രേണുകാസ്വാമി കൊലക്കേസില്‍ കന്നഡ നടന്‍ ദര്‍ശന് സോപാധിക ജാമ്യം
text_fieldsബംഗളൂരു: ഫാർമസി ജീവനക്കാരൻ രേണുകാസ്വാമിയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയും കന്നഡ നടനുമായ ദർശൻ തൊഗുദീപക്ക് കർണാടക ഹൈകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ആറ് ആഴ്ചത്തേക്കാണ് ജാമ്യം. ജൂൺ 11 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന ദർശന് ആരോഗ്യനില പരിഗണിച്ചാണ് കോടതി ജാമ്യം നൽകിയത്. നട്ടെല്ലിന് ശസ്ത്രക്രിയ നടത്തണമെന്ന് കാണിച്ചാണ് കേസിൽ മുഖ്യപ്രതി കൂടിയായ നടൻ ജാമ്യാപേക്ഷ നൽകിയത്.
നേരത്തെ, സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനുമുള്ള സാധ്യത കണക്കിലെടുത്ത് വിചാരണ കോടതി ജാമ്യം നിഷേധിച്ചിരുന്നു. ദർശൻ, പവിത്ര ഗൗഡ, നാഗരാജ്, ലക്ഷ്മൺ എന്നിവരുടെ ജാമ്യാപേക്ഷയാണ് സെഷൻസ് കോടതി തള്ളിയത്. ഇതിനു ശേഷം ദർശൻ ബെല്ലാരി ജയിലിൽ തുടരുകയായിരുന്നു. വൈദ്യപരിശോധക്കായി ബെല്ലാരിയിലെ തന്നെ വിജയനഗര ഇൻസ്റ്റിറ്റ്യൂട്ട് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ നിന്നുള്ള റിപ്പോർട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്.
ചിത്രദുർഗ സ്വദേശിയും ഫാർമസി ജീവനക്കാരനുമായ രേണുകസ്വാമിയെ ജൂൺ എട്ടിന് തലയ്ക്കടിച്ചു കൊലപ്പെടുത്തി കാമാക്ഷിപാളയിലെ മലിനജല കനാലിൽ തള്ളിയെന്ന കേസിലാണ് ദർശനും നടി വിത്ര ഗൗഡയും ഉൾപ്പെടെയുള്ളവർ പിടിയിലായത്. പവിത്ര ഗൗഡയെക്കുറിച്ച് സമൂഹ മാധ്യമത്തിൽ അപകീർത്തി പരാമർശം നടത്തിയതിനെ തുടർന്നാണ് രേണുകസ്വാമി കൊല്ലപ്പെട്ടത്. രേണുകാസ്വാമിയെ കൊലപ്പെടുത്താൻ ദർശനെയും മറ്റ് പ്രതികളെയും പ്രേരിപ്പിച്ചത് പവിത്രയാണെന്ന് ബംഗളുരു പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നുണ്ട്.
രേണുകാസ്വാമിയെ ബംഗളൂരു രാജരാജേശ്വരി നഗറിനു സമീപം പട്ടണഗെരെയിലുള്ള ഷെഡിലെത്തിച്ച് ഫാൻസ് അസോസിയേഷൻ അംഗങ്ങളുടെ സഹായത്തോടെ കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. സംഭവത്തിൽ ദർശൻ ഉൾപ്പെടെ 13 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവസ്ഥലത്ത് ദർശനൊപ്പം ഉണ്ടായിരുന്നെന്നു പൊലീസ് സംശയിക്കുന്ന സുഹൃത്തും നടിയുമായ പവിത്ര ഗൗഡയും, ഫാൻസ് അസോസിയേഷൻ ചിത്രദുർഗ ജില്ലാ പ്രസിഡന്റ് രാഘവേന്ദ്രയും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
ഭാര്യയുമായി അകന്നു താമസിക്കുന്ന ദർശനുമായി 10 വർഷമായി പവിത്ര ഗൗഡ അടുപ്പത്തിലാണ്. പവിത്രയുടെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ പോസ്റ്റിട്ടും നേരിട്ട് അശ്ലീല സന്ദേശങ്ങളയച്ചും രേണുകസ്വാമി അപമാനിച്ചതാണ് കൊലപാതക കാരണം. ദർശന്റെ കടുത്ത ആരാധകനായ ഇയാൾ പവിത്രയുമായുള്ള ബന്ധത്തെ രൂക്ഷമായി എതിർത്തിരുന്നു.
രേണുകസ്വാമിയെ ചിത്രദുർഗയിൽനിന്നു കാണാതായതിനു പിന്നാലെ തൊട്ടടുത്ത ദിവസം ബെംഗളൂരു സുമനഹള്ളി പാലത്തിനു സമീപത്തെ മലിനജല കനാലിൽനിന്ന് മൃതദേഹം കണ്ടെടുത്തു. തുടർന്ന് മൂന്ന് പേർ ഉത്തരവാദിത്തം ഏറ്റെടുത്ത് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. വസ്തു തർക്കമാണ് കൊലയ്ക്കു പിന്നിലെന്ന് ഇവർ നൽകിയ മൊഴി വിശ്വസനീയമായിരുന്നില്ല. വിശദമായ ചോദ്യം ചെയ്യലിലാണ് ദർശനു വേണ്ടിയാണ് കൊല നടത്തിയതെന്ന് തെളിഞ്ഞത്.
2011ൽ ഭാര്യ നൽകിയ ഗാർഹിക പീഡന കേസിൽ ദർശൻ അറസ്റ്റിലായിരുന്നു. യുവതിയെ പട്ടിയെ വിട്ടു കടിപ്പിച്ചെന്ന കേസും മൈസൂരുവിലെ ഫാമിൽ അനധികൃതമായി ദേശാടനപക്ഷികളെ കൂട്ടിലടച്ചെന്ന കേസും ഇയാൾക്കെതിരെയുണ്ട്. ക്രാന്തിവീര സംഗോള്ളി രായണ്ണ, കലാശിപാളയ, നവഗ്രഹ, സാരഥി, റോബർട്ട് തുടങ്ങിയവയാണ് ദർശന്റെ ഹിറ്റ് സിനിമകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.