ടൈംസ് നൗ അവതാരകക്കെതിരെ കേസുമായി റിപ്പബ്ലിക് ടി.വി
text_fieldsന്യൂഡൽഹി: ടൈംസ് നൗ അവതാരക നവിക കുമാറിനെതിരെ മാനനഷ്ടകേസുമായി റിപ്പബ്ലിക് ടി വി. റിപ്പബ്ലിക് ടി വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസാമിയുടെ വാട്സാപ്പ് ചാറ്റുകൾ പുറത്തുവന്ന സാഹചര്യത്തിൽ നടത്തിയ ചാനൽ ചർച്ചയിൽ അപകീർത്തികരമായ പ്രസ്താവനകൾ നടത്തിയെന്ന് ചൂണ്ടികാട്ടിയാണ് റിപ്പബ്ലികിന്‍റെ മാതൃ കമ്പനിയായ എആർജി ഔട്ട്ലിയർ മീഡിയ ഡൽഹി കോടതിയിൽ പരാതി നൽകിയത്.
അർണബിനെതിരായ ടി.ആർ.പി തട്ടിപ്പു കേസിൽ മുംബൈ പൊലീസ് നൽകിയ കുറ്റപത്രത്തിലാണ് അർണബിന്‍റെ വാട്സാപ് ചാറ്റുകളുടെ വിശദാംശങ്ങൾ ഉണ്ടായിരുന്നത്. പുൽവാമ ആക്രമണമടക്കമുള്ള സംഭവങ്ങളെകുറിച്ചുള്ള അർണബിന്‍റെ വിവാദ പരാമർശങ്ങൾ പുറത്താവുകയും വ്യാപക ചർച്ചക്കിടയാക്കുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ടൈംസ് നൗവിന്‍റെ ചാനൽ ചർച്ച.
അർണബ് ഔദ്യോഗിക രഹസ്യങ്ങൾ ചോർത്തുകയും ദേശസുരക്ഷയെ തെന്ന അപകടത്തിലാക്കുകയും ചെയ്തുവെന്ന് ചർച്ചക്കിടെ ചാനൽ അവതാരക നവിക കുമാർ പരാമർശിച്ചതായി പരാതിയിൽ ചൂണ്ടികാട്ടി. അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ചാനൽ അവതാരിക നടത്തിയതെന്നും ഇതിനെതിരെ നടപടിയെടുക്കണമെന്നും ഡൽഹി കോടതിയിൽ സമർപ്പിച്ച പരാതിയിൽ റിപ്പബ്ലിക് ടിവിയുടെ കമ്പനി ആവശ്യപ്പെട്ടു.
അവതാരകയുടെ പരാമർശങ്ങളിലൂടെ റിപ്പബ്ലിക് ടിവിക്കും എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസാമിക്കുമുണ്ടായ അപകീർത്തി പരിഹരിക്കാനാകാത്തതാണെന്ന് പരാതിയിൽ പറയുന്നു. നവികയുടെ അസൂയയാണ് അപകീർത്തികരമായ പരാമർശത്തിന് കാരണമെന്നും പരാതിയിൽ ആരോപിക്കുന്നു. ക്രിമിനൽ നിയമങ്ങൾ അനുസരിച്ച് നവികക്കെതിരെ നടപടികളെടുക്കണമെന്നും പരാതിയിൽ പറയുന്നു.
ഫെബ്രുവരി 2 ന് പാട്യാല കോടതി കേസിൽ വാദം കേൾക്കും. ഒരു ചാനൽ അവതാരകക്കെതിരെ മറ്റൊരു ചാനൽ അപകീർത്തികേസ് നൽകുന്ന അപൂർവത കൂടി ഈ കേസിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.