മലപ്പുറത്തിന് ആശ്വാസം; പനിബാധിച്ച 60കാരിക്ക് നിപയില്ല
text_fieldsമലപ്പുറം: മലപ്പുറത്ത് പനിബാധിച്ച് ചികിത്സയിലായിരുന്ന 60കാരിക്ക് നിപയില്ലെന്ന് സ്ഥിരീകരിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ നിപ ലക്ഷണങ്ങളോടെ ചികിത്സയിൽ കഴിഞ്ഞിരുന്ന വയോധികക്കാണ് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചത്. ഇവരുടെ സ്രവസാമ്പിൾ പരിശോധനക്കായി കോഴിക്കോട്ടേക്ക് അയച്ചിരുന്നു.
നിപ രോഗികളുമായി ഇവർക്ക് സമ്പർക്കമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും രോഗ ലക്ഷണങ്ങൾ കണ്ടത് ആശങ്കക്ക് ഇടയാക്കിയിരുന്നു. കടുത്ത പനിയും അപസ്മാരവും അനുഭവപ്പെട്ടതിനെ തുടർന്ന് ബുധനാഴ്ച രാവിലെയാണ് ഇവർ മഞ്ചേരി മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സ തേടിയത്. പിന്നീട് വിശദ പരിശോധനക്കായി ഐസോലേഷൻ വാർഡിലേക്ക് മാറ്റുകയായിരുന്നു.
സംസ്ഥാനത്ത് നിലവിൽ കോഴിക്കോട് മാത്രമാണ് നിപ രോഗികളുള്ളത്. നിപ സംശയിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലുണ്ടായിരുന്ന വിദ്യാർഥിയുടെ പരിശോധന ഫലവും നെഗറ്റീവായിരുന്നു. അതേസമയം, കോഴിക്കോട് ഒരാൾക്ക് കൂടി ഇന്ന് നിപ സ്ഥിരീകരിച്ചിരുന്നു. ഇതോടെ രോഗംബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം നാലായി. നിപബാധിച്ച് രണ്ട് പേർ മരിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.