ലോക പ്രശസ്ത കാർ ഡിസൈനർ ദിലീപ് ഛബ്രിയയെ കസ്റ്റഡിയിൽ വിട്ടു
text_fieldsമുംബൈ: വഞ്ചനക്കുറ്റത്തിനും വ്യാജരേഖ ചമയ്ക്കലിനും അറസ്റ്റിലായ ലോക പ്രശസ്ത കാർ ഡിസൈനർ ദിലീപ് ഛബ്രിയയെ ജനുവരി 7 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഡിസംബർ 29നാണ് മുംബൈ ക്രൈംബ്രാഞ്ചിലെ ക്രിമിനൽ ഇന്‍റലിജൻസ് യൂനിറ്റ് (സി.ഐ.യു) ഇദ്ദേഹെത്ത അറസ്റ്റ് ചെയ്തത്.
വ്യാജരേഖ ചമച്ച് ധനകാര്യസ്ഥാപനങ്ങളെ കബളിപ്പിച്ച് കോടികൾ വാഹനവായ്പ എടുത്ത് തിരിച്ചടക്കാതെ വഞ്ചിച്ചെന്നാണ് ഛബ്രിയക്കെതിരായ കേസ്. ഇതുവരെ 40 കോടിയിലേറെ രൂപയുടെ തട്ടിപ്പു നടത്തിയെന്നാണ് നിഗമനം.
ഇതിനുപിന്നിൽ അന്തർസംസ്ഥാന റാക്കറ്റുണ്ടെന്നും കൂടുതൽ അന്വേഷണത്തിന് പ്രതിയെ കസ്റ്റഡിയിൽ വേണമെന്നും ക്രൈംബ്രാഞ്ച് മുംബൈ കില്ല കോടതിയെ അറിയിച്ചു. വഞ്ചന, വ്യാജരേഖ ചമയ്ക്കൽ കുറ്റത്തിന് ഇന്ത്യൻ പീനൽ കോഡിലെ 420 വകുപ്പാണ് ഛബ്രിയക്കെതിരെ ചുമത്തിയത്. ഇദ്ദേഹത്തിന്‍റെ ഡി.സി ഡിസൈൻസ് എന്ന സ്ഥാപനം റീഡിസൈൻ ചെയ്ത ആഡംഭര കാറും പൊലീസ് പിടിച്ചെടുത്തു.
ഡി.സി ഡിസൈൻസ് രൂപകൽപന ചെയ്ത ഡിസി അവന്തി എന്ന സ്പോർട്സ് കാറുകളിലൊന്ന് ഗതാഗത നിയമം ലംഘച്ചതിന് പിടിയിലായിരുന്നു. ഇതിന് പിഴ ഇൗടാക്കുന്നതിനിടെയാണ് വൻ തട്ടിപ്പ് വെളിച്ചത്ത് വന്നത്. വിവിധ ഇടങ്ങളിൽനിന്ന് വായ്പകൾ നേടാൻ വാഹനം ചെന്നൈയിലും ഹരിയാനയിലും ഇരട്ട റജിസ്ട്രേഷൻ നടത്തിയതായി അന്വേഷണത്തിൽ വ്യക്തമായി.
സ്വകാര്യ ധനകാര്യസ്ഥാപനങ്ങളിൽനിന്ന് ഡിസി വൻതുക വായ്പയെടുത്ത ശേഷം അതേ കാർ വിൽപന നടത്തുകയും വായ്പ തിരിച്ചടയ്ക്കാതിരിക്കുകയുമാണ് ചെയ്തിരുന്നത്. ഇതുവരെ 120 ഡി.സി അവന്തി സ്പോർട്സ് കാറുകളാണ് വിറ്റത്. ഇതിൽ 90 എണ്ണത്തിനും വായ്പ വാങ്ങിയതായാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ. ബോളിവുഡ് നടി അടക്കമുള്ളവർ പരാതി നൽകിയതായും പൊലീസ് അറിയിച്ചു.
വാഹന റീഡിസൈനിങ്ങിൽ ലോകത്ത് തന്നെ നമ്പർ വൺ സ്ഥാപനമാണ് ദിലീപ് ഛബ്രിയയുടേത്. ചെറുകാറുകൾ മുതൽ കോടികൾ വിലമതിക്കുന്ന വാഹനങ്ങൾ വരെ എല്ലാവരെയും ഞെട്ടിക്കുന്ന അത്യാധുനിക രൂപമാറ്റത്തിൽ ഡി.സി പുറത്തിറക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.