മുന്നാക്ക സംവരണം: വാദം തുടങ്ങി
text_fieldsന്യൂഡൽഹി: മെഡിക്കൽ പ്രവേശനത്തിനുള്ള കൗൺസലിങ്ങും മുന്നാക്ക സംവരണത്തിനെതിരായ കേസിലെ വാദവും ഒരേസമയം മുന്നോട്ടുപോകട്ടെയെന്ന് കേന്ദ്ര സർക്കാർ. കേസിന്റെ പേരിൽ കൗൺസലിങ് തടസ്സപ്പെടുത്തരുത് എന്ന വാദമാണ് കേന്ദ്രം മുന്നോട്ടുവെച്ചത്. എന്നാൽ, ഇതിനെ ചോദ്യം ചെയ്ത ഹരജിക്കാരുടെ അഭിഭാഷകർ, കളി കഴിഞ്ഞല്ല കളിനിയമം മാറ്റേണ്ടതെന്ന് വാദിച്ചതോടെ സുപ്രീംകോടതി മുന്നാക്ക സംവരണ കേസിൽ വാദം തുടങ്ങി. മുന്നാക്ക സംവരണത്തിന്റെ മാനദണ്ഡത്തെ കുറിച്ചുള്ള തർക്കത്തിന്റെ പേരിൽ ഒ.ബി.സി സംവരണം തടയരുതെന്നും അഭിഭാഷകർ വാദിച്ചു. കേസ് പരിഗണിച്ചപ്പോൾ തന്നെ വാദത്തിനിടയിൽ കൗൺസലിങ്ങിന് അനുമതി നൽകാൻ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ആവശ്യപ്പെടുകയായിരുന്നു. എന്നാൽ, മുതിർന്ന അഭിഭാഷകരായ അരവിന്ദ് ദാത്താറും ശ്യാം ദിവാനും പി. വിൽസണും എതിർത്തു. ഇതോടെ ജസ്റ്റിസ് ചന്ദ്രചൂഡ് അധ്യക്ഷനായ രണ്ടംഗ ബെഞ്ച് വാദം തുടങ്ങാൻ ഹരജിക്കാരുടെ അഭിഭാഷകരോട് ആവശ്യപ്പെട്ടു.
വാദം വ്യാഴാഴ്ച തുടരാമെന്നും ബെഞ്ച് അറിയിച്ചു. മുന്നാക്ക സംവരണത്തിൽ റിപ്പോർട്ടും സംവരണവും സർക്കാർ അംഗീകരിച്ചുവെന്നും കൗൺസലിങ് സ്തംഭിച്ചിരിക്കുന്നതിനാൽ അത് തുടങ്ങാൻ അനുവദിക്കണമെന്നും തുഷാർ മേത്ത വാദിച്ചപ്പോൾ എട്ടുലക്ഷം പരിധിയാക്കി കൗൺസലിങ് തുടരുമെന്നാണോ സർക്കാർ ഉദ്ദേശിക്കുന്നതെന്ന് ദാത്താർ ചോദിച്ചു.
മുന്നാക്കക്കാരിലെ പിന്നാക്കക്കാർക്ക് എട്ടുലക്ഷം വരുമാന പരിധി വെച്ചതിനെ അഡ്വ. ദാത്താർ ചോദ്യം ചെയ്തു. കാകാ കലേകർ കമ്മിറ്റി അടക്കമുള്ള റിപ്പോർട്ടുകൾക്കും സംസ്ഥാനങ്ങളുമായുള്ള കൂടിയാലോചനകൾക്കും ശേഷമാണ് ഒ.ബി.സി സംവരണത്തിനുള്ള മാനദണ്ഡം നിർണയിച്ചത്. ഈ തരത്തിൽ ഒരുപഠനമോ കൂടിയാലോചനയോ എട്ടുലക്ഷത്തിന്റെ വരുമാന പരിധി നിർണയിക്കാൻ നടന്നിട്ടില്ല. വിദഗ്ധ സമിതി റിപ്പോർട്ട് എട്ടുലക്ഷം രൂപ പരിധിയെ ന്യായീകരിക്കുന്നുണ്ടെങ്കിലും അതിനെ സമർഥിക്കുന്ന ഒരു പഠനവും മുന്നോട്ടുവെച്ചിട്ടില്ല. റിപ്പോർട്ട് യുക്തിരഹിതമാണ്.
പി.എഫിലും ഓഹരി കമ്പോളത്തിലും നിക്ഷേപമുള്ളവരെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരായി കണക്കാക്കാനാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഓഹരി മാർക്കറ്റിൽനിന്ന് ഒരുലക്ഷം കിട്ടിയ ആളെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവനെന്നുപറയാൻ പറ്റുമോ എന്ന് ദാത്താർ സുപ്രീംകോടതിയോട് ചോദിച്ചു. ഒ.ബി.സി സംവരണം അഖിലേന്ത്യ തലത്തിൽ നൽകിയതാണെന്നും അത് തടഞ്ഞ് കൗൺസലിങ് നടത്താൻ പറ്റില്ലെന്നും തമിഴ്നാട്ടിൽനിന്നുള്ള രാജ്യസഭാംഗവും മുതിർന്ന അഭിഭാഷകനുമായ അഡ്വ. വിൽസൺ വാദിച്ചു.
കൗൺസലിങ് വൈകിയതിന് ഉത്തരവാദി കേസ് അല്ലെന്നും 2021 ഫെബ്രുവരി 23ന് തുടങ്ങിയ പ്രവേശന പ്രക്രിയയാണിതെന്നും അഡ്വ. ശ്യാം ദിവാൻ വാദിച്ചു. മാർച്ച് 15 ആയിരുന്നു അപേക്ഷിക്കാനുള്ള അവസാന തീയതി. ഏപ്രിൽ 18നായിരുന്നു പരീക്ഷ നിശ്ചയിച്ചിരുന്നത്. പിന്നീട് കോവിഡ് കാരണമാണ് സെപ്റ്റംബർ 11ലേക്ക് മാറ്റിയത്. അതിനാൽ 2021 ജൂലൈ 29ന് കേന്ദ്ര സർക്കാർ ഇറക്കിയ ഉത്തരവ് മാർച്ചിൽ അപേക്ഷ ക്ഷണിച്ച അഖിലേന്ത്യ മെഡിക്കൽ പ്രവേശനത്തിന് ബാധമാക്കാനാവില്ല. ഈ വർഷം സംവരണമില്ലാതെ പോകട്ടെ എന്നും കളി തുടങ്ങിയ ശേഷം കളിനിയമം മാറ്റാൻ പറ്റില്ലെന്നും ദിവാൻ വാദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.