റേറ്റിങ്ങിൽ കൃത്രിമം കാണിച്ചതിന് റിപ്പബ്ളിക് ടി.വിയുടെ അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റ് അറസ്റ്റിൽ
text_fieldsമുംബൈ: ചാനല്‍ റേറ്റിങിൽ കൃത്രിമം കാണിച്ചതിന് റിപ്പബ്ളിക് ടി.വി അസിസ്റ്റന്‍റ് വൈസ് പ്രസിഡന്‍റിനെ അറസ്റ്റ് ചെയ്തു. അർണബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ടി.വി ചാനലിൽ വിതരണ ചുമതല വഹിക്കുന്ന ഘനശ്യാം സിങ്ങാണ് അറസ്റ്റിലായത്. ചാനല്‍ റേറ്റിങില്‍ കൃത്രിമം നടത്തിയെന്ന കേസിൽ മുംബൈ പൊലീസ് കസ്റ്റഡിയിലെടുക്കുന്ന പന്ത്രണ്ടാമത്തെയാളാണ് ഘനശ്യാം. ഇദ്ദേഹത്തെ ഇന്ന് കോടതിയിൽ ഹാജരാക്കും.
റിപ്പബ്ളിക് ടി.വി കാണാതെ തന്നെ ചാനല്‍ ഓൺ ചെയ്തുവെക്കുന്നതിന് പണം ലഭിച്ചിരുന്നുവെന്ന് ചിലർ മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. പ്രാദേശിക ചാനലുകളായ ഫക്ത് മറാത്തി, ബോക്സ് സിനിമ എന്നിവക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്. ഈ ചാനലുകളുടെ ഉടമകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ റിപ്പബ്ളിക് ടി.വി ഈ ആരോപണങ്ങൾ ശക്തമായി നിഷേധിച്ചു. സുശാന്ത് സിങ് രജ്പുതിന്‍റെ മരണം സംബന്ധിച്ച പൊലീസ് അന്വേഷണത്തെ ചാനൽ ചോദ്യം ചെയ്തതിനാല്‍ മുംബൈ പൊലീസ് പകപോകുകയാണെന്നാണ് ചാനലിന്‍റെ വാദം.
മുംബൈയിലെ ഇന്‍റീരിയര്‍ ഡിസൈനറുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കഴിഞ്ഞ ദിവസം അര്‍ണബ് അറസ്റ്റിലായിരുന്നു. ഇന്‍റീരിയര്‍ ഡിസൈനറായ അന്‍വായ് നായിക്കും അദ്ദേഹത്തിന്റെ അമ്മയും ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അര്‍ണബിന്‍റെ അറസ്റ്റ്. റിപബ്ലിക് ടിവി, ഫിറോസ് ഷെയ്ഖ്, നിതീഷ് സര്‍ദ എന്നിവര്‍ തനിക്ക് തരാനുള്ള പണം നല്‍കാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നതെന്ന അന്‍വായ് നായികിന്‍റെ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. റിപബ്ലിക് ടിവി 83 ലക്ഷവും ഫിറോസ് ഷെയ്ഖ് 4 കോടി രൂപയും നിതീഷ് സര്‍ദ 55 ലക്ഷവും നല്‍കാനുണ്ടെന്നായിരുന്നു കുറിപ്പ്. സ്ഥാപനങ്ങള്‍ ഡിസൈന്‍ ചെയ്ത വകയില്‍ കോടികള്‍ ലഭിക്കാതിരുന്നതോടെ അന്‍വായ് കടക്കെണിയിലകപ്പെട്ടെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.