ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിന് സുപ്രീംകോടതിയിൽനിന്ന് ആശ്വാസം
text_fieldsന്യൂഡൽഹി: ലക്ഷദ്വീപ് എം.പി മുഹമ്മദ് ഫൈസലിനെതിരായ കുറ്റവും ശിക്ഷയും കേരള ഹൈകോടതി മരവിപ്പിച്ച സാഹചര്യത്തിൽ നിയമാനുസൃതം തുടർനടപടി സ്വീകരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സുപ്രീംകോടതിയെ അറിയിച്ചു. എം.പി സ്ഥാനത്തിന് അയോഗ്യത കൽപിച്ച് ലക്ഷദ്വീപ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു ചോദ്യം ചെയ്ത് മുഹമ്മദ് ഫൈസൽ നൽകിയ ഹരജി പരിഗണിച്ചപ്പോഴായിരുന്നു ഇത്. കമീഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനീന്ദർ സിങ് ബോധിപ്പിച്ചത് ജസ്റ്റിസുമാരായ കെ.എം. ജോസഫ്, ബി.വി. നാഗരത്ന എന്നിവർ ഉൾപ്പെട്ട ബെഞ്ച് രേഖപ്പെടുത്തി. വിചാരണ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ച സാഹചര്യത്തിലാണ് തുടർനടപടി സ്വീകരിച്ചതെന്നും കമീഷൻ അറിയിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ കേസിന്‍റെ മറ്റു കാര്യങ്ങളിലേക്ക് കടക്കാതെ, നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന കമീഷന്‍റെ മൊഴി രേഖപ്പെടുത്തി ഹരജി തീർപ്പാക്കുകയാണെന്ന് കോടതി വ്യക്തമാക്കി. കമീഷൻ നടപടി ധിറുതി പിടിച്ചതായെന്ന നിരീക്ഷണവും കോടതിയിൽനിന്നുണ്ടായി. കുറ്റവും ശിക്ഷയും ഹൈകോടതി മരവിപ്പിച്ച സാഹചര്യത്തിൽ ഉപതെരഞ്ഞെടുപ്പുമായി കമീഷന് മുന്നോട്ടുപോകാൻ കഴിയില്ലെന്ന് മുഹമ്മദ് ഫൈസലിനു വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ ബോധിപ്പിച്ചു. മുഹമ്മദ് ഫൈസലിന് ആശ്വാസവും ലക്ഷദ്വീപ് ഭരണകൂടത്തിനും കേന്ദ്രസർക്കാറിനും തിരിച്ചടിയുമാണ് ഈ സംഭവ വികാസങ്ങൾ. ഹൈകോടതി ഉത്തരവിനെതിരെ ലക്ഷദ്വീപ് ഭരണകൂടം സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. അത് പിന്നീടുമാത്രം പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.