അബ്സറിനെ പൊലീസ് വെടിവെച്ചത് ആറുതവണ; നാലുവെടിയുണ്ടകൾ നീക്കം ചെയ്തു
text_fieldsറാഞ്ചി: പ്രവാചക നിന്ദക്കെതിരായി ഝാർഖണ്ഡിലെ റാഞ്ചിയിൽ നടന്ന പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പിൽ യുവാവിന് ഗുരുതര പരിക്ക്. ആറുതവണ വെടിയേറ്റ അബ്സർ എന്ന യുവാവാണ് രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ചികിത്സയിലുള്ളത്.
ചന്തയിൽ നിന്ന് തിരികെ വരുമ്പോഴാണ് സംഘർഷം ശ്രദ്ധയിൽ പെട്ടെതെന്നും അതിനിടെയാണ് വെടിയേറ്റതെന്നും അബ്സർ പറഞ്ഞു. താൻ പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നില്ല. പ്രതിഷേധക്കാരുടെ കല്ലേറും പൊലീസിന്റെ വെടിവെപ്പും കണ്ടു. അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് തനിക്ക് വെടിയേറ്റത്. വെടിയേറ്റ് താഴെ വീണു. ആറ് തവണയാണ് വെടിയേറ്റത്. നാലു വെടിയുണ്ടകൾ ആശുപത്രിയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഇനിയും രണ്ടെണ്ണം നീക്കം ചെയ്യാനുണ്ടെന്നും അബ്സർ പറഞ്ഞു.
കുറച്ച് ദിവസങ്ങൾക്കുള്ളിൽ ബാക്കി വെടിയുണ്ടകൾ കൂടി നീക്കം ചെയ്യുമെന്ന് ഡോക്ടർ പറഞ്ഞു. തബാറക്ക് എന്നയാളും വെടിയേറ്റ് ആശുപത്രിയിൽ ചികിത്സയിലുണ്ട്. സംഘർഷം കണ്ട് ഓടി രക്ഷപ്പെടുന്നതിനിടെയാണ് തനിക്കും വെടിയേറ്റതെന്ന് തബാറക്ക് പറഞ്ഞു.
പൊലീസ് വെടിവെപ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ 20 ഓളം പേർ ചികിത്സയിലുണ്ട്. ബി.ജെ.പി ദേശീയ വക്താവായിരുന്ന നൂപുർ ശർമയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ലാത്തിച്ചാർജും വെടിവെപ്പുമുണ്ടായി. പ്രതിഷേധക്കാർ പൊലീസിന് നേരെ കല്ലെറിഞ്ഞു.
സംഘർഷത്തിൽ പരിക്കേറ്റ് എത്തിയ 22 പേരിൽ 10 പേർ പൊലീസ് ഉദ്യോഗസ്ഥരും മറ്റുള്ളവർ പ്രതിഷേധക്കാരുമാണ്. അതിൽ മൂന്നുപേരുടെ നില അതീവ ഗുരുതരമായി തുടരുകയാണെന്നും ആശുപത്രി അധികൃതർ പറഞ്ഞു.
സംഭവത്തിന്റെ എല്ലാവശവും അന്വേഷിക്കാൻ ഝാർഖണ്ഡ് സർക്കാർ രണ്ടംഗ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥനായ അമിതാഭ് കൗശൽ, അഡീഷണൽ ഡയറക്ടർ ജനറൽ സഞ്ജയ് ലത്ക്രം എന്നിവരാണ് അന്വേഷണ സംഘാംഗങ്ങൾ. ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സംഘത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ ഝാർഖണ്ഡിന്റെ നിരവധി ഭാഗങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.