സിൽക്യാര തുരങ്കത്തിലെ രക്ഷാപ്രവർത്തനത്തിലെ തടസം: പരിഹരിക്കാനുള്ള ശ്രമം പുരോഗമിക്കുന്നതായി അധികൃതർ
text_fieldsസിൽക്യാര: തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെ പുറത്തെത്തിക്കാനായി കുഴൽപാത നിർമിക്കുന്നതിനിടെ ഓഗർ യന്ത്രം ഉറപ്പിച്ചുനിർത്തിയ കോൺക്രീറ്റ് അടിത്തറ ഇളകിയത് പരിഹരിക്കാനുള്ള ശ്രമം പുരോഗമിക്കുന്നതായി റിപ്പോർട്ട്. യന്ത്രത്തിന്റെ അടിഭാഗം വലിയ ബോൾട്ട് ഇട്ട് പുതുതായി കോൺക്രീറ്റ് ചെയ്ത് അടിത്തറ ഉറപ്പിക്കുന്ന പ്രവർത്തനമാണ് നടത്തേണ്ടത്.
കോൺക്രീറ്റ് അടിത്തറ സെറ്റാകുന്നതിന് ഇന്ന് ഉച്ച വരെയെങ്കിലും കാത്തിരിക്കേണ്ടിവരും. 11.30 മണിയോടെ ഡ്രില്ലിങ് പുനരാരംഭിക്കാൻ സാധിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അതിനുശേഷം ചുരുങ്ങിയത് ആറു മണിക്കൂർ മുടക്കമില്ലാതെ പ്രവൃത്തി നടന്ന ശേഷമേ തൊഴിലാളികൾക്ക് പുറത്തുവരാനാകൂ. ഇതുവരെ 46.8 മീറ്റർ ആണ് കുഴൽപാത നിർമിച്ചതെന്നാണ് റിപ്പോർട്ട്.
അമേരിക്കൻ നിർമിത ഓഗർ യന്ത്രം ഉപയോഗിച്ചാണ് മണ്ണ് തുരന്ന് ഇരുമ്പുകുഴൽ കയറ്റിക്കൊണ്ടിരിക്കുന്നത്. എന്നാൽ, തുരക്കുന്നതിനിടെ സ്റ്റീൽ പൈപ്പിൽ തട്ടി പ്രവർത്തനം തടസപ്പെട്ടു. തുടർന്ന് ബുധനാഴ്ച തടസ്സമുണ്ടാക്കിയ സ്റ്റീൽ പൈപ്പ് മുറിച്ചു നീക്കി വ്യാഴാഴ്ച കുഴൽ കയറ്റുന്ന പ്രവൃത്തി പുനരാരംഭിച്ചെങ്കിലും ഒന്നരമീറ്റർ പിന്നിട്ടപ്പോഴേക്കും വീണ്ടും നിർത്തിവെക്കേണ്ടിവന്നു.
ഓഗർ യന്ത്രം മുടക്കമില്ലാതെ പ്രവർത്തിച്ചിരുന്നെങ്കിൽ കേവലം ആറു മണിക്കൂർ കൊണ്ട് അവസാനിക്കുമായിരുന്ന രക്ഷാദൗത്യമാണ് അവസാനഘട്ടത്തിൽ നിർത്തിവെക്കേണ്ടിവന്നത്. മലയിടിഞ്ഞ് അടഞ്ഞ അവശിഷ്ടങ്ങളിൽ കൂടി ഒമ്പതാമത്തെ ഇരുമ്പുകുഴലും കയറ്റിയ ശേഷമാണ് 10-ാമത്തെ കുഴൽ ഇടാൻ കഴിയാത്ത പ്രതിസന്ധി രൂപപ്പെട്ടത്.
തുരങ്കത്തിന് നടുവിൽ മലയിടിഞ്ഞ് മണ്ണും കല്ലും കോൺക്രീറ്റും കൂടിക്കുഴഞ്ഞ് കിടക്കുന്ന അവശിഷ്ടങ്ങളിലേക്ക് 32 ഇഞ്ച് വ്യാസമുള്ള ഇരുമ്പുകുഴലുകൾ കയറ്റുന്ന പ്രവൃത്തി ഓഗർ യന്ത്രം വ്യാഴാഴ്ച ഉച്ചക്ക് 12ഓടെ പുനരാരംഭിച്ചു. എന്നാൽ, ഒരു മണിക്കൂർ പ്രവർത്തിച്ചപ്പോഴേക്കും യന്ത്രം ഉറപ്പിച്ചു നിർത്തിയ കോൺക്രീറ്റ് അടിത്തറ ഇളകി. അതോടെ ഉച്ചക്ക് 1.30ന് രക്ഷാപ്രവർത്തനം പൂർണമായും നിർത്തിവെച്ചു.
അതേസമയം, 40ലേറെ ആംബുലൻസുകൾ അപകട സ്ഥലത്തിന് സമീപം ഒരുക്കിയ താൽകാലിക ഹെലിപാഡിനടുത്ത് തൊഴിലാളികളെ കാത്തു കിടക്കുകയാണ്. തുരങ്കത്തിന് പുറത്തെത്തിക്കുന്ന തൊഴിലാളികളെ ആംബുലൻസ് മാർഗമോ ഹെലികോപ്റ്റർ മാർഗമോ ആശുപത്രിയിലേക്ക് മാറ്റാനാണ് പദ്ധതി. അതിനിടെ, കുഴൽപാതയിലൂടെ നിരങ്ങി നീങ്ങി തൊഴിലാളികളെ പുറത്തു കൊണ്ടുവരേണ്ടത് എങ്ങനെയെന്ന് ദുരന്തനിവാരണ സേനാംഗങ്ങൾക്ക് ഇന്നലെ റിഹേഴ്സൽ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.