അർണബും സംഘവും ബ്രോഡ്കാസ്റ്റ് മേഖലയുടെ അന്തസ് നശിപ്പിച്ചു, ഐ.ബി.എഫ് അംഗത്വം റദ്ദാക്കണം -എൻ.ബി.എ
text_fieldsന്യൂഡൽഹി: റിപബ്ലിക് ടി.വി എഡിറ്റർ അർണബ് ഗോസ്വാമിയും ബാർക് മുൻ സി.ഇ.ഒ പാർത്തോ ദാസ്ഗുപ്തയും തമ്മിലെ വാട്സ്ആപ് സന്ദേശങ്ങൾ ഞെട്ടലുണ്ടാക്കുന്നുവെന്ന് ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷൻ (എൻ.ബി.എ). റിപബ്ലിക് ടി.വി ചാനലിന് കൂടുതൽ കാഴ്ചക്കാരുണ്ടെന്ന് വരുത്താൻ ചാനൽ റേറ്റിങ്ങിൽ കൃത്രിമം കാണിച്ചുവെന്നും റിപബ്ലിക് ടി.വിയുടെ പ്രത്യേക നേട്ടത്തിനായി മറ്റു ചാനലുകളുടെ റേറ്റിങ് കുറച്ചുകാണിച്ച് തട്ടിപ്പ് നടത്തിയെന്ന് വ്യക്തമായതായും എൻ.ബി.എ അറിയിച്ചു.
ഈ വാട്സ്ആപ് ചാറ്റുകളിലൂടെ പുറത്തുവരുന്നത് തട്ടിപ്പുമാത്രമല്ല, അധികാര പ്രകടനം കൂടിയാണ്. രണ്ടുപേരും തമ്മിലുള്ള ചാറ്റിൽ സെക്രട്ടറിമാരുടെ നിയമനം, കാബിനറ്റ് പുനസംഘടന, പ്രധാനമന്ത്രിയുടെ ഓഫിസിലെ സ്വാധീനം, കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിലെ പ്രവർത്തനം തുടങ്ങിയവയെക്കുറിച്ചും സൂചിപ്പിക്കുന്നു. കഴിഞ്ഞ നാലുവർഷമായി റേറ്റിങ്ങിലെ കൃത്രിമത്തെക്കുറിച്ച് എൻ.ബി.എ ഉന്നയിക്കുന്ന ആരോപണങ്ങൾ ശരിവെക്കുന്നതാണ് പുറത്തുവന്ന തെളിവുകളെന്നും പ്രസ്താവനയിൽ പറയുന്നു.
ചാനൽ റേറ്റിങ് കൃത്രിമവുമായി ബന്ധപ്പെട്ട കോടതിയുടെ പരിധിയിലെ കേസിൽ വിധി വരുന്നതുവരെ അടിയന്തരമായി റിപബ്ലിക് ടി.വിയുടെ ഐ.ബി.എഫ് അംഗത്വം റദ്ദാക്കണമെന്നും എൻ.ബി.എ ആവശ്യെപ്പട്ടു. അർണബും റിപബ്ലിക് ടി.വിയും നടത്തിയ തട്ടിപ്പിനെ തുടർന്ന് ബ്രോഡ്കാസ്റ്റ് മേഖലയുടെ അന്തസിന് കോട്ടം വരുത്തിയെന്നും എൻ.ബി.എ പറഞ്ഞു.
അന്തിമ വിധി വരും വരെ ബാർക് റേറ്റിങ് സംവിധാനത്തിൽനിന്ന് റിപബ്ലിക് ടി.വിയെ ഒഴിവാക്കണം. ബാർകിന്‍റെ വിശ്വാസ്യത തകർത്തവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നും റേറ്റിങ് നടപടികൾ സുതാര്യമാക്കണമെന്നും എൻ.ബി.എ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.