ബിൽക്കീസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രീണന രാഷ്ട്രീയം -അസദുദ്ദീൻ ഉവൈസി
text_fieldsന്യൂഡൽഹി: ബിൽക്കീസ് ബാനു കേസിൽ ജീവപര്യന്തം തടവുശിക്ഷക്ക് വിധിച്ച 11 പേരെ വിട്ടയച്ചത് ഗുജറാത്ത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള സർക്കാറിന്റെ പ്രീണന രാഷ്ട്രീയ നയത്തിന്റെ ഭാഗമാണെന്ന് എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി. എൻ.ഡി.ടി.വിക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.
ബിൽക്കീസ് ബാനുവിനോടുള്ള കുറ്റകൃത്യം വീണ്ടും ആവർത്തിക്കുകയാണ് ഇതിലൂടെ ചെയ്തിരിക്കുന്നത്. ഇത് പുതിയ മുറവാണ് അവർക്കുണ്ടാക്കുന്നത്. ബി.ജെ.പിയിൽ സാമാന്യ ബുദ്ധിയുള്ളവർ ഉണ്ടാകുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും ഉവൈസി പറഞ്ഞു.
ഈ വർഷം അവസാനത്തോടെയാണ് ഗുജറാത്തിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്. വീണ്ടും അധികാരത്തിലേറാമെന്ന പ്രതീക്ഷയിലാണ് ബി.ജെ.പി. 'ആസാദി കാ അമൃത് മഹോത്സവ്' ആഘോഷങ്ങളുടെ ഭാഗമായി ശിക്ഷിക്കപ്പെട്ട തടവുകാർക്കുള്ള പ്രത്യേക മോചന നയപ്രകാരം ബലാത്സംഗ കുറ്റവാളികളെ മോചിപ്പിക്കാൻ കഴിയില്ലെന്ന് ജൂണിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ നിലപാട് ബിൽക്കീസ് ബാനു കേസിൽ ബാധകമായില്ല.
ഒരു പ്രത്യേക മതം ആചരിക്കുന്നവരോട് ബി.ജെ.പി പൂർണമായും പക്ഷപാത സമീപനമാണ് സ്വീകരിക്കുന്നത്. അവർ നിയമവാഴ്ചയെ ഗൗനിക്കുന്നില്ലെന്നും വീണ്ടും കുറ്റകൃത്യം ചെയ്യുന്നതിൽ അവർക്ക് പശ്ചാതാപമില്ലെന്നും ഉവൈസി കുറ്റപ്പെടുത്തി.
ഗുജറാത്ത് കലാപത്തിനിടെ 2002 മാർച്ച് മൂന്നിനായിരുന്നു 21കാരിയായ ബിൽക്കീസ് ബാനുവിനും കുടുംബത്തിനുമെതിരെ കലാപകാരികളുടെ ആക്രമണമുണ്ടായത്. അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽക്കീസ് ബാനുവിനെ അക്രമികൾ ക്രൂരമായി ബലാത്സംഗം ചെയ്തു. കുടുംബത്തിലെ ഏഴ് സ്ത്രീകളാണ് ബലാത്സംഗത്തിന് ശേഷം കൊല്ലപ്പെട്ടത്.
2008ൽ മുംബൈ സി.ബി.ഐ കോടതിയാണ് പ്രതികളായ 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഇവരുടെ ശിക്ഷ പിന്നീട് ബോംബെ ഹൈകോടതി ശരിവെച്ചു. 15 വർഷത്തെ ജയിൽവാസത്തിന് ശേഷം പ്രതികളിലൊരാൾ ജയിൽ മോചനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ശിക്ഷാ ഇളവ് സംബന്ധിച്ച വിഷയം പരിശോധിക്കാൻ ഗുജറാത്ത് സർക്കാറിനോട് സുപ്രീംകോടതി നിർദേശിച്ചതിനെ തുടർന്ന് ഏതാനും മാസം മുമ്പ് സർക്കാർ ഒരു സമിതി രൂപവത്കരിക്കുകയും 11 പ്രതികളെയും വിട്ടയക്കാൻ തീരുമാനിക്കുകയുമായിരുന്നു.
ബിൽക്കീസ് ബാനു നടത്തിയ നിയമപോരാട്ടത്തെ തുടർന്ന് അവർക്ക് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രീംകോടതി സംസ്ഥാന സർക്കാറിനോട് നേരത്തെ നിർദേശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.