റിപ്പബ്ലിക് ദിനത്തിൽ കരസേന കരുത്തുകാട്ടുക 1950 മുതലുള്ള യൂണിഫോമുകളിൽ
text_fieldsന്യൂഡൽഹി: ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ രാജ്പഥിൽ നടക്കുന്ന സൈനിക പരേഡിൽ രാജ്യത്തിന്‍റെ കരസേനാ ജവാന്മാർ കരുത്തുകാട്ടുക വ്യത്യസ്ത യൂണിഫോമുകളിലെന്ന് റിപ്പോർട്ട്. 1950 മുതൽ സൈനികർ ഉപയോഗിച്ചിരുന്നതും നിലവിലെയും യൂണിഫോമുകളിലാവും പരേഡ് ചെയ്യുക.
1950, 1960, 1970കളിൽ ധരിച്ചിരുന്ന ആദ്യത്തെ യൂണിഫോം മുതൽ നിലവിൽ ഉപയോഗിക്കുന്ന ഒലിവ് ഗ്രീനും (ഒലിവ് പച്ച) കൂടാതെ, യുദ്ധവേളയിലെ പുതിയ യൂണിഫോമും ഇതിൽ ഉൾപ്പെടും. മുൻ കാലങ്ങളിൽ ഉപയോഗിച്ചിരുന്ന വ്യത്യസ്ത ആയുധങ്ങളേന്തിയ സൈന്യത്തിന്‍റെ ആറ് മാർച്ചിങ് സംഘങ്ങളാവും ഉണ്ടാവുക.
രജപുത്ര റെജിമെന്‍റിലെ സൈനികർ 1950 മുതലുള്ള യൂണിഫോമും അസം റെജിമെന്‍റിലെ അംഗങ്ങൾ 1960 മുതലുള്ള യൂണിഫോമും ധരിക്കും. ഈ രണ്ട് റെജിമെന്‍റുകളും 303 റൈഫിളുമായാണ് മാർച്ച് ചെയ്യുക.
ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രി വിഭാഗത്തിലെ (ജെ.എ.കെ.എൽ.ഐ) സൈനികർ 1970 മുതലുള്ള യൂണിഫോമിനൊപ്പം 7.62 എം.എം റൈഫിൽ ഉപയോഗിക്കും. സിഖ് ലൈറ്റ് ഇൻഫൻട്രി (സിഖ് എൽ.ഐ), ആർമി ഓർഡനൻസ് എന്നിവയിൽ നിന്നുള്ള സൈനികർ ഇൻസാസ് റൈഫിളുകൾക്കൊപ്പം നിലവിലെ ഒലിവ് പച്ച യൂണിഫോം ധരിക്കും.
ടവർ റൈഫിൾ വഹിക്കുന്ന പാരച്യൂട്ട് റെജിമെന്‍റ് സേനാംഗങ്ങൾ 2022ലെ ആർമി ഡേ പരേഡിൽ പ്രദർശിപ്പിച്ച പുതിയ കോംബാറ്റ് യൂണിഫോം ധരിക്കും.
കരസേനയിലെ ആറും നാവികസേനയിലെയും വ്യോമസേനയിലെ ഒന്ന് വീതവും സെൻട്രൽ ആംഡ് പൊലീസ് ഫോഴ്‌സുകളിലെ നാലും ഡൽഹി പൊലീസിലെ ഒന്നും നാഷണൽ കേഡറ്റ് കോർപ്‌സിലെ രണ്ടും എൻ.എസ്.എസിലെ ഒന്നും അടക്കം മൊത്തം 16 മാർച്ചിങ് സംഘങ്ങളാണ് ഉണ്ടാവുകയെന്ന് ഡൽഹി ഏരിയ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ അലോക് കാക്കർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.