പ്രോട്ടോകോൾ വിവാദം: കോൺഗ്രസ് വിമർശനങ്ങൾക്കിടെ മറുപടിയുമായി മോദി
text_fieldsന്യൂഡൽഹി: ചന്ദ്രയാൻ -3ന്റെ വിജയത്തിന് പിന്നാലെ ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗളൂരുവിലെത്തി ഐ.എസ്.ആർ.ഒയിലെ ശാസ്ത്രജ്ഞരെ അഭിനന്ദിച്ചിരുന്നു. മോദി കർണാടകയിലെത്തുമ്പോൾ അദ്ദേഹത്തെ സ്വീകരിക്കാനായി മുഖ്യമന്ത്രി സിദ്ധരാമയ്യയോ ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറോ വിമാനത്താവളത്തിലെത്തിയിരുന്നില്ല. പ്രധാനമന്ത്രി മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രിയേയും മനപ്പൂർവം മാറ്റിനിർത്തുകയാണെന്നായിരുന്നു ഇതുസംബന്ധിച്ച് കോൺഗ്രസ് ആരോപണം.
മനപ്പൂർവം മുഖ്യമന്ത്രിയേയും ഉപമുഖ്യമന്ത്രിയേയും പ്രധാനമന്ത്രി വിലക്കുകയായിരുന്നുവെന്നും ഇത് പ്രോട്ടോക്കോൾ ലംഘനമാണെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് ആരോപിച്ചു. സിദ്ധരാമയ്യയും ശിവകുമാറും ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരെ തനിക്ക് മുമ്പ് അഭിനന്ദിച്ചത് ഇഷ്ടമല്ലാത്തത് കൊണ്ടാണ് മോദി ഇങ്ങനെ ചെയ്തതെന്നും തരംതാണ രാഷ്ട്രീയമാണ് അദ്ദേഹം കളിച്ചതെന്നും രമേശ് ട്വിറ്ററിൽ കുറിച്ചു.
2008ൽ ചന്ദ്രയാൻ ഒന്നിന്റെ വിജയത്തിന് പിന്നാലെ അന്ന് മുഖ്യമന്ത്രിയായിരുന്ന മോദി അഹമ്മദാബാദിലെ സ്പേസ് അപ്ലിക്കേഷൻ സെന്റർ സന്ദർശിച്ചിരുന്നു. അന്ന് മൻമോഹൻ സിങ്ങായിരുന്നു പ്രധാനമന്ത്രിയെന്നും ജയറാം രമേശ് ഓർമിപ്പിച്ചു.
അതേസമയം, വിവാദങ്ങളിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തി. താൻ എപ്പോൾ ബംഗളൂരുവിലെത്തുമെന്ന കാര്യത്തിൽ ഉറപ്പില്ലെന്നും മന്ത്രിമാരെ ബുദ്ധിമുട്ടിക്കാൻ താൽപര്യമില്ലാത്തതിനാലാണ് അവരോടും ഗവർണറോടും വിമാനത്താവളത്തിൽ വരേണ്ടെന്ന് താൻ നിർദേശിച്ചതെന്ന് മോദി പറഞ്ഞു.
പ്രധാനമന്ത്രിയെ സ്വീകരിക്കാൻ തയാറായിരുന്നുവെന്നും എന്നാൽ, അദ്ദേഹത്തിന്റെ ഓഫീസിൽ നിന്നും നിർദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോകാതിരുന്നതെന്നും കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ പറഞ്ഞു. രാഷ്ട്രീയം കളിക്കാൻ തങ്ങൾക്ക് താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.