'സംവരണം അനന്തമായി തുടരാനാകില്ല, പുന:പരിശോധന വേണം'; സുപ്രീംകോടതിയിൽ ജഡ്ജിമാർ പറഞ്ഞത്
text_fieldsസാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മുന്നാക്ക വിഭാഗക്കാർക്ക് പത്തു ശതമാനം സംവരണം നടപ്പാക്കിയുള്ള ഭരണഘടനാ ഭേദഗതി സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് ശരിവെച്ചിരിക്കുകയാണ്. ബെഞ്ചിലെ മൂന്ന് ജഡ്ജിമാർ മുന്നാക്ക സാമ്പത്തിക സംവരണം ശരിവെച്ചപ്പോൾ ചീഫ് ജസ്റ്റിസ് ഉൾപ്പെടെ രണ്ട് ജഡ്ജിമാർ സാമ്പത്തിക സംവരണം ഭരണഘടനാവിരുദ്ധമാണെന്ന് വിധിയെഴുതി. ചീഫ് ജസ്റ്റിസ് യു.യു. ലളിതിനു പുറമെ ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, എസ്. രവീന്ദ്ര ഭട്ട്, ബേല എം. ത്രിവേദി, ജെ.ബി. പാർദിവാല എന്നിവരടങ്ങിയ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ഹരജികളിൽ നിർണായക വിധി പറഞ്ഞത്.
ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം. ത്രിവേദി, ജെ.ബി. പാർദിവാല എന്നിവർ മുന്നാക്ക സംവരണത്തെ ശരിവെച്ചു. ഇതിൽ രണ്ട് ജഡ്ജിമാർ, ജസ്റ്റിസ് ബേല എം. ത്രിവേദി, ജസ്റ്റിസ് ജെ.ബി. പാർദിവാല എന്നിവർ നിലവിലെ സംവരണത്തെ കുറിച്ചുള്ള അവരുടെ നിരീക്ഷണങ്ങളും വിധിയോടൊപ്പം പങ്കുവെച്ചു.
ജസ്റ്റിസ് ബേല എം. ത്രിവേദി പറഞ്ഞത്: -'സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷവും തുടരുന്ന സംവരണ സമ്പ്രദായം പുനഃപരിശോധിക്കേണ്ടതുണ്ട്. ഭരണഘടനാ ശിൽപികൾ വിഭാവനം ചെയ്തതും 1985-ൽ ഭരണഘടനാ ബെഞ്ച് നിർദ്ദേശിച്ചതുമായ സംവരണത്തിന്‍റെ ലക്ഷ്യങ്ങൾ ഈ ഘട്ടത്തിലും കൈവരിക്കാനായിട്ടില്ല. ഇന്ത്യയിൽ പുരാതന ജാതിവ്യവസ്ഥയാണ് സംവരണത്തിന് ഉത്തരവാദിയെന്ന് പറയാനാകില്ല. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾ നേരിട്ട ചരിത്രപരമായ വിവേചനത്തെ അഭിസംബോധന ചെയ്യാനും അവസരങ്ങൾ നൽകാനുമാണ് സംവരണം. എന്നാൽ, സ്വാതന്ത്ര്യത്തിന്‍റെ 75ാം വർഷത്തിൽ സമൂഹത്തിന്‍റെ വലിയ താൽപര്യം കൂടി മുൻനിർത്തി, ചലനാത്മക ഭരണഘടനയുടെ ഭാഗമായി, സംവരണ വ്യവസ്ഥയെ പുന:പരിശോധിക്കേണ്ടിയിരിക്കുന്നു. ഇന്ത്യൻ പാർലമെന്‍റിലും സംസ്ഥാന നിയമസഭകളിലും എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് സംവരണം നൽകുന്ന ആർട്ടിക്കിൾ 334 പ്രകാരം സമയപരിധിയുണ്ടെങ്കിലും അത് കാലാകാലങ്ങളിൽ നീട്ടുകയാണ്. ഇപ്പോൾ അത് 2030 വരെ നീട്ടിയിരിക്കുകയാണ്. പാർലമെന്‍റിലും സംസ്ഥാന നിയമസഭകളിലും ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ നിന്നുള്ളവർക്ക് സംവരണമുണ്ടായിരുന്നത് 104ാം ഭരണഘടന ഭേദഗതിയോടെ അവസാനിപ്പിച്ചിരിക്കുന്നു. ഇതേപോലെ, ആർട്ടിക്കിൾ 15ഉം 16ഉം പ്രകാരം എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങൾക്ക് നൽകിയിരിക്കുന്ന സംവരണത്തിനും സമാനമായ സമയക്രമം നൽകിയാൽ അത് 'സമത്വപൂർണവും വർഗ്ഗരഹിതവും ജാതിരഹിതവുമായ ഒരു സമൂഹത്തിലേക്ക്' നയിക്കും.
ജസ്റ്റിസ് ജെ.ബി. പാർദിവാല പറഞ്ഞത്:- സംവരണം സാമൂഹിക സാമ്പത്തിക നീതി ഉറപ്പാക്കാനുള്ള ഒരു മാർഗമാണ്. അത് അനന്തമായി നീട്ടിക്കൊണ്ടുപോവാനാവില്ല. അങ്ങനെ ചെയ്യുന്നത് നിക്ഷിപ്ത താൽപര്യമാണ്. ദുർബല വിഭാഗങ്ങളുടെ സാമൂഹികവും വിദ്യാഭ്യാസപരവുമായ പിന്നാക്കാവസ്ഥയിലേക്ക് നയിച്ച കാരണങ്ങൾ ഇല്ലാതാക്കുക എന്നതാണ് യഥാർഥ പരിഹാരം. സ്വാതന്ത്ര്യത്തിന് ശേഷം ഉടനടി ആരംഭിച്ച ആ പ്രവൃത്തി ഏഴ് പതിറ്റാണ്ടുകൾക്ക് ശേഷം ഇപ്പോഴും തുടരുന്നു. കാലങ്ങളായുള്ള വികസനവും വിദ്യാഭ്യാസത്തിന്‍റെ വ്യാപനവും വർഗങ്ങൾ തമ്മിലുള്ള അന്തരം ഒരു പരിധിവരെ കുറച്ചിട്ടുണ്ട്. സംവരണാനുകൂല്യങ്ങള്‍ നേടി മുന്നിലെത്തിയവരെ പിന്നാക്ക വിഭാഗത്തില്‍നിന്നു മാറ്റേണ്ടതുണ്ട്. അതുവഴി സഹായം ആവശ്യമുള്ള ഒരാളെക്കൂടി കൈപിടിച്ചുയര്‍ത്താനാവും. അതിനാൽ പിന്നാക്ക വിഭാഗങ്ങളെ തിരിച്ചറിയുന്ന രീതിയും നിർണയ രീതികളും അവലോകനം ചെയ്യേണ്ടതുണ്ട്. പിന്നാക്കാവസ്ഥ നിശ്ചയിക്കുന്നതിനുള്ള നിലവിലെ മാനദണ്ഡം വർത്തമാനകാലത്ത് പ്രസക്തമാണോ എന്നും പരിശോധിക്കേണ്ടതുണ്ട്. പത്തുവർഷത്തേക്ക് മാത്രം സംവരണം ഏർപ്പെടുത്തി സാമൂഹിക സമത്വം കൊണ്ടുവരികയെന്ന ആശയമായിരുന്നു ഡോ. ബി.ആർ. അംബേദ്കറിന്‍റേത്. എന്നാൽ, അത് കഴിഞ്ഞ ഏഴ് ദശാബ്ദമായി തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.