പ്രമുഖ ഗ്രന്ഥകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ ഗെയിൽ ഓംവെദ് വിടവാങ്ങി
text_fieldsചെന്നൈ: പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞയും ഗ്രന്ഥകാരിയും മനുഷ്യാവകാശ പ്രവർത്തകയുമായ ഗെയിൽ ഓംവെദ് വിടവാങ്ങി. 81 വയസ്സായിരുന്നു. ദലിത് രാഷ്ട്രീയം, വനിതകളുടെ പോരാട്ടം, ജാതി വിരുദ്ധ പ്രസ്ഥാനം തുടങ്ങിയ മേഖലകളിൽ രാജ്യമാദരിക്കുന്ന പ്രശസ്ത ഗ്രന്ഥങ്ങളുടെ കർത്താവായ ഓംവെദ് നിരവധി മനുഷ്യാവകാശ സമരങ്ങളിലും മുന്നണിയിൽനിന്നു.
ഭർത്താവും ആക്ടിവിസ്റ്റുമായ ഭരത് പടങ്കറുമൊത്ത് സ്ഥാപിച്ച ശ്രമിക് മുക്തി ദളിനൊപ്പം അവസാനം വരെ കർമരംഗത്ത് സജീവമായിരുന്നു.അമേരിക്കയിലെ മിനിയപോളിസിൽ ജനിച്ച് അവിടെ കോളജ് വിദ്യാർഥിയായിരിക്കെയാണ് ഓംവെദ് സാമൂഹിക സേവന രംഗത്ത് സജീവ സാന്നിധ്യമാകുന്നത്. യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങൾക്കൊപ്പമായിരുന്നു പോരാട്ടം. ഗവേഷണത്തിന്‍റെ ഭാഗമായി രാജ്യത്തെ സാമൂഹിക പ്രസ്ഥാനങ്ങളെ കുറിച്ച പഠനത്തിന് ഇന്ത്യയിലെത്തിയ അവർ മഹാത്മ ഫുലെയുടെ പ്രവർത്തനം പഠിച്ച് അതിൽ ആകൃഷ്ടയായി. 'പടിഞ്ഞാറേ ഇന്ത്യയിലെ ബ്രാഹ്മണേത പ്രസ്ഥാനം' എന്നതായിരുന്നു പിഎച്ച്.ഡി വിഷയം. കാലിഫോർണിയ യൂനിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് സ്വന്തമാക്കിയ ഓംവെദ്1983ൽ ഇന്ത്യൻ പൗരത്വം നേടി. ഭർത്താവ് പടങ്കറുമൊത്ത് സാമൂഹിക സേവനം ആരംഭിച്ച അവർ മഹാരാഷ്ട്രയിലെ കൊറിഗാവിലായിരുന്നു താമസം.
പരിസ്ഥിതി, ലിംഗം, ഗ്രാമീണ വികസനം തുടങ്ങിയ മേഖലകളിൽ യു.എൻ.ഡി.പി, ഓക്സ്ഫാം തുടങ്ങിയ മുൻനിര സ്ഥാപനങ്ങൾക്കായി പ്രവർത്തിച്ചു. പുണെ യൂനിവേഴ്സിറ്റി സോഷ്യോളജി വിഭാഗത്തിൽ ഫുലെ- അംബേദ്കർ ചെയർ മേധാവിയായിരുന്നു. കോപൻഹേഗൻ ഏഷ്യൻ സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട് പ്രഫസറായും പ്രവർത്തിച്ചു.
കൊളോണിയൽ സൊസൈറ്റി- നോൺ ബ്രാഹ്മിൺ മൂവ്മെന്റ് ഇൻ വെസ്റ്റേൺ ഇന്ത്യ, സീകിങ് ബീഗംപുര, ബുദ്ധിസം ഇൻ ഇന്ത്യ, ഡോ. ബാബസാഹെബ് അംബേദ്കർ, മഹാത്മ ഭൂലെ, ദളിത് ആൻറ് ഡെമോക്രാറ്റിക് റവലൂഷൻ, അണ്ടർസ്റ്റാന്‍റിങ് കാസ്റ്റ് എന്നിങ്ങനെ അറിയപ്പെട്ട 25 പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.