നെഹ്റു വേണ്ട; ജെ.എൻ.യുവിന് സ്വാമി വിവേകാനന്ദന്‍റെ പേര് നൽകണമെന്ന് ബി.ജെ.പി
text_fieldsന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാലയുടെ പേര് മാറ്റി സ്വാമി വിവേകാനന്ദന്‍റെ പേരിടണമെന്ന് ബി.ജെ.പി ആവശ്യം. പാർട്ടി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവിയാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. പിന്നാലെ നിരവധി ബി.ജെ.പി നേതാക്കൾ ആവശ്യമുയർത്തി രംഗത്തെത്തിയിരിക്കുകയാണ്.
രാജ്യത്തെ പ്രമുഖ സർവകലാശാലകളിലൊന്നായ ജെ.എൻ.യു കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാറിന് നിരന്തരം തലവേദന സൃഷ്ടിക്കുന്ന പ്രക്ഷോഭ കേന്ദ്രം കൂടിയാണ്. 1969ൽ സ്ഥാപിതമായ സർവകലാശാലക്ക് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയുടെ പേരാണ് നൽകിയത്. ഇത് മാറ്റണമെന്നാണ് ബി.ജെ.പിയുടെ ആവശ്യം.
ഏതാനും ദിവസങ്ങൾ മുമ്പാണ് ജെ.എൻ.യു ക്യാമ്പസിൽ സ്വാമി വിവേകാനന്ദന്‍റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തത്. ഇതിന് പിന്നാലെയാണ് പേരുമാറ്റണമെന്ന ആവശ്യം ഉയർത്തിയിരിക്കുന്നത്.
മഹാരാഷ്ട്ര, തമിഴ്നാട്, ഗോവ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറിയായ സി.ടി. രവി ട്വിറ്ററിലൂടെയാണ് ആവശ്യമുന്നയിച്ചത്. 'ഭാരതമെന്ന ആശയത്തിനായി നിലകൊണ്ടത് സ്വാമി വിവേകാനന്ദനാണ്. അദ്ദേഹത്തിന്‍റെ തത്വചിന്തയും മൂല്യങ്ങളും ഭാരതത്തിന്‍റെ ശക്തിയെയാണ് ഉയർത്തിക്കാട്ടുന്നത്. ജവഹർലാൽ നെഹ്റു സർവകലാശാലക്ക് സ്വാമി വിവേകാനന്ദന്‍റെ പേര് നൽകാൻ ഇതുമതി. ഭാരതത്തിന്‍റെ ദേശാഭിമാനിയായ സന്യാസിയുടെ ജീവിതം വരാനിരിക്കുന്ന തലമുറകളെ പ്രചോദിപ്പിക്കട്ടെ' -സി.ടി. രവി ട്വീറ്റ് ചെയ്തു.
പിന്നാലെ, ബി.ജെ.പി വക്താവ് താജീന്ദർ ബഗ്ഗ, ദേശീയ വക്താവ് അപരാജിത സാരംഗി, ബി.ജെ.പി എം.പി മനോജ് തിവാരി തുടങ്ങിയവർ ഈ വാദം ഏറ്റെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.