മോദിയുടെ മൂന്നാം ടേമിൽ അഹമദ്‌നഗറിനെ അഹല്യനഗർ എന്ന് പേരുമാറ്റും -ദേവേന്ദ്ര ഫഡ്‌നാവിസ്
text_fieldsഅഹമദ്‌നഗർ: അഹമദ്‌നഗർ ജില്ലയെ അഹല്യനഗർ എന്ന് പുനർനാമകരണം ചെയ്യുന്നതിനുള്ള നടപടികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൂന്നാം ടേമിൽ പൂർത്തിയാകുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്.
18-ാം നൂറ്റാണ്ടിലെ മറാത്ത രാജ്ഞി അഹല്യദേവിയുടെ ബഹുമാനാർത്ഥം അഹമദ്‌നഗർ ജില്ലയെ അഹല്യനഗർ എന്ന് പുനർനാമകരണം ചെയ്യാൻ സംസ്ഥാന സർക്കാർ ഇതിനകം തീരുമാനമെടുത്തിട്ടുണ്ടെന്ന് മോദിയുടെ സാന്നിധ്യത്തിൽ പടിഞ്ഞാറൻ മഹാരാഷ്ട്രയിൽ ഒരു തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.
പതിനെട്ടാം നൂറ്റാണ്ടിൽ മധ്യ ഇന്ത്യയിലെ മറാത്ത മാൾവ സാമ്രാജ്യത്തിലെ രാജ്ഞിയായ മഹാറാണി അഹല്യദേവി ഹോൾക്കർ പടിഞ്ഞാറൻ മഹാരാഷ്ട്രയിലെ ഇന്നത്തെ അഹമ്മദ്‌നഗർ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ജനിച്ചത്. കഴിഞ്ഞ വർഷം, മഹാരാഷ്ട്രയിലെ ഔറംഗബാദിനെ ഛത്രപതി സംഭാജിനഗർ എന്നും ഒസ്മാനാബാദിനെ ധാരാശിവ് എന്നും ഔദ്യോഗികമായി പുനർനാമകരണം ചെയ്തിരുന്നു.
വിമതനീക്കത്തെ തുടർന്ന് അധികാരമൊഴിയുന്നതിന് തൊട്ടുമുൻപ് ഉദ്ധവ് താക്കറെ സർക്കാറാണ് ഔറംഗബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുകൾ മാറ്റാൻ തീരുമാനമെടുത്തത്. ഗവർണർ ഭൂരിപക്ഷം തെളിയിക്കാൻ ആവശ്യപ്പെട്ടതിന് ശേഷം എടുത്ത തീരുമാനമായതിനാൽ നിയമവിരുദ്ധമാണെന്ന് പിറ്റേന്ന് സത്യപ്രതിജ്ഞ ചെയ്ത ഷിൻഡേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും പറഞ്ഞിരുന്നു. തുടർന്ന് പുതിയ നിർദേശമായി മന്ത്രിസഭാ യോഗത്തിൽ അവതരിപ്പിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.