ഡോ. കഫീൽ ഖാൻെറ ഭാര്യക്കിത് ജന്മദിന സമ്മാനം; ഒരു നിരപരാധിയെയും ജയിലിലടക്കരുതെന്ന് അഭ്യർഥിച്ച് ഡോ. ഷബിസ്ത
text_fieldsലഖ്നോ: ഡോ. കഫീൽ ഖാൻെറ മോചന വാർത്ത ഭാര്യയും ഡോക്ടറുമായ ഷബിസ്ത ഖാനെ തേടിയെത്തിയത് ജന്മദിനത്തിൽ. ഏഴു മാസമായുള്ള വേദനയിൽ നിന്നുള്ള മോചനം ജന്മദിനത്തിൽ തന്നെ ആയത് അവർക്ക് ഇരട്ടി മധുരവുമായി. 'നീതി പുലർന്നിരിക്കുന്നു. അൽപം വൈകിയാണെങ്കിലും സത്യം വിജയിക്കുക തന്നെ ചെയ്യുമെന്ന് തെളിഞ്ഞിരിക്കുന്നു'- ഇതായിരുന്നു കഫീൽ ഖാനുമേൽ ചുമത്തിയിരുന്ന ദേശ സുരക്ഷാ നിയമപ്രകാരമുള്ള (എൻ.എസ്.എ) കുറ്റം അലഹബാദ് ഹൈകോടതി തള്ളിയതറിഞ്ഞ് ഡോ. ഷബിസ്തയുടെ ആദ്യ പ്രതികരണം. തൻെറ കുടുംബത്തിലേക്ക് സന്തോഷം തിരികെ കൊണ്ടുവരാൻ യത്നിച്ച എല്ലാവർക്കും തങ്ങൾക്ക് നീതി നൽകിയ കോടതിക്കും അവർ നന്ദിയും പറഞ്ഞു. കഫീൽ ഖാൻെറ മോചനത്തിനായി ശബ്ദമുയർത്തിയവർ, സമൂഹ മാധ്യമങ്ങളിലടക്കം കാമ്പയിൻ നടത്തിയവർ, രാജ്യത്തിൻെറ മുക്കിലും മൂലയിലും പോസ്റ്ററുകൾ ഒട്ടിച്ചവർ, സമരം നയിച്ചവർ എന്നിവർക്കെല്ലാം നന്ദി പറഞ്ഞുകൊണ്ട് ഒരു വിഡിയോയും അവർ പുറത്തുവിട്ടു.
'എത്ര നന്ദി പറഞ്ഞാലും മതിയാകാത്ത കാര്യമാണ് നിങ്ങൾ ചെയ്തത്. മകനെ കാണാൻ കാത്തിരുന്ന ഒരു മാതാവിന് വേണ്ടിയും പിതാവിനെ കാണാൻ കാത്തിരുന്ന ഒരു മകൾക്കു വേണ്ടിയുമാണ് നിങ്ങൾ ശബ്ദമുയർത്തിയത്. നിങ്ങൾ ഇല്ലായിരുന്നെങ്കിൽ ഞങ്ങളുടെ മുഖത്ത് ഇന്നീ ചിരി വിരിയുകയില്ലായിരുന്നു. ഈ രാജ്യത്തെ സ്നേഹിച്ച, ഇവിടുത്തെ ജനങ്ങൾക്കിടയിൽ സേവനം ചെയ്ത ഒരു നിരപരാധിയെയാണ് ഭരണകൂടം ഏഴുമാസം ജയിലിൽ അടച്ചത്. ഒരു മനുഷ്യനും അയാളുടെ കുടുംബവും തകർന്നുപോയ ആ ഏഴുമാസം ഇനി തിരികെ കിട്ടുകയുമില്ല' - അവർ പറഞ്ഞു.
ഇനി ഒരു നിരപരാധിയുടെയും ജീവിതം തകർക്കാൻ എൻ.എസ്.എ ദുരുപയോഗം ചെയ്യരുതെന്ന് അവർ സർക്കാറിനോട് അഭ്യർഥിച്ചു. 'കുറ്റവാളികളാണെന്ന് തെളിയുന്നവരെ ജയിലിൽ അടച്ചോളൂ. പക്ഷേ, ഒരു കുറ്റവും ചെയ്യാത്തവരെ നിയമം ദുരുപയോഗം ചെയ്ത് ശിക്ഷിക്കരുത്. ഒരുപാട് നിരപരാധികൾ ഇത്തരത്തിൽ ജയിലിൽ കഴിയുന്നുണ്ട്. അവർക്ക് വേണ്ടിയും നമ്മൾ ഒരുമിച്ച് ശബ്ദമുയർത്തണം. തെറ്റിനെതിരെ ഒറ്റക്കെട്ടായി നമ്മൾ അണിനിരന്നാൽ അവർക്കും നീതി നേടിയെടുക്കാൻ കഴിയും. സത്യം എപ്പോഴും ജയിക്കും' -ഡോ. ഷബിസ്ത പറഞ്ഞു.
നാല് വയസ്സുള്ള മകൾ പിതാവിനെ അന്വേഷിച്ച് കരഞ്ഞ നാളുകളെ അതിജീവിക്കാൻ ബുദ്ധിമുട്ടിയതും അവർ വിവരിച്ചു. 'ഈ എഴുമാസത്തിനിടെ എല്ലാ ദിവസവും അവൾ പിതാവ് എവിടെയെന്ന് അന്വേഷിക്കും. അദ്ദേഹം കോവിഡ് പ്രതിരോധ ചികിത്സയുടെ തിരക്കിലാണെന്നാണ് പറഞ്ഞിരുന്നത്. അത് പൂർണമായും അവൾ പക്ഷേ, വിശ്വസിച്ചിരുന്നില്ല. ഇന്നത്തെ കുട്ടികൾ വളരെ ബുദ്ധിയുള്ളവരാണ്. അവരെ എല്ലായ്പ്പോഴും കബളിപ്പിക്കാൻ കഴിയില്ല. ഇന്ന് പിതാവ് വരുന്നു എന്നറിഞ്ഞ് അവൾ വളരെ സന്തോഷത്തിലാണ്. കോവിഡ് ചികിത്സക്ക് നേതൃത്വം നൽകിയതിൻെറ മെഡലുമായി അദ്ദേഹം വരുമെന്നാണ് അവൾ കരുതിയിരിക്കുന്നത്. നിയമത്തിൻെറ ദുരുപയോഗം മൂലം നിഷ്കളങ്കരായ മക്കളിൽ നിന്ന് അകന്നിരിക്കേണ്ടി വരുന്ന നിരപരാധികളുടെയെല്ലാം മോചനത്തിന് ഒറ്റക്കെട്ടായി അണിനിരക്കണം'- ഡോ. ഷബിസ്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.