പാസ്റ്ററുടെ അറസ്റ്റ്: മതംമാറ്റം നിർത്തിയില്ലെങ്കിൽ ജനം നിയമം കൈയിലെടുക്കുമെന്ന് ഗോവ മന്ത്രി
text_fieldsപനാജി: ഗോവയിൽ മതംമാറ്റം ആരോപിച്ച് വൈദികനെ അറസ്റ്റ് ചെയ്ത നടപടിക്കുപിന്നാലെ, മതംമാറ്റ നിരോധന നിയമം നടപ്പാക്കുമെന്ന സൂചനയുമായി ഗോവ വൈദ്യുതി മന്ത്രി സുദിൻ ധവാലിക്കർ രംഗത്ത്. സംസ്ഥാനത്ത് മതപരിവർത്തനം അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ ജനങ്ങൾ നിയമം കൈയിലെടുക്കുമെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ ഇക്കാര്യം മുഖ്യമന്ത്രി പ്രമോദ് സാവന്തും പ്രഖ്യാപിച്ചിരുന്നു.
"സംസ്ഥാനത്ത് മതപരിവർത്തനം നടക്കുന്നുണ്ടെന്ന് സമീപകാലത്ത് നടന്ന നിരവധി സംഭവങ്ങളിലൂട തെളിയിക്കപ്പെട്ടതാണ്. ഇക്കാര്യം സർക്കാറിനേക്കാൾ മാധ്യമങ്ങൾ തെളിയിച്ചിട്ടുണ്ട്. മതപരിവർത്തനം നിർത്തണം. ഇത് തടഞ്ഞില്ലെങ്കിൽ ആളുകൾ നിയമം കൈയിലെടുക്കും. അനിഷ്ട കാര്യങ്ങൾ സംഭവിക്കും" -ധവാലിക്കർ പറഞ്ഞു. മതപരിവർത്തനം നിരോധന നിയമം കൊണ്ടുവരാനുള്ള മുഖ്യമന്ത്രിയുടെ നീക്കത്തെ പിന്തുണയ്ക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
മതപരിവർത്തനം ആരോപിച്ച് ക്രിസ്ത്യൻ പാസ്റ്റർ ഡൊമിനിക് ഡിസൂസയെ മേയ് 26നാണ് ഗോവ പൊലീസ് അറസ്റ്റ് ചെയ്തത്. ആളുകളെ മതം മാറ്റാൻ മാന്ത്രികവിദ്യ ഉപയോഗിച്ചെന്നാരോപിച്ച് ഡ്രഗ്‌സ് ആൻഡ് മാജിക് റെമഡീസ് (ഒബ്ജക്ഷനബിൾ അഡ്വർടൈസ്‌മെന്റ്) ആക്‌ട് പ്രകാരമാണ് ഡൊമിനിക് ഡിസൂസയ്ക്കും ഭാര്യ ജുവാനുമെതിരെ കേസെടുത്തത്. ഡൊമിനിക് ഡിസൂസയുടെ അറസ്റ്റിനെ തുടർന്ന് മതപരിവർത്തന നിരോധന നിയമത്തിന് വേണ്ടി ഹിന്ദുത്വ സംഘടനകൾ ആസൂത്രിത നീക്കം നടത്തുന്നുണ്ട്.
അറസ്റ്റിലായ പാസ്റ്റർ ഡൊമിനിക് ഡിസൂസയും ഭാര്യ ജുവാൻ ലൂറെഡും മതപരിവർത്തനത്തിനായി മാന്ത്രിക വിദ്യ ഉപയോഗിച്ചതായി മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആരോപിച്ചിരുന്നു. മതം മാറാൻ ആളുകളെ പ്രലോഭിപ്പിക്കുന്നത് ഗോവയിൽ അനുവദിക്കില്ലെന്നും മതംമാറ്റ നിരോധന ബിൽ നിയമസഭയിൽ അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.