സർക്കാർ സ്‌കൂളുകളുടെ പേരിൽ നിന്ന് ട്രൈബൽ എന്ന വാക്ക് നീക്കം ചെയ്യണം -മദ്രാസ് ഹൈകോടതി
text_fieldsചെന്നൈ: തമിഴ്‌നാട് സർക്കാർ സ്‌കൂളുകളുടെ പേരുകളിൽ നിന്ന് ട്രൈബൽ എന്ന വാക്ക് നീക്കം ചെയ്യാൻ നിർദേശിച്ച് മദ്രാസ് ഹൈകോടതി.
ജൂണിൽ 68 പേരുടെ മരണത്തിനിടയാക്കിയ വ്യാജമദ്യ ദുരന്തത്തിൽ കൽവരയൻ കുന്നുകൾക്ക് ചുറ്റും താമസിക്കുന്ന ജനങ്ങളുടെ, പ്രത്യേകിച്ച് പട്ടികവർഗക്കാരുടെ സാമൂഹിക-സാമ്പത്തിക നിലയെക്കുറിച്ചുള്ള സ്വമേധയാ കേസ് പരിഗണിക്കവെയാണ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
സർക്കാർ ട്രൈബൽ റസിഡൻഷ്യൽ സ്‌കൂൾ എന്ന പേരിൽ പൊതുവിദ്യാലയങ്ങൾ പ്രദേശത്ത് പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെടുത്തികൊണ്ട് സർക്കാർ സ്‌കൂളിന്‍റെ പേരിനൊപ്പം ട്രൈബൽ എന്ന പദം ഉപയോഗിക്കുന്നത് ന്യായമല്ലെന്ന് കോടതി പറഞ്ഞു
ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും പൊതുപണം ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്‌കൂളുകളിൽ ഇത്തരം നിബന്ധനകൾ സർക്കാർ അനുവദിക്കുന്നത് വേദനാജനകമാണെന്ന് ജസ്റ്റിസുമാരായ എസ്.എം. സുബ്രഹ്മണ്യം, സി. കുമാരപ്പൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു.
ഒരു സാഹചര്യത്തിലും കുട്ടികളെ കളങ്കപ്പെടുത്തുന്നത് കോടതികളും സർക്കാരും അംഗീകരിക്കില്ല. ഒരു പ്രത്യേക സമുദായത്തെ / ജാതിയെ സൂചിപ്പിക്കുന്ന അത്തരം പേരുകൾ ഉപയോഗിക്കുന്നിടത്തെല്ലാം നീക്കം ചെയ്യുകയും സ്കൂളുകൾക്ക് "സർക്കാർ സ്കൂൾ" എന്ന് നാമകരണം ചെയ്യുകയും പ്രദേശത്ത് താമസിക്കുന്ന കുട്ടികൾക്ക് അവരുടെ വിദ്യാഭ്യാസം തുടരുന്നതിന് സ്കൂളിൽ പ്രവേശനം നൽകുകയും വേണമെന്ന് ബെഞ്ച് അഭിപ്രായപ്പെട്ടു.
സാമൂഹ്യനീതിയിൽ മുൻപന്തിയിൽ നിൽക്കുന്ന തമിഴ്‌നാടിന് ഇത്തരം അപകീർത്തികരമായ വാക്കുകൾ ചേർക്കുന്നത് അനുവദിക്കാനാകില്ലെന്നും കോടതി പറഞ്ഞു. വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കണമെന്നും കോടതി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.