പിരിച്ചുവിടല്‍, നിര്‍ബന്ധിത അവധി, കൊഴിഞ്ഞുപോക്ക്
text_fieldsനിര്‍ബന്ധിത അവധിയെടുപ്പിക്കലും പിരിച്ചുവിടലുമാണ് നോട്ടുനിരോധനം തൊഴില്‍മേഖലയില്‍ സൃഷ്ടിച്ച ആദ്യ പ്രത്യാഘാതം. പരമ്പരാഗത തൊഴിലിടങ്ങള്‍ സ്തംഭനാവസ്ഥയിലായെങ്കില്‍ വാണിജ്യമേഖല നഷ്ടം കുറക്കാനാണ് ജീവനക്കാരെ ഒഴിവാക്കാന്‍ തുടങ്ങിയത്. ഈ തിരിച്ചടി ആദ്യം ഏറ്റുവാങ്ങേണ്ടി വന്നതാകട്ടെ വിപണിയുമായി ബന്ധപ്പെട്ട് തൊഴിലെടുക്കുന്നവരും. സംസ്ഥാനത്തെ ആഭ്യന്തര വരുമാനത്തിന്‍െറ നാലിലൊന്ന് പങ്കാളിത്തം വഹിക്കുന്ന വാണിജ്യമേഖലയില്‍ 12.3 ലക്ഷം പേര്‍ പണിയെടുക്കുന്നുണ്ടെന്നാണ് കണക്ക്. 0.5 ലക്ഷം ചില്ലറ കടകളും ലക്ഷത്തോളം ഹോട്ടലുകളുമടക്കം 6.75 ലക്ഷം വാണിജ്യസ്ഥാപനങ്ങളിലായാണ് ഇത്രയധികം പേര്‍ തൊഴിലെടുക്കുന്നത്. അപ്രതീക്ഷിതമായ നോട്ടു അസാധുവാക്കല്‍ തീരുമാനം മേഖലയില്‍ കനത്ത ഇടിവുണ്ടാക്കി.
അടിസ്ഥാന ആവശ്യങ്ങള്‍ക്കുള്ള വില്‍പന മാത്രമാണ് നവംബര്‍ എട്ടിനുശേഷം നടന്നതെന്ന് വ്യാപാരികള്‍ പറയുന്നു. വസ്ത്രശാലകളടക്കമുള്ള സ്ഥാപനങ്ങള്‍ പ്രതിസന്ധിയിലായതോടെ ചെലവ് കുറക്കാന്‍ തുടങ്ങി. നവംബറിലെ ശമ്പളം നല്‍കിയെങ്കിലും ഡിസംബറായപ്പോഴേക്കും പ്രതിസന്ധി മൂര്‍ച്ഛിച്ചതോടെ പലയിടങ്ങളിലും ആളെ കുറച്ചു. ചിലര്‍ നിര്‍ബന്ധിത അവധിയെടുപ്പിച്ചു.
ചില്ലറ വില്‍പന കമ്പോളത്തിലെ ഭക്ഷണ-പലചരക്ക് സ്ഥാപനങ്ങള്‍, മരുന്നുഷോപ്പുകള്‍ എന്നിവയുള്‍പ്പെടുന്ന 55 ശതമാനം മാറ്റിനിര്‍ത്തിയാല്‍ ശേഷിക്കുന്ന 45 ശതമാനം തുണി-റെഡിമെയ്ഡ്, വാച്ച്, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഉപഭോക്തൃ വസ്തുക്കള്‍, ഫര്‍ണിച്ചര്‍, കേറ്ററിങ്, വിനോദം, സ്വര്‍ണാഭരണം, ചെരിപ്പ്, മൊബൈല്‍ എന്നിവയുമായി ബന്ധപ്പെട്ടവയാണ്. വിപണിയുമായി ബന്ധപ്പെട്ട തൊഴിലിടങ്ങളെ ആശ്രയിക്കുന്ന ആകെയുള്ള 12.3 ലക്ഷം പേരില്‍ 65 ശതമാനവും ഈ രണ്ടാം വിഭാഗത്തില്‍ പണിയെടുക്കുന്നവരാണ്.
മത്സ്യമേഖലയിലും തൊഴില്‍ദിനങ്ങളുടെ എണ്ണം കുറഞ്ഞു. സ്വതവേ മാന്ദ്യം നേരിടുന്ന മേഖലയില്‍ നോട്ടുനിരോധനം കൂടിയായതോടെ സ്തംഭനാവസ്ഥയാണ്. 2006ലെ കണക്കുപ്രകാരം കേരളത്തിന്‍െറ വാര്‍ഷിക മത്സ്യോല്‍പാദനം 6.70 ലക്ഷം ടണ്ണാണ്. പിന്നീട് വന്ന ഒരോ വര്‍ഷവും ശരാശരി രണ്ടുശതമാനം വരെ കുറവ് നേരിട്ടു. ഇതിന് ആനുപാതികമായി തൊഴില്‍നഷ്ടവും കൂടി വന്നു.
വിപണി ലഭിക്കില്ളെന്ന കാരണത്താല്‍ നോട്ട് നിരോധനത്തിനുശേഷം പല ഉടമകളും ബോട്ടയക്കല്‍ നിര്‍ത്തി. ബോട്ടിലെ ജീവനക്കാരെ ഇത് നേരിട്ട് ബാധിച്ചു. മത്സ്യസംസ്കരണം, ചെറുകിട കച്ചവടം എന്നിങ്ങനെ അനുബന്ധ മേഖലകളിലും ഈ നിശ്ചലാവസ്ഥയും തൊഴിലില്ലായ്മയും പ്രകടമാണ്.
കശുവണ്ടിത്തൊഴിലാളികള്‍ ഉള്‍പ്പെടുന്ന സംഘടിത തൊഴില്‍മേഖലയില്‍ പിരിച്ചുവിടലോ, നിര്‍ബന്ധിത അവധിയെടുപ്പിക്കലോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
അതേസമയം, കൂലിവൈകല്‍ വരുംമാസങ്ങളില്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് വിലയിരുത്തല്‍. കയര്‍മേഖലയില്‍ വിലയിടിവാണ് ആശങ്കയുയര്‍ത്തുന്നത്.
ഗതിമുട്ടി ഇതരസംസ്ഥാനക്കാര്‍
സ്വന്തമായി ബാങ്ക് അക്കൗണ്ടില്ലാത്തതിനാല്‍ അസാധുനോട്ടുകള്‍ മാറ്റാന്‍കഴിയാതെ വെട്ടിലായവരും ഇവരുടെ കൂട്ടത്തിലുണ്ട്. നിര്‍മാണമേഖലയിലെ പ്രതിസന്ധി വയറ്റത്തടിച്ചത് ഇതരസംസ്ഥാനക്കാരായ ലക്ഷക്കണക്കിന് തൊഴിലാളികളെയാണ്. നവംബര്‍ 20ന് ശേഷം പ്രതിദിനം ശരാശരി 3000-3500 പേര്‍ തൊഴിലില്ലാതെ നാട്ടിലേക്ക് മടങ്ങുന്നുണ്ടെന്നാണ് തൊഴില്‍വകുപ്പിന്‍െറ കണക്ക്. മുമ്പ് നിര്‍മാണ സാമഗ്രികളുടേയോ മറ്റോ കുറവുമൂലം ജോലിയില്ലാതായാല്‍ മറ്റ് മേഖലകളില്‍ പണിയെടുത്താണ് ഇവര്‍ വരുമാനം കണ്ടത്തെിയിരുന്നത്.
എന്നാല്‍, നിലവിലെ സാഹചര്യത്തില്‍ മറ്റ് തൊഴില്‍മേഖലകളിലേക്ക് മാറാനും കഴിയുന്നില്ല. ഇതോടെയാണ് പലരും മടങ്ങാന്‍ തീരുമാനിച്ചതെന്നാണ് ഇവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധപ്രവര്‍ത്തകര്‍ പറയുന്നത്. വരും ദിവസങ്ങളില്‍ തിരിച്ചുപോക്ക് കൂടാനാണ് സാധ്യത. പണമിടപാട് നടത്താന്‍ സ്വന്തമായി ബാങ്ക് അക്കൗണ്ടുകളില്ലാത്തവരാണ് അധികവും. അതിനാല്‍ അസാധുനോട്ടുകള്‍ മാറിയെടുക്കാന്‍ മാര്‍ഗമില്ലാതെ വെട്ടിലായവരും ഇവരുടെ കൂട്ടത്തിലുണ്ട്.
പണം അയക്കാതെ നാട്ടിലേക്ക് പോകുമ്പോള്‍ മാത്രം കൊണ്ടുപോകുന്നവര്‍ 23 ശതമാനമാണ്. മറ്റുള്ളവരുടെ അക്കൗണ്ടുകളെ ആശ്രയിക്കുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട് (21.50 ശതമാനം പേര്‍). പോസ്റ്റ്ഓഫിസ് (1.63 ശതമാനം പേര്‍), അറിയാവുന്ന സുഹൃത്തുക്കളുടെ കൈവശം (6.94 ശതമാനം പേര്‍), കരാറുകാര്‍ (0.54 ശതമാനം പേര്‍) എന്നിങ്ങനെയാണ് ഇവരുടെ പണവിനിമയം. വേതനം ബാങ്ക് കേന്ദ്രീകൃതമാകുന്ന പുതിയ സാഹചര്യത്തില്‍ മതിയായ തിരിച്ചറിയല്‍രേഖപോലും ഇല്ലാത്ത ഇവര്‍ക്ക് എങ്ങനെ തുടരാനാകുമെന്നതിലും ആശങ്കയുണ്ട്.
തൊഴിലില്ലായ്മ നിരക്ക് ഉയരും
നിലവിലെ സാമ്പത്തികപ്രതിസന്ധി, സാമ്പത്തികമാന്ദ്യത്തിന് തുല്യമായ സ്വാധീനമാണ് തൊഴില്‍മേഖലയില്‍ സൃഷ്ടിക്കുക
തിരുവനന്തപുരം: നോട്ടു അസാധുവാക്കലിനെ തുടര്‍ന്നുള്ള അനിശ്ചിതാവസ്ഥ സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ത്തുമെന്ന്് വിലയിരുത്തല്‍. നിലവിലെ സാമ്പത്തികപ്രതിസന്ധി, സാമ്പത്തികമാന്ദ്യത്തിന് തുല്യമായ സ്വാധീനമാണ് തൊഴില്‍മേഖലയില്‍ സൃഷ്ടിക്കുക. ഇതാണ് തൊഴിലില്ലായ്മ നിരക്ക് കൂടാനിടയാക്കുന്നത്. 2004 ന് ശേഷം തൊഴിലില്ലായ്മ നിരക്ക് ക്രമേണ കുറഞ്ഞുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
നാഷനല്‍ സാമ്പിള്‍ സര്‍വേ (എന്‍.എസ്.എസ്-തൊഴില്‍സാഹചര്യങ്ങളെ സംബന്ധിച്ച്) അനുസരിച്ച് 2004-05നും 2009-10നും ഇടക്ക് ഗ്രാമീണമേഖലയിലെ തൊഴിലില്ലായ്മ നിരക്ക് 15.8 ശതമാനത്തില്‍നിന്ന് ഒമ്പതുശതമാനമായി കുറഞ്ഞിട്ടുണ്ട്. ഇതേ കാലയളവില്‍, നഗരമേഖലയിലെ തൊഴിലില്ലായ്മ നിരക്ക് 19.9 ശതമാനത്തില്‍നിന്നും 8.3 ശതമാനമായി. കഴിഞ്ഞ 20 കൊല്ലങ്ങള്‍ക്കുള്ളില്‍ ഇത്ര വലിയ തോതില്‍ കേരളത്തിലെ തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞിട്ടില്ല. കേരളം കൈവരിച്ച ഈ നേട്ടം സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ ഗുണം ചെയ്തിട്ടുമുണ്ട്.
ഗ്രാമീണമേഖലയില്‍, 2004-05നും 2009-10നും ഇടക്ക് സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 30.9 ശതമാനത്തില്‍നിന്ന് 21.0 ശതമാനമായാണ് കുറഞ്ഞത്. നഗരമേഖലയില്‍ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 42.9 ശതമാനത്തില്‍നിന്ന് 19.8 ശതമാനമായും കുറഞ്ഞിരുന്നു.
2010ന് ശേഷമുള്ള ഒൗദ്യോഗിക കണക്കുകള്‍ ലഭ്യമായിട്ടില്ളെങ്കിലും പൊതുവില്‍ തൊഴിലില്ലായ്മ നിരക്ക് 2010നേക്കാള്‍ കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നാടെങ്ങും അറിയപ്പെടാത്ത ‘നിതാഖാത്’
കണ്ണൂര്‍: കറന്‍സി പ്രതിസന്ധിയുടെ വ്യാപ്തി നാടെങ്ങും അറിയപ്പെടാത്ത ‘നിതാഖാത് ’ആയി മാറുകയാണ്. വ്യാപാര സ്ഥാപനങ്ങളും ഫാക്ടറികളും പരസ്യമായി സമ്മതിക്കില്ളെങ്കിലും തൊഴില്‍ മേഖലയില്‍നിന്ന് ദിവസക്കൂലിക്കാരും തൊഴില്‍ നിയമത്തിന്‍െറ പരിധിയില്‍ ഉള്‍പ്പെടാത്ത സെയില്‍സ്മാന്മാരും സെയില്‍സ്ഗേള്‍സും ആട്ടിയിറക്കപ്പെടുന്നു. നിത്യവും ഇങ്ങനെ വീടകം പൂകുന്ന തൊഴില്‍രഹിതരുടെ എണ്ണം കൂടിവരികയാണ്. കണ്ണൂര്‍ ജില്ലയില്‍ ഇതരസംസ്ഥാന തൊഴിലാളികളില്‍ എഴുപത് ശതമാനവും നാട് വിട്ടുകഴിഞ്ഞു. മട്ടന്നൂരില്‍ പുതിയ വിമാനത്താവളത്തിന്‍െറ ജോലികള്‍ ഏറ്റെടുത്ത സബ് ഏജന്‍റുമാര്‍ക്ക് കീഴിലെ കൂലിത്തൊഴിലാളികള്‍ ഒൗദ്യോഗിക രേഖകളിലില്ലാത്തവരാണ്. ഇവരില്‍ ഒരു വിഭാഗം ഇതരസംസ്ഥാന തൊഴിലാളികളെ ഏജന്‍റുമാര്‍ നാട്ടിലേക്ക് തിരിച്ചയച്ചു കഴിഞ്ഞു.
ജില്ലയിലെ മരം -ഫര്‍ണിച്ചര്‍ വ്യവസായമേഖലയും പൂര്‍ണ സ്തംഭനാവസ്ഥയിലാണ്. മലയോരമേഖലയില്‍ റബര്‍ സംസ്കരണം പകുതിയലേറെ കുറഞ്ഞു. ഇതിന്‍െറ പ്രതിഫലനം പ്രകടമാവുന്നത് സംസ്കരണ ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന ചില്ലറവ്യാപാര രംഗത്താണ്. ഇരിട്ടി ടൗണിലെ മിക്ക മലഞ്ചരക്ക്-മലഞ്ചരക്ക് അനുബന്ധ വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാരോടും താല്‍ക്കാലം കടയില്‍ വരേണ്ടെന്നാണ് ഉടമകള്‍ പറഞ്ഞിരിക്കുന്നത്.
പണക്കമ്മിമൂലം തൊഴിലാളികള്‍ക്ക് കൂലി നല്‍കാനാവാത്തതിനാല്‍ കാര്‍ഷിക ജോലികള്‍ മിക്കതും നിലച്ചു. ഇതുമൂലം നിരവധിപേര്‍ അരപ്പട്ടിണിയിലായി. ജില്ലയില്‍ നിര്‍മാണതൊഴിലാളികള്‍ അതിരാവിലെ ഒത്തുകൂടി ഏജന്‍റുമാരുടെ വിളിക്കായി കാത്തിരിക്കുന്ന കുറേ ഇടത്താവളങ്ങളുണ്ട്. കണ്ണൂര്‍ തെക്കിബസാര്‍, ചാല, പഴയങ്ങാടി, തലശ്ശേരി തുടങ്ങിയ സ്ഥലങ്ങള്‍. രാവിലെ ഇവിടെയത്തെുന്ന തൊഴിലാളികള്‍ ഉച്ചയായിട്ടും ജോലി കിട്ടാതെ തിരിച്ചുപോകുന്ന കാഴ്ചയാണിപ്പോള്‍.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.