ജമ്മു-കശ്മീരിന്‍റെ 370-ാം വകുപ്പ് റദ്ദാക്കൽ: സുപ്രീം കോടതി വാദം കേൾക്കും
text_fieldsന്യൂഡൽഹി: ജമ്മു-കശ്മീരിന് പ്രത്യേക പദവി നൽകുന്ന ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കിയതിനെതിരെ സമർപ്പിച്ച ഹരജികൾ വേനലവധിക്കു ശേഷം പരിഗണിക്കുമെന്ന സൂചന നൽകി ചീഫ് ജസ്റ്റിസ് എൻ.വി രമണ. ജമ്മു-കശ്മീരിന്‍റെ പദവി റദ്ദാക്കിയത് ഇനിയെങ്കിലും പരിഗണിക്കണമെന്ന ആവശ്യവുമായി മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ ശേഖർ നാഫഡെയാണ് ചീഫ് ജസ്റ്റിസ് എൻ.വി രമണ മുമ്പാകെ എത്തിയത്. ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞത് ചോദ്യംചെയ്ത് സമർപ്പിച്ച ഹരജികൾ സുപ്രീംകോടതി പരിഗണനയിലിരിക്കെ കേന്ദ്ര സർക്കാർ മണ്ഡല പുനർ നിർണയം നടത്തുന്ന സാഹചര്യത്തിലാണ് ശേഖർ നാഫഡെ അടിയന്തരമായി ഹരജി കേൾക്കാൻ ആവശ്യപ്പെട്ടത്. അടുത്തയാഴ്ചയെങ്കിലും ഹരജികൾ പരിഗണിക്കണമെന്നും ശേഖർ നാഫഡെ ആവശ്യപ്പെട്ടു.
ഞാൻ നോക്കട്ടെ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ വാക്കാലുള്ള മറുപടി. അവധി കഴിഞ്ഞ് സുപ്രീംകോടതി തുറക്കുന്ന ജൂലൈയിലെങ്കിലും ഹരജികൾ കേൾക്കാനുള്ള കേസുകളുടെ പട്ടികയിൽപ്പെടുത്തണം എന്ന് അഭിഭാഷകൻ അഭ്യർഥിച്ചു. 'അവധി കഴിഞ്ഞ് ഞാൻ നോക്കട്ടെ' എന്നായിരുന്നു ചീഫ് ജസ്റ്റിസിന്‍റെ മറുപടി. ഇത് അഞ്ചംഗ ബെഞ്ചിന്‍റെ വിഷയമാണെന്നും അതിനായി ബെഞ്ച് ഉണ്ടാക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
ചീഫ് ജസ്റ്റിസ് ആകും മുമ്പ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിലേക്കാണ് ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞ കേസുകൾ മാറ്റിയിരുന്നത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ആർ. സുഭാഷ് റെഡ്ഢി, ബി.ആർ. ഗവായി, സൂര്യകാന്ത് എന്നിവരായിരുന്നു ബെഞ്ചിലെ മറ്റു ജഡ്ജിമാർ. അതിൽ ജസ്റ്റിസ് സുഭാഷ് റെഡ്‌ഡി കാലാവധി കഴിഞ്ഞ് വിരമിക്കുകയും ചെയ്തു.
2019 ആഗസ്റ്റിൽ ജമ്മു-കശ്മീരിന്‍റെ പ്രത്യേക പദവി കേന്ദ്ര സർക്കാർ ഏകപക്ഷീയമായി റദ്ദാക്കിയ നടപടി ചോദ്യം ചെയ്ത് മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്, സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തുടങ്ങിയവർ സമർപ്പിച്ച ഹരജികളാണ് ഇനിയും പരിഗണിക്കാതെ കിടക്കുന്നത്. 2019 ഡിസംബറിൽ കേസിൽ വാദം കേട്ടു തുടങ്ങിയെങ്കിലും പിന്നീട് പുരോഗതിയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.