നന്ദിഗ്രാമിലെ വോട്ടർപട്ടികയിൽനിന്ന് സുവേന്ദു അധികാരിയുടെ പേരുവെട്ടണം -തൃണമൂൽ
text_fieldsകൊൽക്കത്ത: ബി.ജെ.പി നേതാവും സ്ഥാനാർഥിയുമായ സുേവന്ദു അധികാരിയുടെ പേര് നന്ദിഗ്രാമിലെ വോട്ടർ പട്ടികയിൽനിന്ന് നീക്കണമെന്ന ആവശ്യവുമായി തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് തൃണമൂൽ കോൺഗ്രസ്. സുവേന്ദു അധികാരി നന്ദിഗ്രാമിലെ സ്ഥിര താമസക്കാരനല്ലെന്നും ആറുമാസമായി പ്രദേശത്ത് താമസിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.
തെറ്റായ വിവരങ്ങൾ നൽകിയതിന് സുവേന്ദു അധികാരിക്കെതിരെ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് കമീഷന് അയച്ച കത്തിൽ പറയുന്നു.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തൃണമൂൽ വിട്ട് ബി.ജെ.പി പാളയത്തിലെത്തിയ നേതാവാണ് സുവേന്ദു അധികാരി. മുൻ തെരഞ്ഞെടുപ്പുകളിൽ നന്ദിഗ്രാമിൽനിന്നാണ് സുവേന്ദു തൃണമൂൽ ടിക്കറ്റിൽ നിയമസഭയിലെത്തിയത്. ഇത്തവണ ബി.ജെ.പി പാളയത്തിലെത്തിയതോടെ നന്ദിഗ്രാമിൽ സുവേന്ദുവിനെ നേരിടാൻ മുഖ്യമന്ത്രി മമത ബാനർജിയാണ് നേരിട്ടിറങ്ങുന്നത്. സുവേന്ദുവും മമതയും നേരിട്ട് ഏറ്റുമുട്ടുന്ന നന്ദിഗ്രാം ഇതോടെ ശ്രദ്ധേയ മണ്ഡലങ്ങളിലൊന്നായി മാറി.
ബംഗാൾ പിടിക്കണമെന്നുറപ്പിച്ച് ബി.ജെ.പിയും വിട്ടുനൽകില്ലെന്ന വാശിയോടെ തൃണമൂൽ കോൺഗ്രസും തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയതോടെ കടുത്ത മത്സരമാണ് ബംഗാളിൽ നടക്കുക.
ഇരു മുന്നണികൾക്കും പുറമെ ഇടതുപാർട്ടികളും കോൺഗ്രസും മത്സര രംഗത്തുണ്ട്. മാർച്ച് 27 മുതൽ ഏപ്രിൽ ഒമ്പതുവരെ എട്ടുഘട്ടമായാണ് ബംഗാളിലെ തെരഞ്ഞെടുപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.