അലോപതി മരുന്നുകൾക്കെതിരായ പരാമർശം; രാംദേവിനെതിരായ കേസുകളുടെ തൽസ്ഥിതി അറിയിക്കാൻ സുപ്രീംകോടതി നിർദേശം
text_fieldsന്യൂഡൽഹി: അലോപതി മരുന്നുകൾക്കെതിരായ പരാമർശത്തിൽ പതഞ്ജലി സ്ഥാപകൻ ബാബ രാംദേവിനെതിരായ കേസുകളുടെ തൽസ്ഥിതി അറിയിക്കാൻ സുപ്രീംകോടതി ഛത്തിസ്ഗഢ്, ബിഹാർ സർക്കാറുകളോട് നിർദേശിച്ചു. അലോപതി മരുന്നുകൾ കോവിഡ് ഭേദമാക്കില്ലെന്നായിരുന്നു രാംദേവ് പറഞ്ഞത്. ഇതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിൽ തനിക്കെതിരായ കേസുകൾ ഒന്നിച്ചാക്കണമെന്ന ബാബ രാംദേവിന്റെ അപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എസ്.വി.എൻ. ഭട്ടി എന്നിവരുടെ നിർദേശം. കോവിഡിന്റെ അലോപതി ചികിത്സയുമായി ബന്ധപ്പെട്ട് രാംദേവ് നടത്തിയ പരാമർശങ്ങളുടെ വിഡിയോയും പ്രസ്താവനകളും സമർപ്പിക്കാനും നിർദേശിച്ചു. കേസ് വേനലവധിക്കു ശേഷം സുപ്രീംകോടതി പരിഗണിക്കും.
ബാബ രാംദേവിനെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് (ഐ.എം.എ) സുപ്രീംകോടതിയെ സമീപിച്ചത്. ഐ.എം.ഐയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ബിഹാറിലും ഛത്തിസ്ഗഢിലുമാണ് ബാബ രാംദേവിനെതിരെ കേസെടുത്തത്. ഇതുകൂടാതെ ഐ.എം.എയുടെ പട്ന, റായ്പുർ ഘടകങ്ങളും 2021ൽ പരാതി നൽകിയിരുന്നു. രാംദേവിന്റെ തെറ്റായ പ്രചാരണം കോവിഡിന് ചികിത്സ തേടുന്നതിൽ ജനങ്ങളെ പിന്തിരിപ്പിക്കുമെന്നും ഐ.എം.എ വ്യക്തമാക്കിയിരുന്നു.
തനിക്കെതിരായ കേസുകളെല്ലാം ഒന്നിച്ചാക്കണമെന്നും ഡൽഹിയിലേക്ക് മാറ്റണമെന്നുമായിരുന്നു ബാബ രാംദേവിന്റെ ഹരജി. കേസുകളിലെ അന്വേഷണം സ്റ്റേ ചെയ്യണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. പതഞ്ജലി ആയുർവേദ ഉൽപന്നങ്ങളുടെ തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ നൽകിയതിന് ബാബ രാംദേവ് സുപ്രീംകോടതിയിൽ കോടതിയലക്ഷ്യ നടപടിയും നേരിടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.