'കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നു'; വോഡഫോൺ ഐഡിയക്കും ഭാരതി എയർടെല്ലിനുമെതിരെ ജിയോ
text_fieldsന്യൂഡൽഹി: അനീതിപരമായ മാർഗങ്ങളിലൂടെ ടെലികോം സേവന ദാതാക്കളായ വോഡഫോൺ ഐഡിയയും ഭാരതി എയർടെല്ലും കർഷകരെ തെറ്റിദ്ധരിപ്പിക്കുന്നതായി ജിയോ. പുതിയ മൂന്ന് കാർഷിക നിയമങ്ങളിലൂടെ റിലയൻസിെൻറ ടെലികോം വിഭാഗമായ ജിയോ നേട്ടമുണ്ടാക്കുമെന്ന് ഈ ടെലികോം കമ്പനികൾ തെറ്റിദ്ധാരണ പരത്തുന്നതായും ജിയോ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യക്ക് നൽകിയ പരാതിയിൽ പറയുന്നു.
കാർഷിക മേഖലയെ സ്വകാര്യവൽക്കരിക്കുന്ന മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിലെ കർഷകർ രാജ്യതലസ്ഥാനമായ ഡൽഹി ഉപരോധിക്കുകയാണ്. റിലയൻസിെൻറ ജിയോ സേവനങ്ങൾ കർഷകർ ബഹിഷ്കരിക്കുകയും ജനങ്ങളോട് ഇത്തരം കമ്പനികളെ ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.
കമ്പനിക്കെതിരെ നീചമായ കാമ്പയിനുകൾ എതിരാളികൾ നടത്തുന്നതായി ജിയോ കത്തിൽ പറയുന്നു. ജിയോ നമ്പറുകളിൽനിന്ന് മാറുന്നതിന് നിരവധി അഭ്യർഥനകൾ ലഭിച്ചു. യാതൊരു വിധത്തിലുള്ള പരാതികളോ പ്രശ്നങ്ങളോ ഇല്ലാതെയാണ് ഉപഭോക്താക്കൾ ജിയോ ഉപേക്ഷിക്കാൻ തയാറാകുന്നതെന്നും ട്രായ് ക്ക് ഡിസംബർ 11ന് അയച്ച കത്തിൽ പറയുന്നു.
അതേസമയം തങ്ങൾക്കെതിരായി ജിയോ ഉയർത്തിയ ആരോപണത്തിന് അടിസ്ഥാനമില്ലെന്ന് ഭാരതി എയർടെൽ പ്രതികരിച്ചു. തങ്ങൾക്കെതിരെ അടിസ്ഥാനപരമായ ആരോപണങ്ങൾ ഉപയോഗിച്ച് പ്രകോപിക്കാൻ ചില എതിരാളികൾ ശ്രമിക്കുേമ്പാഴും ബിസിനസിെൻറ സ്വഭാവവും സുതാര്യതയും ഉറപ്പുവരുത്തിയാണ് തങ്ങളുടെ പ്രവർത്തനമെന്ന് എയർടെൽ പ്രസ്താവനയിലൂടെ അറിയിച്ചു.
ധാർമികതയിൽ ഊന്നിയ ബിസിനസിൽ തങ്ങൾ വിശ്വാസം അർപ്പിക്കുന്നു. അപകീർത്തിപ്പെടുത്തുന്നതിനായി ഉയർത്തികൊണ്ടുവന്ന അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് ഇവ. നിരുത്തരവാദിത്ത പരമായ ഇത്തരം ആരോപണങ്ങളെ ഞങ്ങൾ കളയുന്നുവെന്നുമായിരുന്നു വോഡേഫാൺ ഐഡിയയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.