില മേഖലകളിൽ 500 മീറ്റർവരെയുമാകാം. ബഫർസോണിന്റെ ചുരുങ്ങിയ പരിധി സുപ്രീംകോടതിക്ക് നിർദേശിക്കാനാവില്ല. അത്തരം സംരക്ഷിത പ്രദേശങ്ങളുടെ ഒരു ഭാഗം കടലോ, പുഴയോ സംസ്ഥാന അതിർത്തികളോ ആകാമെന്നും കോടതി ചൂണ്ടിക്കാട്ടി. കേരളത്തിലെ സുൽത്താൻ ബത്തേരി എന്ന മുനിസിപ്പൽ പ്രദേശം പൂർണമായും ബഫർസോണായെന്ന് സുപ്രീംകോടതിയിലെ മലയാളി അഭിഭാഷകൻ അഡ്വ. ദീപക് പ്രകാശ് ബോധിപ്പിച്ചത് സുപ്രീംകോടതി വിധിയിൽ എടുത്തുപറഞ്ഞു.
വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും 10 കിലോമീറ്റർ ചുറ്റളവിലെ പ്രവൃത്തികൾക്ക് 1986ലെ നിയമപ്രകാരമുള്ള പാരിസ്ഥികാനുമതിക്ക് പുറമെ ദേശീയ വന്യജീവി ബോർഡിന്റെയും സ്ഥിരം സമിതിയുടെയും ശിപാർശയും അനിവാര്യമാണെന്ന് 2022 മേയ് 17ന് കേന്ദ്ര പരിസ്ഥിതി വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം പുറപ്പെടുവിച്ച ഓഫിസ് മെമോറാണ്ടം വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരത്തിൽ മറ്റു രക്ഷോപായങ്ങളുള്ള സാഹചര്യത്തിൽ ഒരു കിലോമീറ്റർ പരിധി ബഫർ സോൺ നിർണയിച്ച് സമ്പൂർണ വിലക്ക് ഏർപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് സുപ്രീംകോടതി വിലയിരുത്തി.
കമ്യൂണിറ്റി ഹാളുകൾ, പാലങ്ങൾ, കുടിവെള്ള ശേഖരണം, വന, വന്യമൃഗ സംരക്ഷണത്തിനുള്ള ഏറുമാടങ്ങൾ, കാവൽമാടങ്ങൾ, പരിസ്ഥിതി വിദ്യാഭ്യാസ സന്ദർശകർക്കായുള്ള ടോയ്‍ലറ്റ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ കേന്ദ്ര സർക്കാർ പദ്ധതികൾക്ക് തന്നെ 2022ലെ സുപ്രീംകോടതി വിധിയോടെ നിരോധനമായെന്ന കേന്ദ്ര സർക്കാർ നിലപാട് സുപ്രീംകോടതി അംഗീകരിച്ചു.
അതിനാൽ പൂർണ നിയന്ത്രണങ്ങളുള്ള ഒരു കിലോമീറ്റർ ബഫർസോൺ എന്ന സുപ്രീംകോടതി വിധി ഭേദഗതി ചെയ്യേണ്ടതുണ്ട്. വന്യമൃഗ സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും കാര്യത്തിൽ ഇത് സ്വീകാര്യമല്ലെന്നും ബന്ധപ്പെട്ട ബോർഡും വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ തന്നെ സംരക്ഷണ മാർഗങ്ങളുള്ളതിനാൽ പുതിയ നിയന്ത്രണങ്ങളുടെ ആവശ്യവുമില്ല. ബഫർസോൺ നിർണയം 2022ലെ വിധിക്ക് മുമ്പുണ്ടായിരുന്നതുപോലെ 1986ലെ ചട്ടങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം. അതിൽ നിഷ്കർഷിച്ചപോലെ കരട് വിജ്ഞാപനവും അന്തിമ വിജ്ഞാപനവും നിർദേശങ്ങൾ വിദഗ്ധ സമിതിക്ക് മുന്നിൽ വെക്കുന്നതടക്കമുള്ള നടപടിക്രമങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.