ഓർമയുണ്ടോ മോദി ബൈഡന് സമ്മാനിച്ച ഗുലാബി മീനാകാരി? യു.പിയിലെ പെട്രോൾ പമ്പിലും ബാങ്കുകളിലും നിന്ന് അതെല്ലാം വാങ്ങാം
text_fieldsന്യൂഡൽഹി: ജനീവയിലെ ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി യു.എസ് പ്രസിഡന്റ് ജോ ബൈഡന് സമ്മാനിച്ച വിശിഷ്ടവസ്തുക്കളെ കുറിച്ച് ഓർക്കുന്നുണ്ടോ? ഇന്ത്യയുടെ പ്രൗഢമായ സാംസ്കാരിക, കരകൗശല പാരമ്പര്യം വിളിച്ചോതുന്ന വസ്തുക്കളാണ് അന്ന് മോദി ബൈഡന് നൽകിയത്. ഉത്തര്‍പ്രദേശിലെ വാരാണസിയിലെ വിശേഷപ്പെട്ട കരകൗശല വസ്തുക്കളായ ഗുലാബി മീനാകാരിയിലുള്ള ബ്രൂച്ചും കഫ്ലിങ്ക് സെറ്റുമാണ് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് സമ്മാനിച്ചത്.
വാരണാസിയിൽ നിന്നുള്ള ഇതുപോലുള്ള ഉൽപ്പന്നങ്ങൾ ഇപ്പോൾ ഉത്തർപ്രദേശിലെ ജനപ്രിയമായ 'ഒരു ജില്ല ഒരു ഉൽപ്പന്നം' പദ്ധതിയുടെ പ്രധാന ആകർഷകമായി മാറുകയാണ്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും അതായത് പെട്രോൾ പമ്പുകളിലും റെയിൽവേ സ്റ്റേഷനുകളിലും ബാങ്ക് പരിസരങ്ങളിലും ഈ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാൻ യു.പി സർക്കാർ ഇപ്പോൾ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (ഐ.ഒ.സി), ഇന്ത്യൻ റെയിൽവേ , ബാങ്കുകൾ എന്നിവരുമായി സഹകരിക്കുകയാണെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി (ഇൻഫർമേഷൻ, എം.എസ്.എം.ഇ) ലഖ്‌നോയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യൻ ഓയിൽ കോർപറേഷൻ ഞങ്ങൾക്ക് പെട്രോൾ പമ്പുകളിൽ ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കാൻ പ്രത്യേക സ്ഥലം നൽകാൻ തയ്യാറാണ്. റെയിൽവേ സ്റ്റേഷനുകളിൽ കരകൗശല വസ്തുക്കളുടെ വിൽപനക്കായി കട തുടങ്ങാനാണ് പരിപാടി. കരകൗശല തൊഴിലാളികളായിരിക്കും അവിടത്തെ കച്ചവടക്കാർ. ബാങ്കുകൾക്കും സമാന രീതിയിൽ നിർദേശം നൽകിയതായി സെഹ്ഗാൾ പറഞ്ഞു.
മധ്യപ്രദേശും ഈ പദ്ധതി ഏറ്റെടുക്കാനുള്ള ആലോചനയിലാണ്. ഇതേ ആവശ്യത്തിനായി അരുണാചൽ പ്രദേശിൽ നിന്നുള്ള സംഘം യു.പിയിൽ സന്ദർശനം നടത്തിയ കാര്യവും സെഹ്ഗാൾ സൂചിപ്പിച്ചു. വാരാണാസിയിൽ ഗുലാബി മീനാകാരിയും ബനാറസ് സാരികൾ പോലെ ജനപ്രിയമാണ്. കാശിയിൽ നിന്നുള്ള കരകൗശല വിദഗ്ധർ തലമുറകളായി ഈ കലാരൂപം നിലനിർത്താൻ നിരന്തരം അധ്വാനിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.