സിൽക്യാര ദൗത്യം ലക്ഷ്യത്തിൽ; ദുരന്ത നിവാരണ സേന തൊഴിലാളികൾക്കരികെ; തുരങ്കത്തിനകത്ത് ഡിസ്പെൻസറിയൊരുക്കി
text_fieldsസിൽക്യാര (ഉത്തരകാശി): ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള രക്ഷാ ദൗത്യം 17 ദിവസത്തിന് ശേഷം ലക്ഷ്യത്തിലെത്തിയതിന് പിന്നാലെ ദുരന്ത നിവാരണ സേന കുഴൽപാതയിലൂടെ അവർക്കരികിലെത്തി. കുഴൽപാതയിലുടെ പുറത്ത് എത്തിക്കുന്ന തൊഴിലാളികൾക്ക് പ്രാഥമിക ശ്രുശ്രൂഷ നൽകാനായി തുരങ്കത്തിനകത്ത് എട്ട് കിടക്കകളുള്ള താൽക്കാലിക ഡിസ്പെൻസറിയൊരുക്കി. അവിടെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം തൊഴിലാളികളെ തുരങ്കമുഖത്ത് നിന്ന് 35 കിലോമീറ്റർ അകലെയുള്ള ചിന്യാലി സോർ ആശുപത്രിയിലേക്ക് കൊണ്ടുപോകാനാണ് പദ്ധതി.
കൂടുതൽ ചികിത്സ ആവശ്യമുള്ളവരെ അവിടെ നിന്ന് ഋഷികേശ് എയിംസിലേക്ക് മാറ്റും. തൊഴിലാളികളെ ആശുപത്രിയിലേക്ക് മാറ്റാൻ മൂന്ന് ആംബുലൻസുകൾ തുരങ്കത്തിനകത്തേക്ക് കയറ്റിയിട്ടുണ്ട്. കുഴൽപാത തുറന്നെങ്കിലും അവരെ പുറത്തെത്തിക്കാനുള്ള മുൻകരുതലുകൾ അവർ നിൽക്കുന്ന തുരങ്കഭാഗത്ത് ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുകയാണ്. സുരക്ഷിതരായി തൊഴിലാളികളെ കുഴൽ പാതയിൽ കയറ്റുന്നതിന് ഒരു ഇരുമ്പുകുഴൽ കൂടി വെൽഡ് ചെയ്ത് കുൽപാത അൽപം മുന്നോട്ടു തള്ളുന്ന പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. അത് പൂർത്തിയാകുന്ന മുറക്ക് ചക്രമുള്ള സ്ട്രച്ചറിൽ തൊഴിലാളികളെ പുറത്തുകൊണ്ടുവരും.
ദീപാവലി നാളിൽ തുരങ്കമിടിഞ്ഞ് അകത്തു കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള കുഴൽ പാത ചൊവ്വാഴ്ച ഉച്ചക്ക് 1.10നാണ് ലക്ഷ്യം കണ്ടത്. കുഴൽപാത ലക്ഷ്യത്തിലെത്തിയതോടെ തൊളിലാളികൾ തുരങ്കത്തിനകത്ത് നിന്ന് ഹർഷാരവം മുഴക്കി. മുഖ്യമന്ത്രി പുഷ്‍കർ സിങ് ധാമിയും കേന്ദ്ര മന്ത്രി വി.കെ. സിങ്ങും തൊഴിലാളികളെ സ്വീകരിക്കാൻ തുരങ്കത്തിനകത്ത് കാത്തിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.