രേണുക സ്വാമി വധക്കേസ്; ദർശന്റെയും കൂട്ടുപ്രതികളുടെയും ജുഡീഷ്യൽ കസ്റ്റഡി 12വരെ നീട്ടി
text_fieldsബംഗളൂരു: രേണുക സ്വാമി കൊലക്കേസിൽ നടൻ ദർശൻ തൂഗുദീപയുടെയും കൂട്ടുപ്രതികളുടെയും ജുഡീഷ്യൽ കസ്റ്റഡി വ്യാഴാഴ്ച വരെ നീട്ടി. 17 പ്രതികളുടെയും ജുഡീഷ്യൽ കസ്റ്റഡി തിങ്കളാഴ്ച അവസാനിച്ചതോടെ വിഡിയോ കോൺഫറൻസിങ് വഴി 24ാം അഡീഷനൽ ചീഫ് മെട്രോപൊളിറ്റൻ കോടതി മുമ്പാകെ ഹാജരാക്കി.
കേസിൽ കഴിഞ്ഞയാഴ്ച അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. 3991 പേജുള്ള പ്രാഥമിക കുറ്റപത്രമാണ് സമർപ്പിച്ചത്. ദർശൻ രേണുക സ്വാമിയെ ക്രൂരമായി മർദിച്ചതായും പവിത്ര ഗൗഡ ചെരിപ്പുകൊണ്ട് അടിച്ചതായും കുറ്റപത്രത്തിൽ പറയുന്നു. ഇരുവരുടെയും ഫോണുകളിൽനിന്ന് മർദനത്തിന്റേതടക്കമുള്ള ദൃശ്യങ്ങളും കണ്ടെത്തിയിട്ടുണ്ട്. ദർശൻ സ്വകാര്യ ഭാഗങ്ങളിൽ ക്രൂരമായി ക്ഷതമേൽപിച്ചതായും കഴുത്തിലും നെഞ്ചിലും വയറ്റിലും ചവിട്ടിയെന്നും കണ്ടെത്തി. ഇരയുടെ ആന്തരികാവയവങ്ങൾക്ക് സാരമായ കേടുപാട് സംഭവിച്ചിരുന്നു. തലയോട്ടി തകർന്ന് തലച്ചോറിൽ രക്തം കട്ടപിടിച്ചതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി.
മർദനത്തെ തുടർന്നുള്ള കൊലപാതകത്തിനുശേഷം ദർശൻ പവിത്രയോട് പൊലീസ് അന്വേഷിച്ചാൽ എല്ലാ കാര്യങ്ങളും നിഷേധിക്കണമെന്നും, തന്റെയും പവിത്രയുടെയും പങ്കിനെ കുറിച്ച് പൊലീസിനോട് വെളിപ്പെടുത്തരുതെന്ന് മറ്റു പ്രതികളോടും ദർശൻ നിർദേശിച്ചിരുന്നു. 30 ലക്ഷം രൂപയാണ് ദർശൻ കൂട്ടുപ്രതികൾക്ക് നൽകിയത്.
പവിത്രയുടെ ഫോണിൽനിന്ന് രേണുക സ്വാമി അയച്ച 65 ഫോട്ടോകളും17 സ്ക്രീൻ ഷോട്ടുകളും 20 അശ്ലീല സന്ദേശങ്ങളും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. രേണുക സ്വാമി പവിത്ര ഗൗഡക്ക് മോശം സന്ദേശങ്ങൾ അയച്ചതാണ് ദർശനെ പ്രകോപിപ്പിച്ചത്. ദർശനും പവിത്രയും തമ്മിലെ വാട്സ് സന്ദേശങ്ങളും അന്വേഷണ സംഘം വീണ്ടെടുത്തു. പ്രതികളിലൊരാളായ വിനയിന്റെ ഫോണിൽനിന്ന് കൊലപാതകവുമായി ബന്ധപ്പെട്ട 10 ഫോട്ടോകൾ കണ്ടെടുത്തിരുന്നു. മറ്റൊരു പ്രതിയായ ദീപകിന്റെ ഫോണിൽനിന്ന് 30 സന്ദേശങ്ങളും വീണ്ടെടുത്തു.
പരപ്പന അഗ്രഹാര ജയിലിൽ കഴിയവേ ദർശന് പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്തിയെന്ന കാരണത്താൽ ജയിൽ ചീഫ് സൂപ്രണ്ട് അടക്കം ഒമ്പതുപേരെ ആഭ്യന്തര വകുപ്പ് സസ്പെൻഡ് ചെയ്തിരുന്നു. ദർശൻ നിലവിൽ ബെള്ളാരി സെൻട്രൽ ജയിലിലാണുള്ളത്. മറ്റു പ്രതികളായ പവൻ, രാഘവേന്ദ്ര, നന്ദിഷ് എന്നിവരെ മൈസൂരു ജയിലിലേക്കും ജഗദീഷ്, ലക്ഷ്മണ എന്നിവരെ ശിവമൊഗ്ഗ ജയിലിലേക്കും ധൻരാജിനെ ധാർവാഡ് ജയിലിലേക്കും മാറ്റിയിട്ടുണ്ട്.
മറ്റൊരു പ്രതി വിനയിനെ വിജയപുര ജയിലിലേക്കും നാഗരാജിനെ കലബുറഗി ജയിലിലേക്കും പ്രദാഷിനെ ബെളഗാവി ജയിലിലേക്കും മാറ്റി. കേസിലെ ഒന്നാം പ്രതി പവിത്ര ഗൗഡ, അരുൺ കുമാർ, ദീപക് എന്നിവരാണ് പരപ്പന അഗ്രഹാര ജയിലിൽ തുടരുന്നത്. രവി, കാർത്തിക്, നിഖിൽ, കേശവ മുർത്തി എന്നീ പ്രതികളെ തുമകൂരു ജയിലിലേക്കും മാറ്റിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.