'ചെങ്കോട്ടയിൽ കാവിക്കൊടി' പരാമർശം: മന്ത്രി ഈശ്വരപ്പക്കെതിരെ രാജ്യദ്രോഹക്കേസ് ചുമത്തണം - സിദ്ധരാമയ്യ
text_fieldsബംഗളൂരു: ചെങ്കോട്ടയിൽ കാവിക്കൊടി ഉയർത്തുമെന്ന വിവാദ പരാമർശത്തിൽ ഗ്രാമീണ വികസന- പഞ്ചായത്തീരാജ് മന്ത്രിയും ബി.ജെ.പിയുടെ മുതിർന്ന നേതാവുമായ കെ.എസ്. ഈശ്വരപ്പക്കെതിരെ രാജ്യദ്രോഹ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ നിയമസഭയിൽ ആവശ്യപ്പെട്ടു. പ്രസ്തുത പരാമർശം നടത്തിയ ഈശ്വരപ്പക്ക് മന്ത്രിയെന്ന പദവിയിൽ തുടരാൻ അർഹതയില്ലെന്നും അദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് പുറത്താക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആർജവം കാണിക്കണമെന്നും സിദ്ധരാമയ്യ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം ബുധനാഴ്ച നിയമസഭയിൽ ഭരണ- പ്രതിപക്ഷ അംഗങ്ങൾക്കിടയിൽ രൂക്ഷ വാക്കേറ്റത്തിനിടയാക്കി.
ശിവമൊഗ്ഗയിലെ സ്കൂളിൽ ശിരോവസ്ത്ര വിരുദ്ധ പ്രതിഷേധത്തിനിടെ കൊടിമരത്തിൽ കാവിക്കൊടി ഉയർത്തിയ സംഭവത്തെ ന്യായീകരിച്ച മന്ത്രി കെ.എസ്. ഈശ്വരപ്പ, ഭാവിയിൽ കാവിക്കൊടി ദേശീയപതാകയാവുമെന്നും ചെങ്കോട്ടയിൽ ഉയരുമെന്നും ഫെബ്രുവരി ഒമ്പതിന് പ്രസ്താവന നടത്തിയിരുന്നു. ദേശദ്രോഹപരമായ പരാമർശം നടത്തിയിട്ടും അദ്ദേഹത്തിനെതിരെ പൊലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
കർഷകസമരത്തിനിടെ ചെങ്കോട്ടയിൽ സിഖ് പതാകയുയർത്തിയതിന് രാജ്യദ്രോഹ കേസെടുത്തതുപോലെ ബി.ജെ.പി മന്ത്രിക്കെതിരെയും കേസെടുക്കണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഈശ്വരപ്പ മുതിർന്ന രാഷ്ട്രീയ നേതാവാണ്. ഉത്തരവാദിത്തത്തോടെ സംസാരിക്കേണ്ട അദ്ദേഹം ദേശീയപതാകയെ കുറിച്ചും ദേശീയഗാനത്തെ കുറിച്ചും തികച്ചും നിരുത്തരവാദപരമായാണ് സംസാരിക്കുന്നത്. എല്ലാ പൗരന്മാരും ഭരണഘടനയെയും ദേശീയപതാകയെയും ദേശീയഗാനത്തെയും ബഹുമാനിക്കണമെന്ന് ഭരണഘടനയുടെ 15 (1) വകുപ്പ് പറയുന്നു. ചെങ്കോട്ടയിൽ കാവിക്കൊടി പാറുമെന്ന് ഈശ്വരപ്പ പറയുന്നുവെന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ഇതോടെ ഭരണപക്ഷ നിര ബഹളംവെച്ച് പ്രതിഷേധമുയർത്തി.
ഇതോടെ മന്ത്രി ഈശ്വരപ്പയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനിര ദേശീയപതാകയുമായി സഭയുടെ നടുത്തളത്തിലിറങ്ങി. ഈശ്വരപ്പയുടെ പ്രസ്താവന സിദ്ധരാമയ്യ ശരിക്കും മനസ്സിലാക്കണമെന്ന് സ്പീക്കർ വിേശ്വശ്വര ഹെഗ്ഡെ കാഗേരി പറഞ്ഞതോടെ പ്രസ്തുത പ്രസ്താവന നിയമസഭയിൽ പ്രദർശിപ്പിക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടു.
ഡി.കെ. ശിവകുമാർ അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ ഈശ്വരപ്പയുടെ ഇരിപ്പിടത്തിന് ചുറ്റും വളഞ്ഞതോടെ സഭാനടപടികളും തടസ്സപ്പെട്ടു. മുമ്പ് വിദ്വേഷ പരാമർശങ്ങളുടെ പേരിലും കുപ്രസിദ്ധി നേടിയ നേതാവാണ് ഈശ്വരപ്പ. തനിക്ക് വോട്ടുചെയ്യാത്ത മുസ്ലിംകൾ തന്നോട് സഹായം ചോദിച്ച് വരേണ്ടതില്ലെന്ന് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹം പ്രസ്താവന നടത്തിയിരുന്നു. അയോധ്യ മാതൃകയിൽ കാശിയിലെയും മസ്ജിദ് തകർക്കണമെന്ന ആഹ്വാനവും അടുത്തിടെ അദ്ദേഹം നൽകിയിരുന്നു. കേരളത്തിൽ സംഘ് പരിവാർ പ്രവർത്തകർക്കുനേരെ അക്രമം നടക്കുകയാണെന്നും പ്രതിരോധത്തിനായി നിയമം കൈയിലെടുക്കണമെന്നും അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടതും വിവാദമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.