യു.പിയിൽ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് പരാതിപ്പെട്ട പൊലീസുകാരനെ 600 കി.മീറ്റർ അകലേക്ക് സ്ഥലം മാറ്റി
text_fieldsലഖ്നോ: കഴിക്കാൻ നൽകിയ ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തെ കുറിച്ച് പരാതിപ്പെട്ട യു.പി കോൺസ്റ്റബിളിനെ 600 കിലോമീറ്റർ അകലേക്ക് സ്ഥലം മാറ്റി. അടുത്തിടെയാണ് ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തെ കുറിച്ച് ഇദ്ദേഹം സംസാരിക്കുന്ന വിഡിയോ വൈറലായിരുന്നു. സംസ്ഥാന ആഭ്യന്തര വകുപ്പിന് വിഡിയോ വലിയ നാണകേടുണ്ടാക്കിയതിനെ തുടർന്നാണ് കോൺസ്റ്റബിൾ മനോജ് കുമാറിനെ ശിക്ഷയായി സ്ഥലം മാറ്റിയത്. ഫിറോസാബാദിൽ നിന്ന് 600 കിലോമീറ്റർ അകലെയുള്ള ഗാസിപൂർ ജില്ലയിലേക്കാണ് സ്ഥലം മാറ്റം.
"ഇത് നായകൾ പോലും കഴിക്കില്ല. 12 മണിക്കൂർ ഡ്യൂട്ടി കഴിഞ്ഞ് കഴിക്കാൻ കിട്ടുന്നത് ഇതാണ്. രാവിലെ മുതൽ വിശന്നാണ് ജോലി ചെയ്യുന്നത്. ഞങ്ങളെ കേൾക്കാൻ ആരുമില്ല"-അദ്ദേഹം പൊതുജനങ്ങളോട് കരഞ്ഞ് പരാതിപ്പെടുന്നതാണ് വിഡിയോയിൽ ഉണ്ടായിരുന്നത്. വിഷയത്തിൽ ഡി.ജി.പിയോട് പരാതിപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ജോലിയിൽ നിന്ന് പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായി കുമാർ ആരോപിച്ചു.
എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി മനോജ് കുമാർ പലകാരണങ്ങളാൽ അച്ചടക്ക നടപടികൾ നേരിട്ടിട്ടുണ്ടെന്നായിരുന്നു സംഭവത്തിന് ശേഷം ഫിറോസാബാദ് പൊലീസിന്റെ പ്രതികരണം. ഭക്ഷണത്തിന്റെ ഗുണനിലവാരം സംബന്ധിച്ച ഇയാളുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വയോധികരായ മാതാപിതാക്കളും സഹോദരിമാരുമടക്കം ആറ് അംഗങ്ങളുള്ള കുടുംബത്തിന്‍റെ ഏക അത്താണിയാണ് മനോജ് കുമാർ. പുതിയ സ്ഥലം മാറ്റം കുടുംബത്തെ പരിപാലിക്കുന്നത് ഏറെ ബുദ്ധിമുട്ടിലാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കുമാറിന്റേത് ഒറ്റപ്പെട്ട സംഭവമല്ല. വിഡിയോ വൈറലായി ദിവസങ്ങൾക്ക് ശേഷം, മെസ്സിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ച് പലരും പരാതിപ്പെടുന്ന മറ്റു വിഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.