മണിപ്പൂർ മുഖ്യമന്ത്രിയെ നീക്കൽ; വഴങ്ങാതെ കേന്ദ്രം
text_fieldsന്യൂഡൽഹി: മണിപ്പൂരിൽ കലാപം കത്തിയാളുന്നതിനിടയിൽ മുഖ്യമന്ത്രി ബിരേൻ സിങ്ങിനെ ഡൽഹിക്ക് വിളിച്ചുവരുത്തി കേന്ദ്രസർക്കാർ. മുഖ്യമന്ത്രിയെ മാറ്റണമെന്ന ശക്തമായ സമ്മർദം ശനിയാഴ്ച നടന്ന സർവകക്ഷിയോഗത്തിൽ ഉയർന്നതിന് പിന്നാലെയാണിത്. ഞായറാഴ്ച ഡൽഹിയിലെത്തി ബിരേൻ സിങ് ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടു. അതേസമയം, രാഷ്ട്രീയ കാരണങ്ങളാൽ മുഖ്യമന്ത്രിയെ മാറ്റാനിടയില്ല.
മുഖ്യമന്ത്രിയെ മാറ്റിനിർത്തിയാണ് ശനിയാഴ്ച ആഭ്യന്തര മന്ത്രി സർവകക്ഷിയോഗം ഡൽഹിയിൽ നടത്തിയത്. ബിരേൻ സിങ്ങിനെ മാറ്റി സമാധാനം പുനഃസ്ഥാപിക്കാൻ പുതിയ ശ്രമങ്ങൾക്ക് തുടക്കമിടണമെന്ന ആവശ്യമാണ് പ്രധാനമായും സർവകക്ഷിയോഗത്തിൽ ഉയർന്നത്. സായുധസംഘങ്ങളെ കർക്കശമായി നിരായുധീകരിച്ച് സൗഹാർദവും വിശ്വാസവും തിരിച്ചുപിടിക്കാൻ നടപടി തുടങ്ങണമെങ്കിൽ മുഖ്യമന്ത്രി മാറണമെന്ന് ചൂണ്ടിക്കാണിക്കപ്പെട്ടു.
സമ്പൂർണ പരാജയമാണെങ്കിലും ബി.ജെ.പിക്കാരനായ മുഖ്യമന്ത്രിയെ സംരക്ഷിച്ചുനിർത്തിയുള്ള ബദൽ മാർഗങ്ങൾക്കാണ് കേന്ദ്രം വഴിതേടുന്നത്. ഇതിന്റെ ഭാഗമായാണ് ബിരേൻ സിങ്ങിനെ സർവകക്ഷി യോഗത്തിന് തൊട്ടുപിന്നാലെ ഡൽഹിക്ക് വിളിച്ചത്. അതേസമയം, 18 രാഷ്ട്രീയപാർട്ടി പ്രതിനിധികളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ രണ്ടു മുഖ്യമന്ത്രിമാരും നാല് എം.പിമാരും പങ്കെടുത്ത സർവകക്ഷിയോഗത്തിലാണ് മണിപ്പൂർ മുഖ്യമന്ത്രി മാറ്റിനിർത്തപ്പെട്ടതെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
വംശീയവും വിഭാഗീയവുമായ കലാപത്തിന്റെ തീയാണ് രണ്ടു മാസമായിട്ടും മണിപ്പൂരിൽ അണയാതെ ആളുന്നത്. 2002ലെ ഗുജറാത്ത് വംശഹത്യയിൽ മുഖ്യമന്ത്രിയെ മാറ്റാൻ വാജ്പേയി സർക്കാറിനു മുന്നിൽ കടുത്ത സമ്മർദം ഉയർന്നെങ്കിലും, അതിനെ പ്രതിരോധിച്ച് ജയിച്ചയാളാണ് അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി. ഇപ്പോൾ മണിപ്പൂരിൽ ബിരേൻ സിങ്ങിനെ മാറ്റിയാൽ, ഗുജറാത്തിലെ പഴയ സാഹചര്യം ചർച്ചയിലേക്ക് വരും. അത് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കും.
സാഹചര്യങ്ങൾ ആഭ്യന്തര മന്ത്രിയെ ധരിപ്പിച്ചതായി ബിരേൻ സിങ് പറഞ്ഞു. മണിപ്പൂർ പതിയെ സാധാരണനിലയിലേക്ക് മടങ്ങുകയാണെന്നും അദ്ദേഹം വിശദീകരിച്ചു. അതിനിടെ, മണിപ്പൂരിലെ 10 പാർട്ടികളുടെ പങ്കാളിത്തത്തിൽ ഡൽഹിയിൽ മണിപ്പൂർ ദേശീയ സമാധാന കൺവെൻഷൻ നടന്നു. പ്രധാനമന്ത്രി തുടരുന്ന മൗനം, ആഭ്യന്തര മന്ത്രിയുടെ കാര്യക്ഷമതയില്ലായ്മഎന്നിവ കൺവെൻഷനിൽ ആവർത്തിച്ച് ചോദ്യംചെയ്യപ്പെട്ടു.ബിരേൻസിങ് തുടരുന്ന ഓരോ നിമിഷവും സമാധാന- ശ്രമങ്ങളിൽ പാഴാവുന്ന ഓരോ നിമിഷങ്ങളാണെന്ന് കോൺഗ്രസ് വക്താവ് ജയ്റാം രമേശ് പറഞ്ഞു.
സൈന്യം പിടികൂടിയ 12 സായുധസംഘാംഗങ്ങളെ ജനക്കൂട്ടം മോചിപ്പിച്ചു
മണിപ്പൂർ: വംശീയ സംഘർഷം തുടരുന്ന മണിപ്പൂരിൽ സൈന്യം പിടികൂടിയ 12 സായുധസംഘാംഗങ്ങളെ ജനക്കൂട്ടം മോചിപ്പിച്ചു. ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ഇഥാം ഗ്രാമത്തിലാണ് സംഭവം. സൈന്യം നടത്തിയ ഓപറേഷനിലാണ് മെയ്തേയി തീവ്രവാദി ഗ്രൂപ്പായ കാംഗലെയ് യാവോൽ കന്ന ലൂപിൽപെട്ട (കെ.വൈ.കെ.എൽ) 12 പേരെയും ആയുധങ്ങളും പിടികൂടിയത്. എന്നാൽ, ഇവരെ കൊണ്ടുപോകുന്നതിനിടെ 1500ഓളം വരുന്ന സ്ത്രീകൾ സൈന്യത്തെ തടയുകയായിരുന്നു. ശനിയാഴ്ച മുഴുവൻ പ്രദേശത്ത് സൈന്യവും ജനക്കൂട്ടവും നേർക്കുനേർ നിന്നു. ഒടുവിൽ പിടികൂടിയ ആളുകളെ ഗ്രാമത്തലവന് കൈമാറുകയും ആയുധങ്ങളുമായി സൈന്യം പോവുകയുമായിരുന്നു. സൈന്യം വിട്ടുകൊടുത്തവരിൽ 2015ൽ സൈന്യത്തിന്റെ 6-ദോഗ്ര യൂനിറ്റിനുനേരെ നടത്തിയ ആക്രമണത്തിന്റെ സൂത്രധാരൻ ഉത്തം എന്ന മൊയിരങ്തം താംബയും ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.