സംവരണ േക്വാട്ട: സമുദായങ്ങളുടെ ആവശ്യം ഏറ്റെടുത്ത് മന്ത്രിമാർ; യെദിയൂരപ്പ ത്രിശങ്കുവിൽ
text_fieldsബംഗളൂരു: സംസ്ഥാനത്തെ വിവിധ സമുദായ വിഭാഗങ്ങൾ സംവരണ േക്വാട്ട ഉയർത്തണമെന്നും സംവരണ പട്ടികയിൽ ഉൾപ്പെടുത്തണമെന്നുമുള്ള ആവശ്യം ശക്തമാക്കിയതോടെ മുമ്പെങ്ങുമില്ലാത്ത വിധം സമ്മർദത്തിലായി കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ. സമുദായങ്ങളുടെ സംവരണ േക്വാട്ട ആവശ്യത്തിന് പിന്നിൽ മന്ത്രിമാരും അണിനിരന്നതോടെ എന്തുചെയ്യണമെന്നറിയാതെ ത്രിശങ്കുവിലായിരിക്കുകയാണ് മുഖ്യമന്ത്രി.
ഒരു സമുദായത്തിന് അനുകൂലമായ നിലപാട് സ്വീകരിച്ചാൽ മറ്റു സമുദായങ്ങൾ ഇടയും. ഇത്തരത്തിൽ സമുദായങ്ങളിൽനിന്നും യെദിയൂരപ്പയെ ഒറ്റപ്പെടുത്തി അദ്ദേഹത്തിെൻറ കാലാവധി തീരുന്നതോടെ നേതൃസ്ഥാനത്തുനിന്ന് നീക്കാനുള്ള സമ്മർദമാണ് ഇതിനുപിന്നിലെന്ന അഭ്യൂഹവും ശക്തമാണ്. മന്ത്രിസഭയിൽതന്നെ മുഖ്യമന്ത്രിക്കെതിരെ വിമത ശബ്ദമുയർത്തുന്ന മന്ത്രിമാർ സമുദായങ്ങളുടെ സമരപരിപാടികളിൽ ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്.
ഇതും മുഖ്യമന്ത്രിയിൽ കടുത്ത സമ്മർദമുണ്ടാക്കുന്നു. എസ്.ടി േക്വാട്ടയിലുള്ള 3.5 ശതമാനത്തിെൻറ സംവരണം 7.5 ശതമാനമാക്കി ഉയർത്തണമെന്നാവശ്യപ്പെട്ട് വാല്മീകി സമുദായം ദാവൻഗരെയിൽ നടത്തിയ പദയാത്രയിൽ മന്ത്രിമാരായ രമേശ് ജാർക്കിഹോളി ബി. ശ്രീരാമുലു എന്നിവർ പങ്കെടുത്തിരുന്നു. കുറുബ സമുദായത്തെ എസ്.ടി പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള മുന്നേറ്റത്തിന് ഗ്രാമീണ വികസന മന്ത്രി കെ.എസ്. ഈശ്വരപ്പയാണ് നേതൃത്വം നൽകുന്നത്.
ഇതിനിടയിലാണ് യെദിയൂരപ്പക്ക് ഏറെ സ്വാധീനമുള്ള ലിംഗായത്ത് സമുദായത്തിൽനിന്നുള്ള ആവശ്യം ശക്തമാകുന്നത്. വീരശൈവ ലിംഗായത്ത് സമുദായത്തിലെ ഉപജാതിയായ പഞ്ചമശാലിക്ക് നിലവിലുള്ള 3 ബി സംവരണം 2 എ സംവരണമായി ഉയർത്തണമെന്ന ആവശ്യമാണ് ഇപ്പോൾ ശക്തമായിരിക്കുന്നത്.
ഈ ആവശ്യവുമായി മന്ത്രിമാരായ മുരുഗേഷ് നിരാനി, സി.സി. പാട്ടീൽ, മുഖ്യമന്ത്രിയുടെ കടുത്ത വിമർശകനായ ബസനഗൗഡ പാട്ടീൽ യത്നാൽ എം.എൽ.എ എന്നിവരാണ് രംഗത്തുള്ളത്. ലിംഗായത്ത് സമുദായത്തിലെ ബനജിഗ ഉപജാതിയിലാണ് യെദിയൂരപ്പ ഉൾപ്പെടുന്നത്. ലിംഗായത്ത് സമുദായത്തിലെ സംസ്ഥാനത്തെ ഏറ്റവും മുതിർന്ന നേതാവാണ് യെദിയൂരപ്പ.
ബനജിഗ വിഭാഗത്തിൽനിന്നുള്ള യെദിയൂരപ്പ പഞ്ചമശാലി വിഭാഗത്തിെൻറ ആവശ്യം അംഗീകരിച്ചാൽ ബനജിഗ ഉൾപ്പെടെയുള്ള മറ്റു ലിംഗായത്ത് ഉപവിഭാഗങ്ങളുടെ എതിർപ്പ് നേരിടേണ്ടിവരും. അംഗീകരിച്ചില്ലെങ്കിൽ പഞ്ചമശാലി വിഭാഗം യെദിയൂരപ്പക്കെതിരെ തിരിയും.
ഇത്തരത്തിൽ ലിംഗായത്ത് സമുദായത്തിൽനിന്നും യെദിയൂരപ്പയെ ഒറ്റപ്പെടുത്താനുള്ള നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് രാഷ്ട്രീയ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. നിലവിൽ യെദിയൂരപ്പയുടെ കസേരക്ക് ഭീഷണിയില്ലെങ്കിലും ഭാവിയിൽ ഇത്തരം പ്രശ്നം ശക്തമായാൽ അത് വെല്ലുവിളിയായി മാറും. ലിംഗായത്ത് സമുദായത്തിലെ 65 ശതമാനം പേരും പഞ്ചമശാലി ജാതിയിൽനിന്നുള്ളവരാണ്.
അതിനാൽതന്നെ ഇവരുടെ ആവശ്യം അംഗീകരിക്കാതെ മുന്നോട്ടുപോവുക എന്ന വെല്ലുവിളി യെദിയൂരപ്പ ഏറ്റെടുക്കുമോ അതോ പ്രശ്ന പരിഹാരം കാണുമോ എന്നാണ് കണ്ടറിയേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.