ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് തുടങ്ങും മുേമ്പ ശ്രേഷ്ഠപദവി
text_fieldsന്യൂഡൽഹി: പ്രവർത്തനം തുടങ്ങാത്ത റിലയൻസ് ഫൗണ്ടേഷെൻറ ജിയോ ഇൻസ്റ്റിറ്റ്യൂട്ടിന് ഉന്നത വിദ്യാഭ്യാസ രംഗത്തെ മികച്ച സ്ഥാപനത്തിനുള്ള ശ്രേഷ്ഠപദവി. മാനവശേഷി വികസന മന്ത്രാലയം ഇൗ ഉന്നത പദവിക്ക് തെരഞ്ഞെടുത്ത രാജ്യത്തെ ആറു സ്ഥാപനങ്ങളിലൊന്നാണ് കോർപറേറ്റ് സംരംഭമായ ജിയോ ഇൻസ്റ്റിറ്റ്യൂട്ട്. അതേസമയം, ഡൽഹിയിലെ പ്രമുഖമായ ജവഹർലാൽ നെഹ്റു സർവകലാശാലക്ക് ശ്രേഷ്ഠപദവിയില്ല.
റിലയൻസിനെ കൂടാതെ, ബിർല ഗ്രൂപ്പിെൻറ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി ആൻഡ് സയൻസ്, മണിപ്പാൽ അക്കാദമി ഒാഫ് ഹയർ എജുേക്കഷൻ എന്നീ സ്വകാര്യ സ്ഥാപനങ്ങൾക്കും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി ഡൽഹി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ടെക്നോളജി ബോംബെ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് സയൻസ് ബാംഗ്ലൂർ എന്നീ സർക്കാർ സ്ഥാപനങ്ങൾക്കുമാണ് ശ്രേഷ്ഠ പദവി.
20 സ്ഥാപനങ്ങളെ ശ്രേഷ്ഠപദവിയിലേക്ക് ഉയർത്തുമെന്ന് രണ്ടുവർഷം മുമ്പ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. അത് ആറെണ്ണമാക്കി ചുരുക്കിയപ്പോൾ തന്നെയാണ്, ഇനിയും തുടങ്ങാത്ത ജിയോ ഇൻസ്റ്റിറ്റ്യൂട്ടും പട്ടികയിൽ കടന്നുകൂടിയത്. ശ്രേഷ്ഠപദവി നൽകിയ സ്ഥാപനങ്ങളുടെ അടിസ്ഥാന വികസനത്തിനായി അടുത്ത അഞ്ചുവർഷത്തേക്ക് 1000 കോടി ഫണ്ടും മന്ത്രാലയം അനുവദിച്ചു.
ശ്രേഷ്ഠപദവിക്കൊപ്പം ഇൗ സ്ഥാപനങ്ങൾക്ക് കൂടുതൽ സ്വയംഭരണാധികരം ലഭിക്കും. സ്വന്തമായി കോഴ്സുകൾ തുടങ്ങുകയും ഫീസ് നിശ്ചയിക്കുകയും ചെയ്യാം. സർക്കാറിെൻറ അനുമതിയില്ലാതെ വിദേശ സ്ഥാപനങ്ങളുമായും പ്രഫസർമാരുമായും ഉടമ്പടി ഉണ്ടാക്കാനും സാധിക്കും. ജെ.എൻ.യു, ഡൽഹി യൂനിവേഴ്സിറ്റി തുടങ്ങിയ യൂനിവേഴ്സിറ്റി ഗ്രാൻഡ് കമീഷൻ (യു.ജി.സി) നൽകിയ 103 സ്ഥാപനങ്ങളെ തഴഞ്ഞാണ് മൂന്നുവർഷത്തിനകം സ്ഥാപിക്കാനിരിക്കുന്ന റിലയൻസ് ഇൻസ്റ്റിറ്റ്യൂട്ടിന് ഉന്നത പദവി നൽകിയത്.
പുതുതായി തുടങ്ങുന്ന സ്ഥാപനങ്ങളുടെ വിഭാഗത്തിൽനിന്നാണ് ജിയോ ഇൻസ്റ്റിറ്റ്യൂട്ടിനെ തെരെഞ്ഞടുത്തത് എന്നാണ് അധികൃതരുടെ വിശദീകരണം. ഇൗ വിഭാഗത്തിൽ 11 സ്ഥാപനങ്ങൾ അപേക്ഷിച്ചതിൽ ജിയോ സമർപിച്ച പദ്ധതി പരിശോധിച്ചാണ് ശ്രേഷ്ഠപദവി നിശ്ചയിച്ചതെന്ന് പദവി നിർണയ സമിതി അധ്യക്ഷനും മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറുമായ എൻ. ഗോപാലസ്വാമി വിശദീകരിച്ചു.
അവർക്ക് വ്യക്തമായ പദ്ധതിയുണ്ട്, പണം മുടക്കാനുള്ള വഴികളുണ്ട്, കാമ്പസിന് സ്ഥലം കണ്ടെത്തിയിട്ടുണ്ട് തുടങ്ങിയ ന്യായങ്ങളാണ് അദ്ദേഹം നിരത്തിയത്. എന്നാൽ, പുതിയ സംരംഭങ്ങൾക്ക് ശ്രേഷ്ഠപദവി നൽകാൻ നേരത്തേ നിശ്ചയിച്ചിരുന്നോ തുടങ്ങിയ ചോദ്യങ്ങൾക്ക് യുക്തിസഹമായ വിശദീകരണങ്ങളില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.