ഐ.എൻ.എസ് വിക്രാന്ത് തട്ടിപ്പ്: ബി.ജെ.പി നേതാവിന് അറസ്റ്റിൽ നിന്നും ഇടക്കാല സംരക്ഷണം
text_fieldsമുംബൈ: ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്ത് പുനഃസ്ഥാപിക്കുന്നതിനായി 57 കോടി രൂപ പിരിച്ച് സംഭവത്തിൽ ആരോപണവിധേയനായ ഭാരതീയ ജനതാ പാർട്ടി നേതാവും മുൻ എം.പിയുമായ കിരിത് സോമയ്യക്ക് അറസ്റ്റിൽ നിന്നും ബോംബെ ഹൈകോടതി ഇടക്കാല സംരക്ഷണം അനുവദിച്ചു. അറസ്റ്റ് ചെയ്താൽ 50,000 രൂപയുടെ ആൾ ജാമ്യത്തിൽ വിട്ടയക്കാമെന്ന് കോടതി അറിയിച്ചു.
അതിനിടെ 2014ൽ ഐ.എൻ.എസ് വിക്രാന്തിന്‍റെ പേരിൽ സ്വരൂപിച്ച പണം ദുരുപയോഗം ചെയ്തെന്ന കേസിൽ സോമയ്യയുടെ മകൻ നീൽ സോമയ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ചൊവ്വാഴ്ച സെഷൻസ് കോടതി തള്ളി. തട്ടിപ്പ് കേസിൽ ഇളവ് നിഷേധിച്ച സെഷൻസ് കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്ത് കിരിത് സോമയ്യ ചൊവ്വാഴ്ച ബോംബെ ഹൈകോടതിയെ സമീപിച്ചിരുന്നു.
ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ് വിക്രാന്ത് പുനഃസ്ഥാപിക്കുന്നതിനായി 57 കോടി രൂപ പിരിച്ചെന്നാരോപിച്ച് സോമയ്യക്കും മകൻ നീലിനുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരുന്നു.
ഐ.എൻ.എസ് വിക്രാന്ത് ഒരു യുദ്ധക്കപ്പൽ എന്ന നിലയിൽ പ്രാധാന്യമുള്ളതാണെന്നും പ്രതികൾ ഫണ്ട് ശേഖരിക്കുന്നതിനായി കപ്പലിന്‍റെ പേര് ദുരുപയോഗം ചെയ്തെന്നും പ്രോസിക്കൂഷൻ കോടതിയെ അറിയിച്ചു. പ്രതി മുൻ ജനപ്രതിനിധിയായതിനാൽ പരാതിക്കാരനെ സമ്മർദത്തിലാക്കുന്നതിനൊപ്പം അന്വേഷണത്തിൽ കൃത്രിമം കാണിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കൂട്ടിച്ചേർത്തു. പണം ചിലവഴിച്ചത് എങ്ങനെയാണെന്ന് കണ്ടെത്താൻ അന്വേഷണം തുടരുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.