ബംഗാൾ ബി.ജെ.പിക്ക് നീരസം; ആനന്ദബോസ് ഡൽഹിയിൽ
text_fieldsകൊൽക്കത്ത/ന്യൂഡൽഹി: പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദബോസ് തൃണമൂൽ കോൺഗ്രസ് സർക്കാറിനെ പരിധിവിട്ട് സംരക്ഷിക്കുന്നതായി സംസ്ഥാന ബി.ജെ.പി നേതൃത്വം. ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ടു കണ്ട് സംസാരിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് ആനന്ദ ബോസ് ഡൽഹിയിലെത്തി.
എന്നാൽ, ഡൽഹിയിലെത്തിയത് സ്വകാര്യ ചടങ്ങിൽ പങ്കെടുക്കാനാണെന്നും മറ്റു വാർത്തകളെക്കുറിച്ച് തനിക്ക് അറിയില്ലെന്നും ആനന്ദബോസ് പ്രതികരിച്ചു. ‘ഞാനൊരു മാവിലായിക്കാരനാ’ണ് -അദ്ദേഹം പറഞ്ഞൊഴിഞ്ഞു.
മുഖ്യമന്ത്രി മമത ബാനർജിയുമായി മമത സ്ഥാപിച്ച് മുന്നോട്ടു പോകാനുള്ള ആനന്ദ ബോസിന്റെ താൽപര്യത്തിന് ബി.ജെ.പി അനുകൂലമല്ല. രാജ്ഭവൻ സംഘടിപ്പിച്ച സരസ്വതി പൂജ ചടങ്ങ് ബി.ജെ.പി ബഹിഷ്കരിച്ചിരുന്നു. ഗവർണർ ഉയർത്തിയ ജയ് ബംഗ്ല മുദ്രാവാക്യവും ബി.ജെ.പിയെ ചൊടിപ്പിച്ചിരുന്നു.
‘വാസന്ത പഞ്ചമി’ ദിനത്തിൽ മുഖ്യമന്ത്രി മമത ബാനർജിയുടെ സാന്നിധ്യത്തിൽ രാജ്ഭവനിൽ ബംഗാളി ഭാഷാപഠനം തുടങ്ങിയ ഗവർണർ സി.വി. ആനന്ദബോസിനെതിരെ ബി.ജെ.പി രംഗത്തുവന്നിരുന്നു. ഗവർണർ പദവിക്ക് ചേർന്ന നടപടിയല്ല ആനന്ദബോസിന്റേതെന്ന് ബി.ജെ.പി ദേശീയ ഉപാധ്യക്ഷൻ ദിലീപ് ഘോഷ് പറഞ്ഞു.
ഇതിനെതിരെ വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി സന്തനു സെൻ രംഗത്തെത്തി. മുൻ ഗവർണർ ജഗ്ദീപ് ധൻഖറിന്റെ സംസ്ഥാന സർക്കാറുമായുള്ള ഏറ്റുമുട്ടൽപാത ആനന്ദബോസ് ഒഴിവാക്കിയതാണ് ബി.ജെ.പിയെ ചൊടിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
പുതിയ ഭാഷ പഠിക്കാനുള്ള ആഗ്രഹമുള്ള ആളാണ് ബോസ്. ഇതിന്റെ ചടങ്ങിലേക്ക് മുഖ്യമന്ത്രിയെ ക്ഷണിക്കുകയാണുണ്ടായത്. അതിൽപോലും രാഷ്ട്രീയം കണ്ടെത്തുന്ന രീതിയിലേക്ക് ബി.ജെ.പി തരംതാണു. സംസ്ഥാനവും രാജ്ഭവനും നല്ല ബന്ധമുണ്ടാകുന്നതിൽ ബി.ജെ.പി വിശ്വസിക്കുന്നില്ല. -അദ്ദേഹം തുടർന്നു. വാസന്ത പഞ്ചമിയിലെ സരസ്വതി പൂജയോടനുബന്ധിച്ച് ബംഗാളിയിൽ വിദ്യാരംഭം കുറിക്കുന്ന ആചാരം ‘ഹതേഖോരി’ എന്നാണ് അറിയപ്പെടുന്നത്
ഇപ്പോൾ ഉപരാഷ്ട്രപതിയായ ധൻഖർ ഗവർണറായിരിക്കുമ്പോൾ സംസ്ഥാന സർക്കാറുമായുണ്ടായ ഏറ്റുമുട്ടൽ പല തവണ വാർത്തകളിൽ നിറഞ്ഞിരുന്നു. എന്നാൽ, 2022 നവംബർ 18ന് അധികാരമേറ്റശേഷം ആനന്ദബോസും മമതയും തമ്മിൽ ഇടഞ്ഞിട്ടില്ല.
മാത്രവുമല്ല, അദ്ദേഹം സംസ്ഥാന സർക്കാറുമായി അനുനയ മാർഗമാണ് സ്വീകരിക്കുന്നത്. ഇതിൽ ബി.ജെ.പി നേതൃത്വം ക്ഷുഭിതരാണ്. ഇതിനെ തുടർന്നാണ് ആനന്ദബോസിനെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്. പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും ആനന്ദബോസിനെതിരായ നിലപാടിലാണ്.
ഗവർണർ പദവിയുടെ വിലകളഞ്ഞ് പെരുമാറുന്നുവെന്നാണ് സുവേന്ദുവിന്റെ ആരോപണം. കഴിഞ്ഞ ദിവസം മൂന്ന് കുട്ടികളിൽനിന്നാണ് മലയാളിയായ ആനന്ദബോസ് ബംഗാളിഭാഷയുടെ ആദ്യപാഠങ്ങൾ പഠിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.