സംവരണ വിവാദം: കടിച്ചതും പിടിച്ചതുമില്ലാതെ ബി.ജെ.പി
text_fieldsബംഗളൂരു: ഒ.ബി.സി കാറ്റഗറിയിലെ നാല് ശതമാനം മുസ്ലിം സംവരണം എടുത്തുമാറ്റി വൊക്കലിഗ, ലിംഗായത്ത് സമുദായങ്ങൾക്കായി വീതിച്ചു നൽകിയ കർണാടക സർക്കാറിന്റെ നടപടി മേയ് ഒമ്പതുവരെ തടഞ്ഞ സുപ്രീംകോടതി ഉത്തരവ് ബി.ജെ.പിക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ തിരിച്ചടിയാവും.
സംസ്ഥാനത്തെ രണ്ട് പ്രബല സമുദായങ്ങളെ പ്രീണിപ്പിക്കാൻ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ബി.ജെ.പി നടത്തിയ നീക്കമാണ് സുപ്രീംകോടതിയുടെ ഇടപെടലിൽ തടയപ്പെട്ടത്. തങ്ങൾ ആവശ്യപ്പെട്ട രീതിയിലല്ല സംവരണ വർധന നടത്തിയതെന്ന് ചൂണ്ടിക്കാട്ടി ലിംഗായത്തുകളിൽ ഒരു വിഭാഗം ബി.ജെ.പിക്കെതിരെ തിരിഞ്ഞിരുന്നു.
ഇതിനു പുറമെ, സർക്കാറിന്റെ അവസാന കാലത്ത് കൊണ്ടുവന്ന എസ്.സി, എസ്.ടി സംവരണവും ഇന്റേണൽ സംവരണ വർധനവും പിന്നാക്ക ജാതിക്കാരായ ബൻജാര സമുദായത്തിൽ കടുത്ത അതൃപ്തിക്കും വഴിവെച്ചിരുന്നു. യെദിയൂരപ്പയുടെ വീടും ഓഫിസും ആക്രമിക്കുന്നതിൽ വരെയെത്തിച്ച അക്രമ സംഭവങ്ങൾ തുടർന്ന് അരങ്ങേറി.
ബി.ജെ.പിയുടെ ‘സംവരണ നാടക’ത്തിലെ പൊള്ളത്തരം പ്രചാരണത്തിൽ വിഷയമാക്കാനാണ് കോൺഗ്രസ് തീരുമാനം. മേയ് 10നാണ് നിയമസഭ തെരഞ്ഞെടുപ്പ്. സംസ്ഥാന ജനസംഖ്യയുടെ 17 ശതമാനം വരുന്ന ലിംഗായത്തുകൾ നേരത്തെ 3ബി സംവരണ വിഭാഗത്തിലായിരുന്നു.
അത് 2 ഡി വിഭാഗത്തിലേക്ക് മാറ്റിയാണ് സർക്കാർ അഞ്ചിൽനിന്ന് ഏഴു ശതമാനമാക്കി സംവരണം ഉയർത്തിയത്. എന്നാൽ, ഇതിനൊപ്പം 3 ബി കാറ്റഗറിയിൽ 41 ഉപജാതികളുണ്ടായിരുന്നത് 2ഡി കാറ്റഗറിയിൽ 50 ഉപജാതികളാക്കി ഉയർത്തി. സർക്കാർ നിലപാട് കാപട്യമാണെന്ന് ചൂണ്ടിക്കാട്ടി അഖിലേന്ത്യാ പഞ്ചമശാലി ലിംഗായത്ത് മഹാസഭ രംഗത്തുവന്നിരുന്നു.
2എ കാറ്റഗറിയിൽ സംവരണം വേണമെന്നാണ് അവരുടെ ആവശ്യം. മുസ്ലിം സംവരണം ഒഴിവാക്കിയെങ്കിലും അതിൽനിന്ന് പകുത്തു നൽകിയ രണ്ടു ശതമാനം സംവരണം തങ്ങൾക്ക് ഫലം ചെയ്യില്ലെന്ന് ലിംഗായത്തുകൾ വാദിക്കുന്നു. ബൊമ്മൈ സർക്കാർ കഴിഞ്ഞ ഡിസംബറിൽ എസ്.സി സംവരണം 15 ൽനിന്ന് 17ഉം എസ്.ടി സംവരണം മൂന്നിൽനിന്ന് ഏഴും ശതമാനമാക്കിയിരുന്നു.
എന്നാൽ, ഇന്റേണൽ റിസർവേഷൻ ഏർപ്പെടുത്തുകയും ചെയ്തു. എസ്.സി വിഭാഗത്തിൽ ഭൂരിപക്ഷം വരുന്ന ബൻജാര സമുദായത്തിന് ഇന്റേണൽ റിസർവേഷനിൽ പകുതിയോളം പ്രാതിനിധ്യം കുറഞ്ഞതോടെ സർക്കാറിനെതിരെ അവർ തെരുവിലിറങ്ങുകയായിരുന്നു.
തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള സാമുദായിക പ്രീണനത്തിനായി നിയന്ത്രണമില്ലാതെ സംവരണം ഉയർത്തിയതോടെ കർണാടകയിലെ സംവരണം 50 ശതമാനത്തിന് മുകളിൽ കടന്നു. ഇത് മറികടക്കാൻ, സംവരണമുയർത്താൻ കൊണ്ടുവന്ന 2022ലെ എസ്.സി ആൻഡ് എസ്.ടി ആക്ട് ഭരണഘടനയുടെ ഒമ്പതാം പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കർണാടക കത്തുനൽകിയെങ്കിലും കഴിഞ്ഞ മാർച്ച് 14ന് പാർലമെന്റ് തള്ളി.
മുസ്ലിം സംവരണ നിഷേധവും ഹിജാബ് നിരോധനവും അടക്കമുള്ള സർക്കാറിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനം തുറന്നുകാട്ടാനാണ് മുസ്ലിം-മതേതര കൂട്ടായ്മകളുടെയും പാർട്ടികളുടെയും തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.