‘ഇതും ഓർമയിലുണ്ടാവണം’; രാഹുലിനെ മോദി കളിയാക്കുന്ന ദൃശ്യങ്ങളുമായി തിരിച്ചടിച്ച് കോൺഗ്രസ്...
text_fieldsന്യൂഡൽഹി: പ്രസംഗമധ്യേ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിനെ മിമിക്രിയിലൂടെ അനുകരിച്ച തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാനർജിയുടെ നടപടി വിവാദമാക്കി മുതലെടുപ്പിന് ശ്രമിക്കുന്ന ബി.ജെ.പിക്കെതിരെ അതേ നാണയത്തിൽ തിരിച്ചടിച്ച് കോൺഗ്രസ്. പാർട്ടി നേതാവ് രാഹുൽ ഗാന്ധിയെ പാർലമെന്റിലെ പ്രസംഗത്തിനിടെ അംഗവിക്ഷേപങ്ങളിലൂടെ പരിഹസിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചാണ് കോൺഗ്രസ് മറുപടി നൽകിയത്.
‘ആര് ആരെയാണ് ഹാസ്യാനുകരണം നടത്തിയതെന്ന് ഓർക്കുന്നത് നന്നാവും; അതും ലോക്സഭയിൽവെച്ച്’ -രാഹുലിനെ മോദി കളിയാക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് കോൺഗ്രസ് നേതാവ് ജയ്റാം രമേഷ് ‘എക്സി’ൽ കുറിച്ചു. 142 എം.പിമാരെ അസാധാരണ നടപടിയിലൂടെ സസ്‍പെൻഡ് ചെയ്ത നടപടിയിൽനിന്ന് ജനശ്രദ്ധ തിരിക്കുന്നതിന് നടത്തുന്ന വിഫലശ്രമങ്ങളാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘വിദഗ്ധരിൽനിന്ന് പരിശീലിച്ചെടുക്കുന്ന ഒരു കലാരൂപമാണ് മിമിക്രി’ -മോദിയുടെ ദൃശ്യങ്ങൾ പങ്കുവെച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര കുറിച്ചു. ‘തന്റെ പദവിയെ ചിലർ പരിഹസിച്ചുവെന്നതോർത്താണ് രാജ്യസഭാ ചെയർമാൻ ദുഃഖിതനായത്. അതൊരിക്കലും അദ്ദേഹത്തിന് അംഗീകരിക്കാനാവില്ല. തന്റെ പദവിയെ പരിഹസിക്കാൻ അധികാരമുള്ള ഏക വ്യക്തി താൻ മാത്രമാണെന്നാണ് അദ്ദേഹം കരുതുന്നത്. അത് അദ്ദേഹം എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നതാണ്’ -മറ്റൊരു പോസ്റ്റിൽ മഹുവ കുറിച്ചു.
വിവാദത്തിന് പിന്നാലെ ബുധനാഴ്ച മോദി ഉപരാഷ്ട്രപതിയെ വിളിച്ചിരുന്നു. താൻ കഴിഞ്ഞ 20 വർഷമായി ഇത്തരം പരിഹാസങ്ങൾ കേൾക്കുന്നുവെന്നും ഭരണഘടനയിലെ മൂല്യങ്ങളോടാണ് തന്റെ പ്രതിപത്തിയെന്നതിനാൽ ഒരു പരിഹാസത്തിനും തന്റെ വഴി മാറ്റാനാവില്ലെന്നും ധാൻകറിനോട് പ്രധാനമന്ത്രി പറഞ്ഞതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു.
മോദിക്ക് മറുപടിയുമായി കല്യാൺ ബാനർജി തന്നെ രംഗത്തുവന്നു. ‘മോദി എന്തുകൊണ്ടാണ് 20 വർഷം എന്നൊക്കെ പറയുന്നത് എന്നറിയില്ല. ഞാനിവിടെ 20 വർഷമൊന്നും ആയിട്ടില്ല. ധാൻകർ ജിയെ വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. മിമിക്രി ഒരു കലാരൂപമാണ്. അദ്ദേഹം അത് തനിക്കുനേരെയുള്ളതായി എടുത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല’ -ബാനർജി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.