അരങ്ങേറ്റത്തിൽ പിഴച്ച് ഗെഹ് ലോട്ട്
text_fieldsന്യൂഡൽഹി: കോൺഗ്രസിനെ ദേശീയ തലത്തിൽ നയിക്കാനും പ്രതിപക്ഷ നിരയിൽ ഉണർവുണ്ടാക്കാനും പാർട്ടി പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാൻ ഒരുങ്ങുന്ന രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്‍ ലോട്ടിന് അരങ്ങേറ്റത്തിൽ പിഴച്ചു.
40 വർഷം ഭരണഘടന പദവി വഹിച്ച നേതാവ് മുഖ്യമന്ത്രിക്കസേര വിട്ടൊഴിയാൻ മടിക്കുന്നതും പാർട്ടിയിലെ എതിരാളി സചിൻ പൈലറ്റിനെ വെട്ടാൻ ഗ്രൂപ്പുകളിക്കുന്നതും പ്രതിച്ഛായക്ക് കാര്യമായ മങ്ങലേൽപിച്ചു.
ഒരാൾക്ക് ഒരു പദവിയെന്ന തീരുമാനം രാജസ്ഥാനിൽ തന്നെ നടന്ന ഉദയ്പുർ നവസങ്കൽപ ശിബിരത്തിലാണ് ഉണ്ടായത്. അശോക് ഗെഹ്‍ ലോട്ടിന്റെ കൂടി കാർമികത്വത്തിൽ ഉണ്ടായ തീരുമാനമാണത്. എന്നാൽ, സ്വന്തം കാര്യം വന്നപ്പോൾ പലവിധ ന്യായങ്ങൾ നിരത്തി അദ്ദേഹം ഒഴിഞ്ഞുമാറാൻ ശ്രമിക്കുന്നതായിരുന്നു കാഴ്ച.
കോൺഗ്രസ് അഖിലേന്ത്യ പ്രസിഡന്റ് സ്ഥാനത്തെക്കാൾ മുഖ്യമന്ത്രിസ്ഥാനം പ്രധാനമായി ഗെഹ്‍ ലോട്ട് കാണുന്ന പ്രശ്നം ഒരുവശത്ത്. മറ്റു സംസ്ഥാന ഘടകങ്ങളിൽ നിലനിൽക്കുന്നതും ഭാവിയിൽ ഉണ്ടാകാവുന്നതുമായ ഗ്രൂപ്പുപോരുകൾ തീർക്കാൻ മുന്നിട്ടിറങ്ങേണ്ട ദേശീയ പ്രസിഡന്റിന്റെ നിഷ്പക്ഷത ചോദ്യചിഹ്നവുമായി.
രാജ്യത്ത് കോൺഗ്രസ് ഭരിക്കുന്ന രണ്ടു സംസ്ഥാനങ്ങളിൽ ഒന്നാണ് രാജസ്ഥാൻ. അടുത്ത വർഷാവസാനം അവിടെ നിയമസഭ തെരഞ്ഞെടുപ്പ് നടക്കണം. അവിടത്തെ കോൺഗ്രസിന്റെ സാധ്യതകൾക്ക് മങ്ങലേൽപിക്കുന്ന ഗ്രൂപ്പുകളിക്കാണ് നിയുക്ത ദേശീയ പ്രസിഡന്റ് പുതിയ തുടക്കമിട്ടത്.
പാർട്ടിയുടെ സാധ്യതകൾ വർധിപ്പിക്കുന്നതിൽ ഗെഹ്‍ ലോട്ട് പലവട്ടം വിജയിച്ചിട്ടുണ്ടെങ്കിലും രാജസ്ഥാനിൽ ഭരണവിരുദ്ധ വികാരം ശക്തമാണ്.
പാർട്ടി നിയന്ത്രണം ഗെഹ്‍ ലോട്ടിന്റെ കൈകളിലാണെങ്കിലും എതിരാളി സചിൻ പൈലറ്റിന് പാർട്ടിയിൽ ഗണ്യമായ സ്വാധീനമുണ്ട്. ഓരോ അഞ്ചുവർഷം കൂടുമ്പോഴും ഭരണം മാറുന്ന രീതിയുള്ള സംസ്ഥാനം കൂടിയാണ് രാജസ്ഥാൻ.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വിജയത്തിന് സചിൻ അത്യധ്വാനം ചെയ്തെങ്കിലും യുവനേതാവെന്ന നിലയിൽ സചിന് ഇനിയും അവസരമുണ്ടെന്ന വാദമുയർത്തി ഗെഹ്‍ ലോട്ട് മുഖ്യമന്ത്രിക്കസേര പിടിച്ചെടുക്കുകയായിരുന്നു.
സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനം കെ.സി. വേണുഗോപാലിനെ ഏൽപിച്ചാണ് സംഘടന ചുമതല ഇട്ടെറിഞ്ഞ് അദ്ദേഹം രാജസ്ഥാൻ മുഖ്യമന്ത്രിയായി പോയത്. ഭരണം പാതി ചെല്ലുമ്പോൾ സചിന് കൈമാറാമെന്ന വാക്കാൽ ധാരണ ഉണ്ടായിരുന്നു.
അത് ലംഘിക്കപ്പെട്ടപ്പോൾ കലാപക്കൊടി ഉയർത്തിയ സചിനെ വെട്ടാൻ അധികാരമുള്ള ഗെഹ്‍ ലോട്ടിന് എളുപ്പം കഴിഞ്ഞു. എതിരാളിയെ വെട്ടിനിരത്തുന്നതിൽ ഗെഹ്‍ ലോട്ടിനുള്ള കഴിവ് മുമ്പും തെളിഞ്ഞതാണ്.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഒരിക്കൽ പരിഗണിക്കപ്പെട്ടിരുന്ന ഇപ്പോഴത്തെ സ്പീക്കർ സി.പി. ജോഷി ഒറ്റ വോട്ടിന് തെരഞ്ഞെടുപ്പിൽ തോറ്റതിൽ പാർട്ടിക്കാർക്കുള്ള പങ്ക് സംശയിക്കപ്പെട്ടിരുന്നു.
ഇത്തവണയും കുതികാലിന് വെട്ടേറ്റാൽ സചിൻ പൈലറ്റ് കോൺഗ്രസിൽ തുടരുമോ എന്ന സന്ദേഹം മുതിർന്ന നേതാക്കൾതന്നെ പ്രകടിപ്പിക്കുന്നുണ്ട്. അങ്ങനെ സംഭവിച്ചാൽ അതിന് ഒരേയൊരു ഉത്തരവാദിയും 'നിയുക്ത' പ്രസിഡന്റ് തന്നെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.