യു.പി മതപരിവർത്തന കേസ്: വൈസ് ചാൻസലർക്ക് ഇടക്കാല ജാമ്യം
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ നിയമവിരുദ്ധ മതപരിവർത്തനം ആരോപിച്ച് അറസ്റ്റിലായ വൈസ് ചാൻസലർക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. പ്രയാഗ്രാജിലെ സാം ഹിഗിൻബോട്ടം അഗ്രികൾചർ, ടെക്നോളജി ആൻഡ് സയൻസസ് സർവകലാശാല വി.സി രാജേന്ദ്ര ബിഹാരി ലാലിനാണ് ജാമ്യം ലഭിച്ചത്. കേസിൽ യു.പി സർക്കാറിന് നോട്ടീസ് അയക്കാനും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബഞ്ച് ഉത്തരവിട്ടു.
2023 ഡിസംബർ 31 മുതൽ കസ്റ്റഡിയിലുള്ള ലാൽ, ഹൈകോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിച്ചിരുന്നില്ല. ഇക്കാര്യം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് പരാമർശിച്ച സുപ്രീംകോടതി, ജാമ്യത്തിന് ഈടാക്കുന്ന ബോണ്ട് 25,000 രൂപയിൽ കൂടാൻ പാടില്ലെന്നും നിർദേശിച്ചു.
അതേസമയം, സുപ്രീംകോടതി ഉത്തരവ് അവഗണിച്ചാണ് ഹരജിക്കാരനെ അറസ്റ്റ് ചെയ്തതെന്ന് രാജേന്ദ്ര ബിഹാരിക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ദവെ വാദിച്ചു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെയും ഉത്തർപ്രദേശിലെ നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമത്തിലെയും വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. പണം വാഗ്ദാനം ചെയ്ത് ഫത്തേപൂരിലെ ഹരിഹർഗഞ്ച് ഇവാഞ്ചലിക്കൽ ചർച്ച് ഓഫ് ഇന്ത്യയിൽ തൊണ്ണൂറോളം ഹിന്ദുക്കളെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ എത്തിച്ചെന്നാണ് കേസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.