വിദ്യാഭ്യാസ വിദഗ്ധൻ ഡോ. മുംതാസ് അഹ്മദ് ഖാൻ നിര്യാതനായി
text_fieldsബംഗളൂരു: പ്രമുഖ വിദ്യാഭ്യാസ വിദഗ്ധനും അലീഗഢ് മുസ്ലിം സർവകലാശാല മുൻ പ്രോ വൈസ് ചാൻസലറുമായ ഡോ. മുംതാസ് അഹ്മദ് ഖാൻ (86) ബംഗളൂരുവിൽ നിര്യാതനായി. 'ബാബാ യെ തഅ്ലീം' എന്നറിയപ്പെട്ടിരുന്ന ഇദ്ദേഹം കർണാടകയിൽ മുസ്ലിംകൾക്കിടയിൽ വിദ്യാഭ്യാസരംഗത്ത് വൻ കുതിപ്പിന് വഴിയൊരുക്കിയ അൽ അമീൻ എജുക്കേഷനൽ സൊസൈറ്റിയുടെ സ്ഥാപക സെക്രട്ടറിയാണ്. പ്രീ സ്കൂൾ മുതൽ മാനേജ്മെൻറ് പി.ജി കോളജ്, ലോ കോളജ്, മെഡിക്കൽ കോളജ് വരെ 200ലേറെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് അൽ അമീൻ ട്രസ്റ്റിന് കീഴിലുള്ളത്. കർണാടകയിലെ പ്രമുഖ ഉർദു ദിനപത്രമായ 'ഡെയ്ലി സാലാർ' ഏറ്റെടുത്ത അൽ അമീൻ ട്രസ്റ്റ് 1980കളിൽ സഹകരണ മേഖലയിൽ ബംഗളൂരുവിലും മംഗളൂരുവിലുമായി അമാനത്ത് ബാങ്ക് എന്ന പേരിലും ഇസ്ലാമിക് ബാങ്കിങ് ആശയവുമായി അൽ അമീൻ ഇസ്ലാമിക് ഫിനാൻസ് കോർപറേഷനും തുടങ്ങി. ഇവ പിന്നീട് പ്രവർത്തനം നിലച്ചു.
തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ജനിച്ച അദ്ദേഹം മദ്രാസ് സർവകലാശാലയിൽനിന്ന് എം.ബി.ബി.എസ് ബിരുദവും സ്റ്റാൻലി മെഡിക്കൽ കോളജിൽനിന്ന് പി.ജിയും നേടി. തുടർന്ന് ബംഗളൂരുവിലെത്തിയ അദ്ദേഹം വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിക്കുകയായിരുന്നു. വിദ്യാഭ്യാസ- സാമൂഹിക മേഖലയിലെ സംഭാവനകൾ മാനിച്ച് കർണാടക സർക്കാർ രാജ്യോത്സവ അവാർഡ്, കെംപഗൗഡ അവാർഡ് എന്നിവ നൽകി ആദരിച്ചു. ഭാര്യയും മൂന്നു മക്കളുമടങ്ങുന്നതാണ് കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.